india-china

ലഡാക്ക്: അതിർത്തിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ അഞ്ച് കാര്യങ്ങളിൽ ഇന്ത്യയും ചൈനയും ധാരണയിലെത്തി. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യിയും നടത്തിയ ചർച്ചയിലാണ് ധാരണയിലെത്തിയത്.

ഇരു സേനകൾക്കുമിടയിൽ ഉചിതമായ അകലം പാലിക്കണം, സേന പിന്മാറ്റം വേഗത്തിൽ വേണം, സ്ഥിതി സങ്കീർണമാക്കുന്ന നടപടി പരസ്പരം ഒഴിവാക്കും, ഉഭയകക്ഷി കരാറുകൾ പാലിക്കും, പരസ്പര വിശ്വാസം ഉണ്ടാക്കാൻ ഇരു രാജ്യങ്ങളും നടപടിയെടുക്കും തുടങ്ങിയ കാര്യങ്ങളിലാണ് ഇരു രാജ്യങ്ങളും ധാരണയിലെത്തിയത്. മോസ്‌കോയിൽ ഷാങ്ഹായ് സഹകരണ സംഘടനയുടെ സമ്മേളനത്തിനിടെയാണ് ഇരു വിദേശകാര്യ മന്ത്രിമാരും ഇന്നലെ ചർച്ച നടത്തിയത്.

ചൈനയുടെ നടപടികളാണ് പ്രശ്നം വഷളാക്കിയതെന്ന് എസ് ജയശങ്കർ വാംഗ് യിയെ അറിയിച്ചു.ഇന്ത്യൻ സൈന്യം നിയന്ത്രണ രേഖ മറികടന്നുവെന്ന വാദം തെറ്റാണെന്നും എസ് ജയ്ശങ്കർ ചൈനീസ് വിദേശകാര്യമന്ത്രിയോട് വ്യക്തമാക്കി. പറഞ്ഞു. എന്നാൽ അതിർത്തിയിൽ ചൈനീസ് പ്രകോപനം ഉണ്ടായിട്ടില്ലെന്ന വാദം ചൈന ആവർത്തിച്ചു.

സേനാ പിന്മാറ്റത്തിനുള്ള ധാരണകൾ ലംഘിക്കരുതെന്നും ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടു. ഇരു നേതാക്കളും തമ്മിലുള്ള ചർച്ചകൾ രണ്ടര മണിക്കൂർ നീണ്ടു നിന്നു. അതിർത്തിയിൽ സംഘർഷം ഉടലെടുത്ത ശേഷം ഇരുവരും മുമ്പ് ഫോണിലൂടെ സംസാരിച്ചിരുന്നു.