തിരുവനന്തപുരം: കള്ളപ്പണ, ബിനാമി, സ്വർണക്കടത്ത് ഇടപാടുകളുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ റിയൽ എസ്‌റ്റേറ്റ് ബന്ധങ്ങളെ കുറിച്ച് എൻഫോഴ്സ്‌മെന്റ് അന്വേഷണം വിപുലീകരിക്കുന്നു. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് ഇ.ഡി ചോദിച്ചെങ്കിലും റിയൽ എസ്‌റ്റേറ്റ് ബ്രോക്കറെന്ന നിലയിൽ ലഭിച്ച പണമാണിതെന്നാണ് ബിനീഷ് ഇ.ഡിയോട് പറഞ്ഞത്. എന്നാൽ ഇ.ഡി ഇത് മുഖവിലയ്ക്കെടുത്തിട്ടില്ല. റിയൽ എസ്‌റ്റേറ്റ് ബ്രോക്കറാണെന്ന കാര്യം സമ്മതിച്ചതിനാൽ ഇനി ഇതു സംബന്ധിച്ച കണക്കുകൾ ബിനീഷ് ബോധിപ്പിക്കേണ്ടി വരും.
ബിനീഷിന് നിരവധി ബിനാമി ഇടപാടുകൾ ഉണ്ടെന്നാണ് ഇ.ഡി ഉറച്ചുവിശ്വസിക്കുന്നത്. അതിലൊന്നു മാത്രമാണ് യു.എ.ഇ കോൺസുലേറ്റിൽ വിസ സ്‌റ്റാമ്പിംഗിന് കരാർ ലഭിച്ച യു.എ.എഫ്.എക്‌സ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡെന്ന് ഇ.ഡി പറയുന്നു. ഇതുകൂടാതെ ബി കാപ്പിറ്റൽ ഫിനാൻസ് സർവീസസ്, ബി.ഇ കാപ്പിറ്റൽ ഫോറെക്‌സ് ട്രേഡിംഗ്, ടോറസ് റെമഡീസ്, ബുൾസ് ഐ കോൺസെപ്‌റ്റ്സ് എന്നീ കമ്പനികളുമായി ബന്ധമുണ്ടെന്നും ഇ.ഡി കരുതുന്നു. അതേസമയം, യു.എ.എഫ്.എക്‌സ് എം.ഡിയുമായി സൗഹൃദമുണ്ടെന്ന് ബിനീഷ് ഇ.ഡിയോട് സമ്മതിച്ചു. ഇരുവർക്കും തലസ്ഥാനത്തെ ഒരു ഹോട്ടൽ ബിസിനസിൽ പങ്കാളിത്തമുള്ളതായും ഇ.ഡിക്ക് വിവരം ലഭിച്ചു. എം.ഡി തിരുവനന്തപുരത്ത് വരുമ്പോൾ അദ്ദേഹത്തിന്റെ കാർ ഉപയോഗിക്കാറുണ്ടെന്നും ബിനീഷ് മൊഴി നൽകി.
അവർ നിരീക്ഷണത്തിൽ
തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസന്വേഷണവുമായി ബന്ധപ്പെട്ട് ബിനീഷും രാഷ്ട്രീയ ബന്ധങ്ങളുള്ള മറ്റ് അഞ്ചുപേരും തുടക്കം മുതൽ തങ്ങളുടെ നിരീക്ഷണത്തിലാണെന്ന് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഇവരെ കുറിച്ചുള്ള കസ്റ്റംസിന്റെ നിഗമനങ്ങൾ വെറും അഭ്യൂഹങ്ങൾ മാത്രമായിരുന്നില്ല, മറിച്ച് പൂർണമായും വിശ്വസനീയമായ വിവരങ്ങളായിരുന്നു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അഞ്ച് രാഷ്ട്രീയക്കാർക്ക് ബന്ധമുണ്ടെന്നാണ് കസ്റ്റംസ് അന്വേഷണത്തിൽ തെളിയുന്നതത്രേ.
ബംഗളൂരു മയക്കുമരുന്ന് കേസിൽ അറസ്‌റ്റിലായ അനൂപ് മുഹമ്മദുമായി ബിനീഷിന് അടുത്ത ബന്ധമാണുള്ളത്. പലതവണയായി അനൂപിന് ആറ് ലക്ഷം രൂപാ വരെ ബിനീഷ് നൽകിയിരുന്നു. എന്നാൽ ഈ പണം ഇതുവരെ അനൂപ് മടക്കി നൽകിയതായി രേഖകൾ ഒന്നുമില്ല. അനൂപിന്, സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി കെ.ടി.റമീസുമായി ബന്ധമുള്ളതിനാൽ തന്നെ ആദ്യമേ ബിനീഷ് കസ്റ്റംസിന്റെ രഹസ്യനിരീക്ഷണത്തിലായിരുന്നു. അനൂപിന്റെ മയക്കുമരുന്ന് ബന്ധത്തെ കുറിച്ച് അറിയില്ലെന്ന് ബിനീഷ് പറയുമ്പോഴും അനൂപിന്റെ സ്ഥാപനങ്ങളിൽ ബിനീഷ് നിക്ഷേപം നടത്തിയത് സംശയത്തിന് ഇടയാക്കിയിരുന്നുവെന്നും കസ്റ്റംസ് പറയുന്നു.