തിരുവനന്തപുരം: ഒരു മഴ പെയ്‌താൽ ചോർന്നൊലിക്കുന്ന, നല്ലൊരു മേൽക്കൂരയും ശുചിമുറിയുമില്ലാത്ത ഒടിഞ്ഞ ബെഞ്ചും ഡെസ്‌ക്കുമുള്ള സർക്കാർ വിദ്യാലയങ്ങൾ ഇനി സംസ്ഥാനത്ത് പഴങ്കഥ. സ്വകാര്യ സ്‌ക്കൂളുകളെ വെല്ലുന്ന കെട്ടും മട്ടുമുള്ള പൊതുവിദ്യാലയങ്ങൾ കേരളത്തിന് പുതിയ അനുഭവമാവുകയാണ്. സർക്കാർ സ്‌കൂളുകളിൽ കുട്ടികളെ വിടാൻ മടിച്ച രക്ഷകർത്താക്കൾ ഇനി ആ വഴി പോകാതിരിക്കില്ല. മറ്റൊരു സംസ്ഥാനങ്ങൾക്കും ചിന്തിക്കാൻ പോലും കഴിയാത്ത അടിസ്ഥാനസൗകര്യമാണ് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ കൈവരിക്കുന്നത്.
വിവിധ നിയോജകമണ്ഡലങ്ങളിലായി 34 പുതിയ സ്‌കൂൾ കെട്ടിടങ്ങളാണ് മുഖ്യമന്ത്രി കഴിഞ്ഞദിവസം ഉദ്‌ഘാടനം ചെയ്‌തത്. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നൂറുദിന കർമ്മപരിപാടിയിൽ വലിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. കോഴിക്കോട് എട്ട്, കണ്ണൂരിൽ അഞ്ച്, തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നിവിടങ്ങളിൽ നാല് വീതം സ്കൂളുകൾ ഇതിൽ ഉൾപ്പെടുന്നു. കോട്ടയത്തെ മൂന്ന് സ്‌കൂളുകളും മലപ്പുറം, ഇടുക്കി എന്നിവിടങ്ങളിൽ രണ്ട് വീതവും ആലപ്പുഴ, തൃശൂരിൽ ഒരു സ്‌കൂളിന്റെയും ഉദ്‌ഘാടനമാണ് മുഖ്യമന്ത്രി നടത്തിയത്.
കെട്ടിടങ്ങളിൽ ഹൈടെക് ക്ലാസ് മുറികൾ, അടുക്കള ബ്ലോക്കുകൾ, ഡൈനിംഗ് ഏരിയകൾ, ടോയ്‌ലറ്റ് ബ്ലോക്കുകൾ, സയൻസ്, കമ്പ്യൂട്ടർ ലബോറട്ടറികൾ തുടങ്ങി വിശാലമായ സൗകര്യങ്ങളാണുള്ളത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഒരു സർക്കാർ വിദ്യാലയത്തെപ്പറ്റി നമ്മുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്തത്ര കാര്യങ്ങളാണ് നാല് ചുമരുകൾക്കുള്ളിൽ പൊതുജനം ഇന്ന് അത്ഭുതത്തോടെയും കൗതുകത്തോടെയും കാണുന്നത്.
One of the major election promises of the LDF was the transformation of the Government schools. That promise has been kept. Investments in infrastructure & modernization have led the change. As a commons, these schools play an integral role in inclusive development. pic.twitter.com/KDszmKYYLW
— Pinarayi Vijayan (@vijayanpinarayi) September 9, 2020
കുറച്ച് ഹൈടെക്ക് സ്‌കൂളുകൾ നിർമ്മിച്ച് കാര്യങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ ഉദേശിക്കുന്നില്ല. എത്രത്തോളം വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം വർദ്ധിപ്പിക്കാൻ കഴിയുമോ അത്രത്തോളം വർദ്ധിപ്പിക്കുക എന്നാണ് സർക്കാർ നയം. സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി കേരളം 3,129 കോടി രൂപയാണ് നീക്കിവച്ചത്. വിവിധ നിയോജകമണ്ഡലങ്ങളിലായി 250 പുതിയ സ്കൂൾ കെട്ടിടങ്ങൾ നിർമ്മിക്കാൻ സംസ്ഥാനം പദ്ധതിയിടുന്നുണ്ട്.
കെ.ഐ.എഫ്.ബി (കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ്) വഴിയാണ് സർക്കാർ പണം ചെലവഴിക്കുന്നത്. 141 സ്കൂളുകൾക്ക് 5 കോടി രൂപയും 395 സ്കൂളുകൾക്ക് 3 കോടി രൂപയും 446 സ്കൂളുകൾക്ക് ഒരു കോടി രൂപയും സർക്കാർ നീക്കിവച്ചിട്ടുണ്ട്. സ്കൂളുകളെ മികവിന്റെ കേന്ദ്രമാക്കി മാറ്റാൻ മൊത്തം 2,336 കോടി രൂപയാണ് ഉപയോഗിക്കുന്നത്. പൊതുവിദ്യാഭ്യാസ മേഖലയിലെ ഹൈടെക് ക്ലാസ് മുറികൾക്കായി 793 കോടി രൂപയും സംസ്ഥാനം ചെലവഴിക്കുന്നു.
അക്കാദമിക മികവിനായി വ്യത്യസ്തങ്ങളായ പദ്ധതികളാണ് കേരളം നടപ്പാക്കിയതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്. ലാഭകരമല്ലെന്ന പേരിൽ അടച്ചുപൂട്ടുകയല്ല, അടച്ചുപൂട്ടാൻ തീരുമാനിച്ചവ ഏറ്റെടുത്ത് മികവിന്റെ കേന്ദ്രമായി മാറ്റുകയെന്ന നയമാണ് നാല് വർഷമായി സർക്കാർ പിന്തുടരുന്നത്. നമ്മുടെ പൊതുവിദ്യാഭ്യാസ മേഖല കൂടുതൽ ശക്തിപ്പെടുത്തുകയാണ് സർക്കാർ നയമെന്നും മുഖ്യമന്ത്രി പറയുന്നു.
അതേസമയം സ്‌കൂളുകളുടെ അടിസ്ഥാനസൗകര്യ വികസനവുമായി ബന്ധപ്പെട്ട് തെറ്റായ വാർത്തകളും സമൂഹ മാദ്ധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്. എല്ലാ സ്കൂളുകളും വടക്കൻ കേരളത്തിലോ മലബാർ മേഖലയിലോ നിർമ്മിക്കുന്നുവെന്നതാണ് വ്യാജ വാർത്ത. എന്നാൽ ഇത് ശരിയല്ലെന്ന് സർക്കാർ വൃത്തങ്ങൾ തന്നെ വ്യക്തമാക്കുന്നു. ബാലരാമപുരം മുതൽ ചേളക്കര വരെ സംസ്ഥാനത്തിന് അഭിമാനമായി സ്‌കൂളുകൾ ഉയർന്നുപൊങ്ങുകയാണ്.