തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിൽ കൊല്ലപ്പെട്ടവരുടെ സംഘത്തെയും, കൊലയാളി സംഘത്തെയും തമ്മില്‍ അടിപ്പിക്കാൻ മനപ്പൂർവം ആരോ ശ്രമിച്ചെന്ന് സൂചന. ആക്രമണം നടക്കുന്നതിന് മുമ്പ് തേമ്പാമൂട് ജംഗ്ഷനിൽ രണ്ടു തവണ വന്നു പോയ വ്യക്തിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
ആക്രമണത്തിന് പിന്നിൽ കൃത്യമായ ഗൂഡാലോചനയുണ്ടായെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കൊലയാളികളുടെയും, കൊല്ലപ്പെട്ടവരുടെയും കയ്യിൽ എങ്ങനെ ആയുധങ്ങള്‍ വന്നു എന്നതിനെ കുറിച്ചുളള അന്വേഷണത്തിനൊടുവിലാണ് ഇരുകൂട്ടര്‍ക്കുമിടയിലെ പക മുതലെടുക്കാൻ ആരോ ശ്രമിച്ചിരുന്നെന്ന നിഗമനത്തിൽ അന്വേഷണ സംഘമെത്തിയത്.
കൊല്ലപ്പെട്ട മിഥിലാജിന്റെയും ഹഖ് മുഹമ്മദിന്റെയും സംഘം ആക്രമിക്കാന്‍ വരുന്നുണ്ടെന്ന് പ്രതികളടങ്ങിയ സംഘത്തിനും, നേരെ തിരിച്ചും ഒരാള്‍ വിവരം അറിയിച്ചിരുന്നെന്നാണ് സൂചന. ഇതോടെയാണ് ഇരുകൂട്ടരും ആയുധങ്ങൾ കയ്യിൽ കരുതിയത്. ആക്രമണ സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നവരുടെയെല്ലാം ടെലിഫോണ്‍ രേഖകള്‍ വീണ്ടും വിശദമായി പരിശോധിക്കും.
മുഖ്യപ്രതികളായ അൻസാറിനെയും ഐ.എൻ.ടി.യു.സി നേതാവ് ഉണ്ണിയെയും ഇന്ന് കസ്റ്റഡിയിൽ വാങ്ങും. കുറ്റകൃത്യം ചെയ്തവരും രക്ഷപ്പെടാൻ സഹായിച്ചവരും ഉൾപ്പെടെ ഒമ്പത് പേരാണ് ഇതുവരെ അറസ്റ്റിലായത്.ഷജിത്, നജീബ്, അജിത്, സതിമോൻ, സജീവ്, സനൽ, പ്രീജ എന്നിവരെ ചോദ്യം ചെയ്യാൻ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്തിട്ടുണ്ട്. നെഞ്ചുവേദന അനുഭവപ്പെട്ട സനൽ ആശുപത്രിയിലാണ്. നാലുപേരുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും.