കോട്ടയം: കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ കയറി ബൈക്ക് മോഷ്‌ടിച്ച യുവാവ് നാടകീയമായി കുടുങ്ങി. ബൈക്കിന്റെ ഉടമ ഓടിച്ച ബസിനു പിന്നിൽ ബൈക്ക് ഇടിച്ചതോടെയാണ് ജോജി എന്ന യുവാവ് പിടിയിലായത്.
കോട്ടയം ഡിപ്പോയിലെ ഡ്രൈവർ ബിജു അനീസ് സേവ്യറിന്റെ ബൈക്കാണ് മോഷണം പോയത്. ഇതു സംബന്ധിച്ച് വെസ്റ്റ് പൊലീസിൽ പരാതി നൽകിയ ശേഷം ബിജു എറണാകുളം റൂട്ടിൽ സർവീസ് പോയി.
അഞ്ചരയോടെ ഉദയംപേരൂർ ഭാഗത്തു വച്ച് ബസിന്റെ പിന്നിൽ ഒരു ബൈക്ക് വന്നിടിച്ചു. അപകടം അറിഞ്ഞ് ബസ് നിറുത്തിയപ്പോഴാണ് പിന്നിലിടിച്ചത് തന്റെ ബൈക്കാണെന്ന് ബിജുവിന് മനസിലായത്. ഉടനെ യുവാവിനെ പിടികൂടി പൊലീസിലേൽപ്പിച്ചു. ഉദയംപേരൂർ പൊലീസ് അറിയിച്ചതനുസരിച്ച് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.ജെ അരുണിന്റെ നേതൃത്വത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്തു. വിശദമായി ചോദ്യം ചെയ്‌ത ശേഷം ഇന്ന് അറസ്റ്റ് രേഖപ്പെടുത്തും.