വാഷിംഗ്ടൺ: ഭീകരപ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നത് പാകിസ്ഥാൻ എന്നെന്നേക്കുമായി അവസാനിപ്പിക്കണമെന്ന ശക്തമായ ആവശ്യവുമായി ഇന്ത്യയുടെയും അമേരിക്കയുടെയും സംയുക്ത പ്രസ്താവന. പാകിസ്ഥാന്റെ നിയന്ത്രണത്തിലുളള ഒരു പ്രദേശവും തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നില്ലെന്ന് ആ രാജ്യം ഉറപ്പാക്കേണ്ടതുണ്ടെന്നും ഇതിനായി പാകിസ്ഥാൻ സത്വര നടപടി സ്വീകരിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെടുന്നുണ്ട്.
മുംബയ്, പത്താൻകോട് വ്യോമതാവളം എന്നിവിടങ്ങളിലെ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിലേക്ക് കൊണ്ടുവരാൻ പാകിസ്ഥാൻ തയ്യാറാവണമെന്നും ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടു. ഈമാസം 9,10 തീയതികളിൽ നടന്ന ഇന്ത്യ- യു എസ് കൗണ്ടർ ടെററിസം ജോയിന്റ് വർക്കിംഗ് ഗ്രൂപ്പിന്റെ പതിനേഴാമത് യോഗത്തിനുശേഷമാണ് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്.
അതിർത്തി കടന്നുളള ഭീകരപ്രവർത്തനങ്ങളെയും ഇരുരാജ്യങ്ങളും ശക്തമായി അപലപിച്ചു. ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയ്കുളള പിന്തുണ അമേരിക്ക ആവർത്തിക്കുകയും ചെയ്തു. ഭീകര സംഘങ്ങൾക്കുളള ധനസഹായം ലഭിക്കുന്നത് അവസാനിപ്പിക്കുന്നതിനെക്കുറിച്ചും ഭീകരപ്രവർത്തനം അവസാനിപ്പിച്ചവരെ പുനരധിവസിക്കുന്നതിനെക്കുറിച്ചും യോഗത്തിൽ ചർച്ചചെയ്തു. ഇന്ത്യൻ പ്രതിനിധി സംഘത്തിന് ജോയിന്റ് സെക്രട്ടറി മഹാവീർ സ്വിംഗിയും അമേരിക്കൻ സംഘത്തിന്കൗണ്ടർ ടെററിസം സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കോർഡിനേറ്റർ നാഥൻ സെയിൽസും നേതൃത്വം നൽകി.
ഭീകരപ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ തയ്യാറാവണമെന്ന് അമേരിക്ക പാകിസ്ഥാന് നേരത്തേയും താക്കീത് നൽകിയിരുന്നു.