pocso-case-poojari

ചിറയിൻകീഴ്: മന്ത്രവാദ ചികിത്സയ്ക്കിടെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പൂജാരിയെ ചിറയിൻകീഴ് പൊലീസ് അറസ്റ്റുചെയ്തു. മുടപുരത്തിന് സമീപം ആസ്‌ട്രോ ജ്യോതിഷാലയം നടത്തുന്ന ശ്രീകുമാർ നമ്പൂതിരിയാണ് (48) പിടിയിലായത്. ഇയാൾ മുടപുരത്തുള്ള ക്ഷേത്രത്തിലാണ് ജോലി ചെയ്യുന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം.

രക്ഷിതാക്കളോടൊപ്പമെത്തിയ പെൺകുട്ടിയെ മന്ത്രവാദ ചികിത്സയ്ക്കിടെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. പെൺകുട്ടിയെ മന്ത്രവാദത്തിലൂടെ നേട്ടങ്ങളുണ്ടാകുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ക്ഷേത്രവളപ്പിലുള്ള പൂജാരിയുടെ മുറിയിൽ കയറ്റിയായിരുന്നു മന്ത്രവാദകർമങ്ങൾ ചെയ്തിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം പെൺകുട്ടി മുറിയിൽനിന്ന് ഇറങ്ങിയോടുകയും തുടർന്ന് ബന്ധുക്കളെ വിവരം അറിയിക്കുകയുമായിരുന്നു.

പെൺകുട്ടിയുടെ പരാതിയിലാണ് കേസെടുത്തത്. സംഭവശേഷം പ്രതി സ്വദേശമായ കണ്ണൂരിലേക്ക് പോകാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു. ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.വൈ സുരേഷിന്റെ നിർദ്ദേശപ്രകാരം ചിറയിൻകീഴ് എസ്.എച്ച്.ഒ രാഹുൽ രവീന്ദ്രൻ, എ.എസ്.ഐ ഹരി, സജീർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.