ഹൂഗ്ളി: പശ്ചിമബംഗാൾ സംസ്ഥാനത്തിൽ കൊവിഡ് രോഗകാലം കഴിഞ്ഞതായി പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ദിലീപ് ഘോഷ്.ഹൂഗ്ളിയിൽ നടന്ന വലിയ പൊതുയോഗത്തിൽ എത്തിച്ചേർന്ന അണികളോടാണ് ദിലീപ് ഘോഷ് ഇങ്ങനെ പ്രഖ്യാപിച്ചത്. രാജ്യത്ത് റെക്കോർഡ് ഉയരത്തിൽ പ്രതിദിന കൊവിഡ് കേസുകൾ എത്തിയ ദിനം തന്നെയാണ് ദിലീപ് ഘോഷ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. മമതയുടെ അണികൾക്ക് ഈ വലിയ ജനക്കൂട്ടം കണ്ടാൽ അസ്വസ്ഥത ഉണ്ടാകാം. കൊവിഡിനെ ഭയന്നല്ല ബിജെപിയെ ഭയന്ന്. കൊറോണക്കാലം കഴിഞ്ഞു. മമത സംസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിക്കാറുണ്ട്. അതിനാൽ ബിജെപിക്ക് യോഗങ്ങളോ റാലികളോ സംഘടിപ്പിക്കാനാവുന്നില്ല. ഘോഷ് യോഗത്തിൽ അഭിപ്രായപ്പെട്ടു.
പക്ഷെ ബിജെപി പ്രവർത്തകർ എവിടെ ഒത്തുചേർന്നാലും അവിടെ റാലിയായി മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
#Corona চলে গেছে!
দিদিমণি শুধু শুধু ঢং করছেন, lockdown করছেন যাতে BJP মিটিং মিছিল না করতে পারে!
Corona is Gone! Didi is uselessly imposing lockdown so that BJP cannot hold meetings and rallies: Dilip Ghosh pic.twitter.com/E20mcfph29— Indrajit Kundu | ইন্দ্রজিৎ - কলকাতা (@iindrojit) September 10, 2020
ബംഗാളിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംഘടിപ്പിച്ച യോഗത്തിലാണ് ദിലീപ് ഘോഷ് ഇങ്ങനെ പ്രസംഗിച്ചത്. ബംഗാളിൽ 24 മണിക്കൂറിനിടെ 3112 പൊസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. കുറച്ച് നാളുകളായി പ്രതിദിനം മൂവായിരം കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. യോഗം നടന്ന ഹൂഗ്ളിയിൽ 9293 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.158 മരണവും റിപ്പോർട്ട് ചെയ്തു. ദിലീപ് ഘോഷിനൊപ്പം ജൂലായ് മാസത്തിൽ കൊവിഡ് ബാധിച്ച സ്ഥലം എം.പി ലോക്കറ്റ് ചാറ്റർജിയും പങ്കെടുത്തു.
ദിലീപ് ഘോഷിന്റെ അഭിപ്രായങ്ങളോട് ശക്തമായ ഭാഷയിലാണ് തൃണമൂൽ നേതാക്കൾ പ്രതികരിച്ചത്. രാജ്യത്തെ ആഭ്യന്തര മന്ത്രിയായ അമിത് ഷായ്‌ക്ക് കൊവിഡ് ബാധിച്ചിരുന്നു എന്ന് ദിലീപ് ഘോഷ് ഓർക്കണമെന്ന് തൃണമൂൽ നേതാവ് മദൻ മിത്ര പറഞ്ഞു. കേന്ദ്ര സഹായമില്ലാതെ തന്നെ മമത ബാനർജി ഫലപ്രദമായി കൊവിഡ് കൈകാര്യം ചെയ്യുന്നുണ്ടെന്നും മിത്ര പറഞ്ഞു.