മഴ കനത്തതോടെ ചൂടു തേടി പാമ്പ് വീട്ടിലെ കിടപ്പുമുറിയിലെത്തി. കുഞ്ഞിന്റെ കിടക്കയിൽ അമ്മ കണ്ടത് രണ്ട് മീറ്ററിലധികം നീളമുള്ള കൂറ്റൻ പെരുമ്പാമ്പിനെയാണ്.കിടക്കയിലുണ്ടായിരുന്ന ഇലക്ട്രിക് ബ്ലാങ്കറ്റിന്റെ ചൂടുപറ്റി സുഖമായി ഉറങ്ങുകയായിരുന്നു പാമ്പ്.ഓസ്‌ട്രേലിയയിലെ ക്വീൻസ്സൻഡിലാണ് സംഭവം.
ഉടൻ തന്നെ പാമ്പ് വിദഗ്ദ്ധരെ വിവരമറിയിക്കുകയായിരുന്നു. പെരുമ്പാമ്പിന്റെ വലിപ്പം കണ്ട് സ്ഥലത്തെത്തിയ പാമ്പ് പിടിത്തക്കാരൻ പോലും അമ്പരന്നു. തന്റെയടുത്ത് ആളുകൾ ഉണ്ടെന്ന് മനസിലായിട്ടും ചലിക്കാതെ കിടക്കയിൽ തന്നെ കിടക്കുകയാണ് പാമ്പ്.
ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒടുവിൽ പാമ്പ് പിടിത്തക്കാരൻ പെരുമ്പാമ്പിനെ പിടികൂടി ബാഗിലാക്കി കാടിനുള്ളിലേക്ക് തുറന്നുവിട്ടു. കുട്ടി മുറിയിൽ ഇല്ലാത്തതിനാൽ അപകടം ഒഴിവായി.
മഴ മൂലം ചൂട് തേടിയാകാം പാമ്പ് വീടിനുള്ളിലേക്ക് വന്നതെന്നാണ് പാമ്പ് വിദഗ്ദ്ധരുടെ നിഗമനം. കാലാവസ്ഥ മാറ്റം സംഭവിക്കുന്ന സമയത്ത് ഇണചേരാനായി പാമ്പുകൾ പുറത്തിറങ്ങാൻ സാദ്ധ്യത കൂടുതലാണെന്നും, ഈ സമയം അവ കൂടുതൽ അപകടകാരികളാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.