മെഗാഹിറ്റായ ദൃശ്യത്തിന്റെ തുടർച്ചയായി ഒരുക്കുന്ന ദൃശ്യം 2 ന്റെ വിശേഷങ്ങൾ സംവിധായകൻ
ജീത്തു ജോസഫ് പറയുന്നു
2013 ലെ ക്രിസ്മസ് റിലീസ് ആയി ഒരു മോഹൻലാൽ ചിത്രം എത്തി. 'മെമ്മറീസ് " എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം. ട്രെയിലർ കണ്ട പ്രേക്ഷകർ മോഹൻലാലും മീനയും ഒന്നിക്കുന്ന ഒരു കുടുംബ ചിത്രം ആയിരിക്കും 'ദൃശ്യം"എന്ന് കരുതി. അതുകൊണ്ട് തന്നെ ഒരു തണുപ്പൻ മട്ടിലാണ് ചിത്രത്തിന്റെ ആദ്യ ഷോ ആരംഭിച്ചത് തന്നെ. എന്നാൽ ആദ്യ ഷോ കണ്ടിറങ്ങിയ പ്രേക്ഷകരുടെ മുഖത്ത് കണ്ടത് അവർ പ്രതീക്ഷിക്കാത്ത ഒന്ന് തിയേറ്ററിൽ നിന്ന് ലഭിച്ച ആവേശവും സന്തോഷവും. കുടുംബസമേതം സിനിമ കാണാൻ എത്തിയവർക്ക് ലഭിച്ചത് ഇതുവരെ കാണാത്ത ഒരു ഫാമിലി ത്രില്ലർ . അവിടെ തുടങ്ങിയതാണ് 'ദൃശ്യം" എന്ന സിനിമയുടെ ജൈത്രയാത്ര. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഇന്ത്യൻ ഭാഷകളിലും സിംഹളീസ് , ചൈനീസ് ഭാഷകളിലും റീമേക്ക് ചെയ്തു. ബോക്സോഫീസിൽ നിന്ന് 50 കോടിക്ക് മുകളിൽ കളക്ട് ചെയ്ത ആദ്യ മലയാള സിനിമയായി മാറി. 2016ൽ 'പുലിമുരുകൻ" റിലീസാകുന്ന വരെ മലയാള സിനിമയുടെ ഇൻഡസ്ട്രി ഹിറ്റ് ആയിരുന്നു ആശിർവാദ് സിനിമാസിന്റെ ബാനറിൽ ഒരുങ്ങിയ 'ദൃശ്യം". ഏഴ് വർഷങ്ങൾക്ക് ശേഷം ജോർജ് കുട്ടിയും കുടുംബവും വീണ്ടും വെള്ളിത്തിരയിലെത്താൻ ഒരുങ്ങുകയാണ്. പ്രിയ താരം മോഹൻലാലിന്റെ പിറന്നാൾ ദിനമായ മേയ് 21നാണ് 'ദൃശ്യ"ത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു എന്നുള്ള പ്രഖ്യാപനം വന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങളിൽ നിന്ന് ആദ്യമായി ചിത്രീകരണം ആരംഭിക്കുന്ന മോഹൻലാൽ സിനിമയാകും 'ദൃശ്യം 2".
എന്താണ് 'ദൃശ്യം 2" ? എങ്ങനെ 'ദൃശ്യം 2'ലേക്ക് എത്തി ? ഈ സാഹചര്യത്തിൽ സിനിമയുടെ ചിത്രീകരണവും മറ്റും എങ്ങനെയായിരിക്കും? ഇത് ആദ്യമായി ദൃശ്യം രണ്ടിന്റെ വിശേഷങ്ങൾ സംവിധായകൻ ജീത്തു ജോസഫ് കേരള കൗമുദി ഫ്ളാഷ് മൂവിസിനോട് സംസാരിച്ചു.
എന്തായിരിക്കും 'ദൃശ്യം 2' ?
ജോർജ് കുട്ടിയുടെയും കുടുംബത്തിന്റെയും കഥ തന്നെയാണ് 'ദൃശ്യം 2". വലിയൊരു കേസിൽ നിന്ന് മുക്തരായ ശേഷം ജോർജ് കുട്ടിയുടെയും കുടുംബത്തിന്റെയും ഇപ്പോഴത്തെ അവസ്ഥ അത്ര സുഖകരമാകില്ല. അതായിരിക്കും സിനിമയുടെ പ്രമേയം. പൂർണമായും കുടുംബ ചിത്രമായിരിക്കും. അല്ലാതെ പുതിയ കൊലപാതകവും മറ്റുമൊന്നുമുണ്ടാകില്ല. 'ദൃശ്യ"ത്തിലെ ചില കഥാപാത്രങ്ങളും പുതിയ കഥാപാത്രങ്ങളും രണ്ടാം ഭാഗത്തിൽ ഉണ്ടാകും.
'ദൃശ്യം 2' ഒരു ത്രില്ലർ ആയിരിക്കുമോ ?
'ദൃശ്യം 2" ഒരു ത്രില്ലർ ആകുമോ എന്ന് അറിയില്ല. 'ദൃശ്യം" ഒരുക്കിയത് തന്നെ ഒരു ഫാമിലി ഡ്രാമയായാണ് . പിന്നീട് അത് ഫാമിലി ത്രില്ലർ ആയി മാറുകയും വലിയ വിജയം നേടുകയും ചെയ്തു. 'ദൃശ്യം 2" ഒരു നല്ല സിനിമ ആയിരിക്കും എന്ന ആത്മവിശ്വാസമുണ്ട്. 'ദൃശ്യം 2"ഒരു നല്ല സിനിമ ആയിരിക്കും എന്ന് ഉറപ്പുണ്ട്. എന്നാൽ അത് എത്രമാത്രം തിയേറ്ററുകളിൽ ഓടും എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല. 'ദൃശ്യ"വും 'മെമ്മറീസും" എല്ലാം അങ്ങനെ തന്നെ ആയിരുന്നു. ഒരു രണ്ടാം ഭാഗം ചെയ്യാൻ വേണ്ടി മാത്രം ചെയ്യുന്ന സിനിമ അല്ല 'ദൃശ്യം 2". മൂന്ന് നാല് വർഷമായി ഇങ്ങനെ ഒരു സിനിമ ചെയ്യാനുള്ള സാധ്യത ഉണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടായിരുന്നു. ഒരു സാധ്യത വന്നു. അങ്ങനെ എഴുതി. പ്രേക്ഷകർക്ക് പ്രതീക്ഷയുണ്ടെന്ന് അറിയാം. അതിനു വേണ്ടി നമുക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാൻ കഴിയില്ല.
തിരക്കഥ വായിച്ചപ്പോൾ മോഹൻലാൽ എന്ത് പറഞ്ഞു ?
ലാലേട്ടന് തിരക്കഥ നന്നായി ഇഷ്ടപ്പെട്ടു. ശരിക്കും ലാലേട്ടനോടും ആന്റണി പെരുമ്പാവൂരിനോടും ഞാൻ ആദ്യമേ പറഞ്ഞത്, എഴുതുന്ന ഫസ്റ്റ് ഡ്രാഫ്ടിൽ പൂർണ സംതൃപ്തി ലഭിച്ചാൽ മാത്രമേ അതിൽ നിന്ന് തിരക്കഥയിലേക്ക് മാറുകയുള്ളൂ എന്നാണ്. ഫസ്റ്റ് ഡ്രാഫ്ട് കഴിഞ്ഞപ്പോൾ എനിക്ക് അതിൽ സംതൃപ്തി തോന്നി. പിന്നീട് തിരക്കഥ പൂർത്തിയാക്കി ലാലേട്ടനും ആന്റണിക്കും അയച്ചു കൊടുത്തു. മുഴുവൻ വായിച്ചപ്പോൾ അവർക്ക് രണ്ടു പേർക്കും അത് ഇഷ്ടപ്പെട്ടു. സിനിമ അനൗൺസ് ചെയ്യുന്നതിന് ഒരാഴ്ച മുൻപാണ് ഇരുവരും തിരക്കഥ വായിക്കുന്നത്.
'ദൃശ്യം 2' ന്റെ ഷൂട്ട് എന്ന് ആരംഭിക്കാനാണ് പദ്ധതി ?
ആഗസ്റ്റ് 17ന് ഷൂട്ട് തുടങ്ങാനാണ് ഞങ്ങൾ ആദ്യം പ്ലാൻ ചെയ്തിരുന്നത്. അതിനായി ലഭിക്കേണ്ട അനുമതികൾക്കു വേണ്ടിയാണ് ഞങ്ങൾ കാത്തിരുന്നത്. എന്നാൽ സ്ഥിഗതികൾ ഓരോ ദിവസവും മാറി മറിയുകയാണ്. പ്രീ പ്രൊഡക്ഷൻ ജോലികൾ എല്ലാം അവസാനഘട്ടത്തിലാണ്. ലൊക്കേഷനുകൾ എല്ലാം കണ്ടു കഴിഞ്ഞു. പാട്ടുകളുടെ ജോലികൾ നടക്കുന്നുണ്ട്. കേരളത്തിൽ മാത്രമായിരിക്കും ലൊക്കേഷൻ. ചാർട്ടിംഗ് പൂർത്തിയായി കഴിഞ്ഞു. വളരെ കുറച്ചു ദിവസത്തിനുള്ളിൽ പ്രീ പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കി ഷൂട്ട് തുടങ്ങാൻ ഞങ്ങൾ റെഡിയായിരിക്കും.
കൊവിഡ് കാലത്ത് എങ്ങനെ ആയിരിക്കുംസിനിമയുടെ ചിത്രീകരണം എന്ന് തീരുമാനിച്ചോ ?
സർക്കാർ നിർദേശം അനുസരിച്ചും അതിനൊപ്പം ചില നിഷ്കർഷകളും പാലിച്ച് തന്നെ ആയിരിക്കും ചിത്രീകരണം നടത്തുക. പഴയത് പോലെ 100 - 120 പേർ ഒന്നും സെറ്റിൽ ഉണ്ടാകില്ല. സെറ്റിലെ എല്ലാവരെയും സസൂക്ഷ്മം നിരീക്ഷിക്കും. സെറ്റിൽ വന്നു കഴിഞ്ഞാൽ ഷൂട്ട് കഴിയുന്നത് വരെ നമ്മുടെ അനുവാദം ഇല്ലാതെ താമസിക്കുന്ന ഹോട്ടലിനു പുറത്തു പോലും പോകാൻ പാടില്ല. അതിനൊപ്പം സെറ്റിൽ സാമൂഹിക അകലം പാലിക്കുക എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കും. മുമ്പത്തേത് പോലെ വളരെ വേഗത്തിൽ സിനിമ ഷൂട്ട് ചെയ്യാൻ കഴിയും എന്ന് എനിക്ക് തോന്നുന്നില്ല. ഫ്ലെക്സിബിൾ ആയാണ് ഞങ്ങൾ ഷൂട്ട് പ്ലാൻ ചെയ്തിരിക്കുന്നത്. 60 ദിവസത്തെ ഷൂട്ട് ആണ് ഇപ്പോൾ പ്ലാൻ ചെയ്തിരിക്കുന്നത്. കൊവിഡ് ഇല്ലായിരുന്നുവെങ്കിൽ 50 ദിവസം കൊണ്ട് പൂർത്തിയാവുമായിരുന്നു. ഇങ്ങനെ ഒരു അവസ്ഥയിൽ ഞങ്ങൾ ആരും ഷൂട്ടിംഗ് ചെയ്തിട്ടില്ല.
ഷൂട്ടിലേക്ക് ഇറങ്ങിക്കഴിഞ്ഞാൽ മാത്രമേ നമുക്ക് അതിനെക്കുറിച്ച് പൂർണമായും പറയാൻ സാധിക്കുകയുള്ളൂ, അതിനനുസരിച്ച് ഞങ്ങൾ ബാക്കി ഷൂട്ട് ചെയ്യും.
'ദൃശ്യം 2" തിയേറ്റർ റിലീസോ ഒ.ടി.ടി പ്ലാറ്റ്ഫോമോ ഏതാണ് ലക്ഷ്യമിടുന്നത് ?
അത് നിർമ്മാതാവിന്റെ ഭാഗത്ത് നിന്ന് പറയേണ്ട കാര്യങ്ങളാണ്. തിയേറ്ററിൽ റിലീസ് ചെയ്യാൻ വേണ്ടി തന്നെയാണ് ഷൂട്ട് ചെയ്യുന്നത്. ഒ.ടി.ടി റിലീസിനെ പറ്റി ഇതുവരെ ഒന്നും സംസാരിച്ചിട്ടില്ല.