കൊച്ചി: പന്തീരങ്കാവ് യു.എ.പി.എ കേസിൽ അലൻ ഷുഹൈബും താഹ ഫസലും ഇന്ന് ജയിൽ മോചിതരാകും. ഇവരുടെ ജാമ്യക്കാരായി രക്ഷിതാക്കളിൽ ഒരാളും അടുത്ത ബന്ധുവും കൊച്ചി എൻ.ഐ.എ കോടതിയിൽ ഹാജരാകും.
കർശന ഉപാധികളോടെയാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത്. പാസ്‌പോർട്ട് കെട്ടിവയ്‌ക്കണം, എല്ലാ മാസവും ആദ്യ ശനിയാഴ്ച പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണം, സി.പി.ഐ (മാവോയിസ്റ്റ്) സംഘടനയുമായി ബന്ധം പാടില്ല, മാതാപിതാക്കളിൽ ഒരാൾ ജാമ്യം നിൽക്കണം എന്നീ നിബന്ധനകൾക്ക് പുറമെ ഒരു ലക്ഷം രൂപയുടെ ബോണ്ടുമാണ് ജാമ്യം നൽകാൻ കോടതി വെച്ച നിബന്ധനകൾ.
2019 നവംബർ ഒന്നിനായിരുന്നു കോഴിക്കോട് പന്തീരാങ്കാവിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ മാവോയിസ്റ്റ് ലഘുലേഖയും ബാനറും കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. പിന്നീട് എൻ.ഐ.എ കേസ് ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രിൽ കേസിൽ കുറ്റപത്രവും സമർപ്പിച്ചു.