irdai

 ജി.എസ്.ടി അഞ്ച് ശതമാനമാക്കാൻ ശുപാർശ

കൊച്ചി: ലൈഫ്, ആരോഗ്യ ഇൻഷ്വറൻസ് പ്രീമിയങ്ങളുടെ ജി.എസ്.ടി 18 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കണമെന്ന് കേന്ദ്രസർക്കാരിനോട് ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഒഫ് ഇന്ത്യ (ഐ.ആർ.ഡി.എ.ഐ) ശുപാർശ ചെയ്‌തു. നികുതിഭാരം കുറയുന്നതോടെ ഇവ സാധാരണക്കാർക്ക് ഏറെ പ്രാപ്യമാകുമെന്ന് ഐ.ആർ.ഡി.എ.ഐ ചൂണ്ടിക്കാട്ടി.

ലൈഫ്, ആരോഗ്യ ഇൻഷ്വറൻസ് പോളിസികളുടെ പ്രാധാന്യം കൂടുതൽ വ്യക്തമാക്കുന്നതാണ് കൊവിഡിന്റെ വ്യാപനം. ഈ സാഹചര്യത്തിൽ ഇൻഷ്വറൻസ് പോളിസി പരമാവധി ആളുകളിലേക്ക് എത്തിക്കണമെങ്കിൽ നികുതിഭാരം അടിയന്തരമായി കുറയേണ്ടതുണ്ടെന്നും ധനമന്ത്രാലയത്തിന് നൽകിയ ശുപാർശയിൽ ഐ.ആർ.ഡി.എ.ഐ ചൂണ്ടിക്കാട്ടി.

അതേസമയം, നികുതിയിൽ അന്തിമതീരുമാനം എടുക്കേണ്ടത് ജി.എസ്.ടി കൗൺസിലാണ്. ഈമാസം 19ന് കൗൺസിൽ യോഗമുണ്ട്. അതിനുമുമ്പ്, കൗൺസിലിന് കീഴിലുള്ള ഫിറ്റ്‌മെന്റ് കമ്മിറ്റി ഇതു സംബന്ധിച്ച പഠനറിപ്പോർട്ട് തയ്യാറാക്കേണ്ടതുണ്ട്. കേന്ദ്ര-സംസ്ഥാന പ്രതിനിധികളാണ് കമ്മിറ്റിയിലുള്ളത്. കമ്മിറ്റി സമർപ്പിക്കുന്ന റിപ്പോർട്ട് അനുസരിച്ചായിരിക്കും ജി.എസ്.ടി കൗൺസിൽ അന്തിമതീരുമാനമെടുക്കുക.

ഇ-പോളിസിക്ക്

പച്ചക്കൊടി

ആരോഗ്യ, വാഹന, ലൈഫ് ഉൾപ്പെടെ ഇൻഷ്വറൻസ് പോളിസികൾ ഉപഭോക്താക്കൾക്ക് ഇലക്‌ട്രോണിക് ഫോർമാറ്റിൽ കൈമാറാൻ കമ്പനികൾക്ക് ഐ.ആർ.ഡി.എ.ഐയുടെ അനുമതി. കൊവിഡ് കാലത്ത് ഇൻഷ്വറൻസ് പോളിസികൾക്ക് ഡിമാൻഡ് കൂടിയെങ്കിലും രേഖകൾ നേരിട്ട് കൈമാറാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ട സാഹചര്യത്തിലാണിത്. പേപ്പർ ഡോക്യുമെന്റിലെ ഒപ്പിന് പകരം, ഒ.ടി.പി അടിസ്ഥാനത്തിലായിരിക്കും ഇ-പോളിസികൾ കൈമാറുക.