ന്യൂഡൽഹി: രാജ്യത്തെ ജനസംഖ്യയുടെ 0.73 ശതമാനം പേർക്ക് കൊവിഡ് രോഗം വന്നുപോയതായി ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചിന്റെ സീറോ സർവേയിൽ കണ്ടെത്തൽ. മേയ് മാസത്തിൽ മാത്രം 64 ലക്ഷം പേർക്ക് രോഗം വന്നുപോയിരിക്കാമെന്നും ഐ.സി.എം.ആറിന്റെ റിപ്പോർട്ടിൽ പറയുന്നു. 21 സംസ്ഥാനങ്ങളിലെ 83 ജില്ലകളിലായി 28,000 പേരെയാണ് സർവേയിൽ ഉൾപ്പെടുത്തിയത്. രോഗം വന്നുപോയവരിൽ ഏറിയ പങ്കും 18-40നും ഇടയിൽ പ്രായമുള്ളവരാണ്.
മേയ്, ജൂൺ മാസങ്ങളിലാണ് കൊവിഡ് ഗ്രാമപ്രദേശങ്ങളിലേക്ക് വ്യാപിച്ചത്. സർവേയുടെ ഭാഗമായി അന്ന് പരിശോധിച്ച 157 പേരിൽ 109 പേരും ഗ്രാമങ്ങളിൽ നിന്നുള്ളവരായിരുന്നു. 48 പേർ മാത്രമാണ് നഗരവാസികളായിരുന്നത്. ഏപ്രിൽ, മേയ് മാസങ്ങളിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടും കൊവിഡ് തീവ്രതയോടെ വ്യാപിച്ചു എന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് റിപ്പോർട്ടിൽ ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.
കൊവിഡ് ബാധിതർ 45 ലക്ഷം കടന്നു
അതിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 45 ലക്ഷം കവിഞ്ഞു. പ്രതിദിന രോഗികളുടെ എണ്ണം അതിവേഗത്തിൽ ഒരു ലക്ഷത്തോട് അടുക്കുകയാണ്. ഇന്നലെ 96,551 പേർക്കാണ് പുതിയതായി രോഗം ബാധിച്ചത്. 1209 മരണങ്ങളും ഉണ്ടായതോടെ കൊവിഡ് ബാധിച്ചുള്ള ആകെ മരണം 75,000 കടന്നു. കൊവിഡിന്റെ ആഗോള പട്ടികയിൽ രോഗികളുടെ എണ്ണത്തിൽ ഇന്ത്യയാണ് രണ്ടാംസ്ഥാനം. പ്രതിദിന രോഗനിരക്കിലാകട്ടെ ഒന്നാം സ്ഥാനവും. അമേരിക്കയാണ് രോഗികളുടെ എണ്ണത്തിലും മരണത്തിലും ഒന്നാം സ്ഥാനത്ത്.
രോഗമുക്തർക്ക് വീണ്ടും രോഗം
അതേസമയം, ചെന്നൈയിലടക്കം കൊവിഡ് ഭേദമായി ആശുപത്രി വിട്ട പത്തിലധികം പേർക്ക് ദിവസങ്ങൾക്ക് ശേഷം വീണ്ടും രോഗം റിപ്പോർട്ട് ചെയ്തത് ആശങ്കപ്പെടുത്തുന്നു. തമിഴ്‌നാട്ടിലെ നാല് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിൽ നിന്ന് കൊവിഡ് നെഗറ്റീവായി വീട്ടിലെത്തിയ 10 പേരിലാണ് ആഴ്ചകൾക്ക് ശേഷം വീണ്ടും രോഗബാധ കണ്ടെത്തിയത്. ഇതുസംബന്ധിച്ച് വിശദമായ ജനിതക പഠനം വേണ്ടിവരുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. അമേരിക്കയിലും ഹോങ്കോംഗിലും നേരത്തെ ഇതുസംബന്ധിച്ച പഠനം നടത്തിയിരുന്നുവെന്നും ഒരിക്കൽ രോഗം ഭേദമായി വീണ്ടും റിപ്പോർട്ട് ചെയ്യുന്നവരിൽ മുമ്പത്തേതിൽ നിന്ന് വ്യത്യസ്തമായ ജനിതക ഘടനയുള്ള വൈറസാണ് കണ്ടെത്തിയതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. വൈറസിന്റെ ജനിതകഘടന വ്യത്യസ്തമാണെങ്കിൽ അവ രോഗമുക്തി നേടിയതിന് ശേഷം വീണ്ടും പകർന്നതാവാം. ഒരേ ഘടനയാണെങ്കിൽ മാറിയ രോഗം വീണ്ടും വന്നതാകാമെന്നുമാണ് നിഗമനം.