ജനീവ: വാക്സിൻ പരീക്ഷണം നടത്തിയ വ്യക്തിയിൽ അജ്ഞാത രോഗം കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി ലോകാരോഗ്യ സംഘടന. വാക്സിൻ പരീക്ഷണത്തിൽ ഉയർച്ചയും താഴ്ച്ചയും ഉണ്ടാകുമെന്നതിന്റെ മുന്നറിയിപ്പാണിതെന്നും ഇത് നേരിടാൻ എല്ലാവരും തയ്യാറാകണമെന്നും ലോകാരോഗ്യ സംഘടനയിലെ മുതിർന്ന ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥൻ പറഞ്ഞു. എന്നാൽ ഇത് വാക്സിൻ പരീക്ഷണം നടത്തുന്ന ഗവേഷകരെ നിരുൽസാഹപ്പെടുത്തരുതെന്നും അവർ പറഞ്ഞു.
ഓക്‌സ്ഫോഡ് സര്‍വകലാശാലയും അസ്ട്ര സെനകയും ചേര്‍ന്ന് വികസിപ്പിച്ച വാക്സിൻ പരീക്ഷിച്ച ഒരാളിൽ അജ്ഞാത രോഗം കണ്ടെത്തിയതിനെ തുടർന്ന് അമേരിക്ക, ഇന്ത്യയുൾപ്പെടെയുളള രാജ്യങ്ങൾ ഈ വാക്സിൻ പരീക്ഷണം നിറുത്തിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടന വിഷയത്തിൽ പ്രതികരിച്ചത്. 900,000ൽ ഏറെ പേരുടെ ജീവനെടുത്ത കൊവിഡിനെതിരായി വാക്സിൻ കണ്ടെത്താനാകാത്ത നിരാശയിലാണ് വിവിധ രാജ്യങ്ങളിലെ സർക്കാരുകൾ. കൊവിഡിനെതിരെ ഏറെ പ്രതീക്ഷ നൽകിയിരുന്ന വാക്സിനായിരുന്നു ഓക്‌സ്ഫോഡ് വികസിപ്പിച്ചു കൊണ്ടിരുന്നത്. അതേസമയം സുരക്ഷ ഉറപ്പുവരുത്തിയ ശേഷം വാക്സിൻ പരീക്ഷണം ആരംഭിക്കുമെന്ന് അസ്ട്ര സെനക അറിയിച്ചിട്ടുണ്ട്.