കൊല്ലം: കൊവിഡ് രോഗവ്യാപനം തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്ന ശാസ്താംകോട്ട, ഇളമ്പള്ളൂർ, വെള്ളിമൺ മേഖലകളിലെ കോളനികളിൽ നിരീക്ഷണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം. ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ ഗൂഗിൾ മീറ്റ് വഴി ചേർന്ന അവലോകനയോഗത്തിൽ മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മയാണ് ഇതിനുള്ള നിർദ്ദേശം വച്ചത്. രോഗികൾ കൂടിവരുന്ന സാഹചര്യത്തിൽ പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിൽ ഐ .സി .യു കിടക്കകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. തുടക്കം മുതൽ കൃത്യമായി കണ്ടെൻ ചെയ്ത പ്രദേശങ്ങളിൽ ഇപ്പോൾ പോസിറ്റീവ് കേസുകൾ ക്രമാതീതമായി കുറഞ്ഞെന്നും പ്രാദേശിക സമ്പർക്കത്തെക്കാൾ വീടുകൾ കേന്ദ്രീകരിച്ചുള്ള സമ്പർക്ക കേസുകളാണ് കൂടുതലെന്നും ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ പറഞ്ഞു. നിലവിൽ കൊല്ലം കോർപ്പറേഷൻ, കരുനാഗപ്പള്ളി, പെരിനാട്, പേരയം, ശൂരനാട് മേഖലകളിൽ നിന്നാണ് കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കൊല്ലം താലൂക്കിലെ രോഗികൾ കുറവുള്ള കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിൽ നിന്ന് കിടക്കകൾ മാറ്റി ജില്ലാ ആശുപതിക്ക് സമീപം ഏറ്റെടുത്ത കെട്ടിടത്തിൽ സെക്കൻഡ് ലൈൻ ചികിത്സാ കേന്ദ്രം ആരംഭിക്കാൻ യോഗത്തിൽ തീരുമാനമായി. പരാതിക്കിടവരാത്ത വിധം ടെലിമെഡിസിൻ അടക്കമുള്ള സൗകര്യങ്ങൾ ഉറപ്പുവരുത്തി ഗൃഹചികിത്സയെ പ്രോത്സാഹിപ്പിക്കും. കുട്ടികളും മുതിർന്ന പൗരൻമാരും ഒഴികെയുളളവർക്ക് മതിയായ സൗകര്യങ്ങൾ വീടുകളിൽ ഉറപ്പാക്കിയാണ് ഗൃഹചികിത്സ അനുവദിക്കുന്നത്. കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിൽ പഞ്ചായത്തുകൾ മുഖേന ശുചീകരണത്തൊഴിലാളികളെ നിയമിക്കാനും യോഗം തീരുമാനിച്ചു. വെള്ളിമൺ കോളനിയിൽ സമ്പർക്കപ്പട്ടികയിൽപ്പെട്ടവർക്ക് ആരോഗ്യവകുപ്പിന്റെ മൊബൈൽ വാഹനം ഉപയോഗിച്ചുള്ള കൊവിഡ് പരിശോധനകൾ ഇന്ന് നടക്കും.
കൊല്ലം കളക്ടർ വീണ്ടും സ്വയം നിരീക്ഷണത്തിൽ
കൊല്ലം: ഔദ്യോഗിക വസതിയിലെ പാചകക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനാൽ ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ സ്വയം നിരീക്ഷണത്തിൽ പോയി. ആന്റിജൻ ടെസ്റ്റിൽ കൊവിഡ് നെഗറ്റീവാണെങ്കിലും അദ്ദേഹം നിരീക്ഷണത്തിൽ തുടരുകയാണ്. പി.സി.ആർ ടെസ്റ്റ് ഫലം വരുന്നതുവരെ ഇത് തുടരും. ഇത് രണ്ടാം തവണയാണ് കളക്ടർ സ്വയം നിരീക്ഷണത്തിൽ പോകുന്നത്. കൊവിഡ് രോഗിയുമായി പ്രാഥമിക സമ്പർക്കത്തിലേർപ്പെട്ട വ്യക്തി കളക്ടറുടെ ഓഫീസിലെത്തിയതിനെ തുടർന്നാണ് ആദ്യം നിരീക്ഷണത്തിൽ പോയത്. അയാളുടെ കൊവിഡ് ഫലം നെഗറ്റീവ് ആയതിനാൽ കളക്ടർ നിരീക്ഷണം അവസാനിപ്പിച്ച് തിരികെ ഓഫീസിലെത്തിയിരുന്നു. നിരീക്ഷണത്തിലാണെങ്കിലും ഔദ്യോഗിക കൃത്യനിർവഹണത്തിൽ തടസങ്ങൾ ഉണ്ടാകാത്ത വിധം ക്രമീകരണങ്ങൾ വരുത്തിയിട്ടുണ്ട്. താമസ സ്ഥലത്ത് മറ്റുള്ളവർക്ക് പ്രവേശനം ഇല്ലാത്തവിധം ഓഫീസ് പ്രവർത്തിക്കും.
കൊവിഡ് : മാനദണ്ഡങ്ങൾ ലംഘിച്ചവർക്കെതിരെ കേസ്
കൊല്ലം: കൊവിഡ് വ്യാപനം കൂടിവരുമ്പോഴും മാനദണ്ഡങ്ങൾ പാലിക്കാതെ തുറന്ന് പ്രവർത്തിച്ച ആറ് വ്യാപാര സ്ഥാപനങ്ങൾക്കെതിരെ പൊലീസ് നടപടി. ശുചീകരണ സംവിധാനങ്ങൾ ഒരുക്കാതെയും സാമൂഹിക അകലം പാലിക്കാതെയും പ്രവർത്തിച്ച സ്ഥാപനങ്ങൾക്കെതിരെയാണ് നടപടിയെടുത്തത്. വ്യാപാര ശാലകൾ, കമ്പോളങ്ങൾ എന്നിവ കേന്ദ്രീകരിച്ച് കർശന പരിശോധന തുടരാൻ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് ജില്ലാ പൊലീസ് മേധാവിമാർ നിർദേശം നൽകി. മാസ്ക് ധരിക്കാതെ പൊതു ഇടങ്ങളിൽ യാത്ര നടത്തിയ 351 പേർക്കെതിരെ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസെടുത്ത് പിഴ ഈടാക്കി. കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനം കണ്ടെത്താൻ നടത്തിയ പരിശോധനയിൽ 200 കേസുകൾ രജിസ്റ്റർ ചെയ്ത് 205 പേർക്കെതിരെ നടപടിയെടുത്തു. ഇവരിൽ നിന്ന് പകർച്ചവ്യാധി ഓർഡിനൻസിന്റെ അടിസ്ഥാനത്തിൽ പിഴ ഈടാക്കി. പൊലീസിന്റെ വാഹന പരിശോധനയിൽ നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ട 10 വാഹനങ്ങൾ പിടിച്ചെടുത്തു. ഉടമകൾക്കെതിരെ നിയമ നടപടിയുണ്ടാകും.