pinarayi

തിരുവനന്തപുരം: കുട്ടനാട്,ചവറ ഉപതിരഞ്ഞെടുപ്പുകൾ വേണ്ടെന്ന് സർവകക്ഷിയോഗത്തിൽ ഭൂരിഭാഗം കക്ഷികളും

അഭിപ്രായപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഉപതിരഞ്ഞെടുപ്പുകളെയും, തദ്ദേശ തിരഞ്ഞെടുപ്പുകളെയും മാ‌റ്റിവയ്‌ക്കുന്നതിനെകുറിച്ച് ആലോചിക്കാൻ ചേർന്ന സർവകക്ഷിയോഗ തീരുമാനം മാദ്ധ്യമങ്ങളെ അറിയിക്കുകയായിരുന്നു മുഖ്യമന്ത്രി. ഉപതിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോട് അഭ്യർത്ഥിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് നീക്കി വയ്‌ക്കണമെന്നും കമ്മിഷനോട് അഭ്യർത്ഥിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഉപതിരഞ്ഞെടുപ്പിലൂടെ പുതുതായി തിരഞ്ഞെടുക്കുന്നവർക്ക് എംഎൽഎയ്ക്ക് മൂന്നരമാസത്തേക്ക് മാത്രമായി പ്രവർത്തിക്കാനാകില്ല. സംസ്ഥാനമാകെ കൊവിഡ് പ്രതിസന്ധി അലട്ടുകയാണ്. സർക്കാർ സംവിധാനങ്ങൾ അതിന് പിന്നാലെയാണ്. ഈ സമയത്ത് മൂന്നര മാസത്തേക്ക് തിരഞ്ഞെടുക്കുന്നയാൾക്ക് വേണ്ടി ഈ സംവിധാനങ്ങൾ പ്രവർത്തിക്കുന്നത് ഉചിതമാകില്ല. കാലാവധിയുടെ പരിമിതി മുതൽ കൊവിഡ് സാഹചര്യം വരെ യുക്തിസഹമായ ആവശ്യങ്ങൾ ഇതിന് അടിസ്ഥാനമാണ്. ഇത് കണക്കിലെടുത്താണ് ഉപതിരഞ്ഞെടുപ്പുകൾ ഒഴിവാക്കണമെന്ന് എല്ലാ കക്ഷികളും യോഗത്തിൽ ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുകയാണ്. 2020 നവംബറിൽ പുതിയ ഭരണസമിതി അധികാരത്തിൽ വരേണ്ടതുണ്ട്. ഇത് ഭരണഘടന ബാദ്ധ്യതയാണ്. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിനെ ഉപതിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യാനാകില്ല. ഒന്ന് മൂന്ന് മാസത്തേക്കും മ‌റ്റൊന്ന് അഞ്ച് വർഷത്തേക്കുമാണ്.

സംസ്ഥാനത്ത് 2020 ജുലായ് മാസത്തിൽ ദിവസേനയുളള കൊവിഡ് ശരാശരി 618 ആയിരുന്നെങ്കിൽ ആഗസ്റ്റിൽ 1672 ആയി.സെപ്തംബർ 9 വരെ 2281 ആയി.ഇന്നലെ 2249 പേർക്ക് സ്ഥിരീകരിച്ചു. സമ്പർക്കം വഴി രോഗബാധ 90 ശതമാനത്തിലധികമായി. വിശേഷിച്ച് പ്രാഥമിക സമ്പർക്കം വഴിയാണ് രോഗം പിടിപെടുന്നത്. കൊവിഡ് വ്യാപനം സംസ്ഥാനത്ത് മുഖ്യപ്രശ്‌നമായി നിലനിൽക്കുന്നു. ഈ സാഹചര്യത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനും കൊവിഡ് സാഹചര്യം ബാധകമല്ലേ എന്ന സംശയം ന്യായമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.കൊവിഡ് സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് നടത്തുന്നതിലെ ആശങ്ക പല കക്ഷികളും യോഗത്തിൽ അറിയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനാവാത്ത ഭരണഘടനാ ബാദ്ധ്യതയാണ്. അത് വളരെയധികം നീട്ടുന്നത് അസാദ്ധ്യവുമാണ്. അത് അംഗീകരിച്ച് തന്നെ താൽകാലികമായി അത് നീട്ടിവക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.