kangana

ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ വിവാദ പരാമർശത്തിന് പിന്നാലെ താരത്തിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഇതിന് പിന്നാലെ കങ്കണയ്ക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഏർപ്പെടുത്തിയിരുന്നു. ഇതോടെ സി.ആർ.പി.എഫ് സംരക്ഷണം നേടുന്ന ആദ്യത്തെ ബോളിവുഡ് താരമായി കങ്കണ മാറി. നടൻ അമിതാഭ് ബച്ചന് മുംബയ് പൊലീസ് സുരക്ഷ ഒരുക്കുന്നുണ്ട്. മറ്റ് താരങ്ങൾക്ക് സ്വകാര്യ സുരക്ഷയാണ്.


35 ലധികം ചിത്രങ്ങളിൽ അഭിനയിച്ച ഒരു നടിയ്ക്കാണ് വളരെ ചുരുക്കം വി.വി.ഐ.പികൾക്ക് കിട്ടുന്ന സുരക്ഷ കിട്ടിക്കൊണ്ടിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ശരദ് ബോബ്‌ഡെ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ആർ.എസ്.എസ് മേധാവി മോഹൻ ഭഗവത്, ബി.ജെ.പി എംപി സുബ്രഹ്മണ്യൻ സ്വാമി എന്നിവരുൾപ്പെടുന്ന പട്ടികയിലാണ് നടി ഇടം നേടിയിരിക്കുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം സെപ്തംബർ 7 നാണ് കങ്കണയ്ക്ക് 'വൈ' കാറ്റഗറി സുരക്ഷ നൽകിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.നടിയ്ക്ക് സി.ആർ.പിഎഫ് സുരക്ഷ നൽകാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തെ ശിവസേന മുഖപത്രമായ സാംന വിമർശിച്ചു. മുംബയ്ക്കെതിരെ വളരെ മോശമായ പരാമർശം നടിയുടെ ഭാഗത്തുനിന്നുണ്ടായതായി ശിവസേന ആരോപിച്ചു.


കനത്ത സുരക്ഷയ്ക്കിടയിലാണ് 35 കാരിയായ കങ്കണ റണാവത്തിന്റെ ബാന്ദ്രയിലുളള വീടിനോട് ചേർന്നുളള കെട്ടിടം മുംബയ് കോർപറേഷൻ പൊളിച്ച് നീക്കിയത്. നടപടിക്കെതിരെ ശക്തമായ പ്രതികരണവുമായി നടി രംഗത്തെത്തിയിരുന്നു. 'ഉദ്ധവ്..എന്റെ വീട് പൊഴിച്ചുമാ‌റ്റിയതിലൂടെ എന്നോട് വലിയ പ്രതികാരം ചെയ്‌തു എന്നാണോ ഭാവം!!. ഇന്ന് എന്റെ വീട് തകർന്നു. നാളെ നിങ്ങളുടെ അഹങ്കാരം തകരും. ഇത് കാലചക്രമാണ്. സമയം ഒരിക്കലും ഒരുപോലെ നിൽക്കില്ല എന്ന് ഓർത്തിരിക്കണം.' കങ്കണ വീഡിയോയിലൂടെ പ്രതികരിച്ചിരുന്നു.

അതേസമയം, സി.ആർ.പി.എഫിന്റെ വൈ കാറ്റഗറി സുരക്ഷയുടെ ഭാഗമായി കങ്കണയുടെ വീട്ടിൽ എപ്പോഴും സുരക്ഷ ഉദ്യോഗസ്ഥർ ഉണ്ടായിരിക്കും. നടി പോകുന്ന സ്ഥലങ്ങളിലുൾപ്പെടെ മുൻകൂട്ടി എല്ലാവിധ സുരക്ഷയും അവർ ഒരുക്കുന്നു. സാധാരണഗതിയിൽ, വി.ഐ.പികൾക്ക് സുരക്ഷാ പരിരക്ഷ നൽകുന്നതിന് കേന്ദ്ര- സംസ്ഥാന സർക്കാർ പണം നൽകുന്നു. ഉദ്യോഗസ്ഥരുടെ ശമ്പളം, താമസം, യാത്ര, ഭക്ഷണം എന്നിവയ്ക്കാണ് ചെലവുകൾ. 26,000 കോടി രൂപയുടെ വാർഷിക ബജറ്റോടെ, സി.ആർ.പി.എഫ് വി.ഐ.പി സുരക്ഷയ്ക്കായി 7.5 ശതമാനം സേനയെ വിന്യസിക്കുന്നു. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെപ്പോലെ കങ്കണ തന്റെ സുരക്ഷാ പരിരക്ഷയ്ക്ക് പണം നൽകുമോ എന്ന് വ്യക്തമല്ല. ഇസഡ് കാറ്റഗറി സെക്യൂരിറ്റി കവറിനായി അംബാനി പ്രതിമാസം 15 ലക്ഷം രൂപ സർക്കാരിന് നൽകുന്നു.