
ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 28,315,267 ആയി ഉയർന്നു. മരണസംഖ്യ ഒമ്പത് ലക്ഷം പിന്നിട്ടു. രോഗവ്യാപനത്തിലും മരണത്തിലും മുന്നിൽ നിൽക്കുന്ന അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ എന്നീ രാജ്യങ്ങളോടൊപ്പം യൂറോപ്പിലും, ദക്ഷിണ കൊറിയ അടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിലും രണ്ടാം ഘട്ട വ്യാപനം രൂക്ഷമായതും മരണസംഖ്യ കൂടാൻ കാരണമായി. 20,327,482 പേർ രോഗമുക്തി നേടി എന്നത് ആശ്വാസം നൽകുന്നു.
അമേരിക്കയിൽ തന്നെയാണ് ഇപ്പോഴും ഏറ്റവും കൂടുതൽ രോഗികളുള്ളത്. 6,587,788 പേർക്കാണ് യു.എസിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 196,291 ആയി.3,877,705 പേർ രോഗമുക്തി നേടി.
ഇന്ത്യയിൽ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ ദിവസം 95,737 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 44 ലക്ഷം പിന്നിട്ടു. ഇന്നലെ 1172 മരണം റിപ്പോർട്ട് ചെയ്തു. ആകെ കൊവിഡ് മരണം 75,000 കടന്നു. ആഗോളപട്ടികയിൽ രോഗികളുടെ എണ്ണത്തിൽ രണ്ടാംസ്ഥാനം ഇന്ത്യയ്ക്കാണ്. പ്രതിദിന രോഗനിരക്കിലാകട്ടെ ഒന്നാം സ്ഥാനവും.
കൊവിഡ് ബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള ബ്രസീലിൽ ഇതുവരെ 4,239,763 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 129,575 ആയി ഉയർന്നു. 3,497,337 പേർ രോഗമുക്തി നേടി.