kaumudy-news-headlines

1. കുട്ടനാട് , ചവറ ഉപ തിരഞ്ഞെടുപ്പുകള്‍ ഒഴിവാക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭാ തിരഞ്ഞെടുപ്പ് 2021 ഏപ്രില്‍ മാസത്തില്‍ നടക്കും എന്നിരിക്കെ മാര്‍ച്ച് പത്തോടെ മാതൃകാ പെരുമാറ്റചട്ടം നിലവില്‍ വരും. തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധിക്ക് മൂന്ന് മാസം പോലും കാലാവധി തികക്കാന്‍ ആകില്ല. ഇതിന് പുറമെ കൊവിഡ് വ്യാപന പശ്ചാത്തലം കൂടി കണക്കില്‍ എടുത്താണ് ഉപ തിരഞ്ഞെടുപ്പുകള്‍ വേണ്ടെന്ന് വയ്ക്കാന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഉപ തിരഞ്ഞെടുപ്പും തദ്ദേശ ഭരണ തിരഞ്ഞെടുപ്പും തമ്മില്‍ താരതമ്യം ചെയ്യാന്‍ ആകില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു


2. മൂന്ന് മാസത്തേക്ക് ഒരു ജനപ്രതിനിധിയെ തിരഞ്ഞെടുക്കുന്നതും അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ഭരണ സമിതിയെ തിരഞ്ഞെടുക്കുന്നതും തമ്മില്‍ വലിയ വ്യത്യാസം ഉണ്ട്. കൊവിഡ് വ്യാപന പശ്ചാത്തലവും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സൗകര്യം കണക്കിലെടുത്ത് അനന്തമായി നീട്ടാതെ ഉചിതമായ സമയത്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തണം എന്നാണ് കമ്മിഷനോട് ആവശ്യപ്പെടുക. തെരഞ്ഞെടുപ്പുകള്‍ നടത്താനുള്ള ബാധ്യത. അതിനാല്‍, തദ്ദേശ തെരഞ്ഞെടുപ്പ് വളരെയധികം നീട്ടിക്കൊണ്ടു പോകുന്നത് അസാധ്യമായിരിക്കും എന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
3. ഉദിയന്‍കുളങ്ങര അഴകിക്കോണത്തു സി.പി.എം പ്രവര്‍ത്തകയെ പാര്‍ട്ടി ഓഫീസിനായി വാങ്ങിയ കെട്ടിടത്തില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഉദിയന്‍കുളങ്ങര അഴകിക്കോണം മേക്കേഭാഗത്തു പുത്തന്‍വീട്ടില്‍ ആശയെ ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രിയില്‍ ആയിരുന്നു സംഭവം. 15 വര്‍ഷമായി പാര്‍ട്ടി പ്രവര്‍ത്തകയും സി.ഡി.എസ് അംഗവുമാണ് ആശ. ഇന്നലെ പാറശാലയിലെ സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസില്‍ നടന്ന യോഗത്തില്‍ പങ്കെടുത്ത ശേഷം ആറോടെ ആശയെ കാണാതായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് പാറശാല പൊലീസില്‍ പരാതിനല്‍കി. പിന്നീടാണ് കെട്ടിടത്തിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ആശക്കു സീറ്റു നിഷേധിച്ചത് ആണ് മരണത്തിനു കാരണമെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു
4. രാജ്യത്ത് ജനപ്രതിനിധികള്‍ക്കും മുന്‍ ജന പ്രതിനിധികള്‍ക്കും എതിരെയുള്ള 4500ഓളം ക്രിമിനല്‍ കേസുകള്‍ കോടതികളില്‍ കെട്ടിക്കിടക്കുക ആണെന്ന് റിപ്പോര്‍ട്ട്. 24 ഹൈക്കോടതികളിലെ വിവരങ്ങളിലാണ് ഇക്കാര്യമുള്ളത്. സംഭവം ഞെട്ടിക്കുന്നത് ആണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജന പ്രതിനിധികളുടെ സ്വാധീനത്താല്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് എതിരെയുള്ള പല കേസുകളും പ്രാരംഭ ഘട്ടത്തില്‍ നിന്ന് മുന്നോട്ടു പോയിട്ടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
5. 4,442 കേസുകളാണ് ജന പ്രതിനിധികള്‍ക്കും മുന്‍ ജന പ്രതിനിധികള്‍ക്കും എതിരെ കോടതിയിലുള്ളത്. ഇതില്‍ 174 കേസുകള്‍ ജീവപര്യന്തം ശിക്ഷ വരെ ലഭിക്കാവുന്നത് ആണ് എന്നും എന്‍.വി രമണ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് പറഞ്ഞു. 352 കേസുകളിലെ വിചാരണ സുപ്രീം കോടതിയോ ഹൈക്കോടതിയെ സ്റ്റേ ചെയ്തിരിക്കുക ആണ്. പഞ്ചാബിലും ബംഗാളിലും 1981ലും 1983ലും രജിസ്റ്റര്‍ ചെയ്ത കേസുകള്‍ വരെയുണ്ട്. ഉത്തര്‍പ്രദേശില്‍ 1991ല്‍ രജിസ്റ്റര്‍ ചെയ്ത കേസും കെട്ടിക്കിടക്കുന്നു എന്നും കോടതി നിരീക്ഷിച്ചു. ബി.ജെ.പി നേതാവ് അശ്വനികുമാര്‍ ഉപാധ്യായയാണ് ഹര്‍ജി നല്‍കിയത്
6. ശിക്ഷിക്കപ്പെട്ട ആളുകളെ ആജീവാനന്തം തെരഞ്ഞെടുപ്പില്‍ നിന്ന് വിലക്കണം എന്ന് ആവശ്യപ്പെട്ടാണ് ബി.ജെ.പി നേതാവ് കോടതിയെ സമീപിച്ചത്. നിലവില്‍ കേസില്‍ ശിക്ഷിക്കപ്പെട്ടവരെ ആറു വര്‍ഷമാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ വിലക്ക്. ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ സുപ്രീം കോടതി രാജ്യത്തെ ജനപ്രതിനിധികള്‍ക്ക് എതിരെയുള്ള കേസുകളുടെ വിവരങ്ങള്‍ സുപ്രീം കോടതികളില്‍ നിന്ന് തേടിയിരുന്നു. വൈറ്റ് കോളര്‍ കുറ്റകൃത്യങ്ങളില്‍ പെട്ടവരുടെ വിവരങ്ങളും തേടിയിട്ടുണ്ട്. ഈ വിവരങ്ങള്‍ ഉടന്‍ കൈമാറുമെന്ന് അമിക്കസ് ക്യൂറി വിജയ് ഹന്‍സാരിയ കോടതിയെ അറിയിച്ചു.
7. മന്ത്രി ഇ പി ജയരാജന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ജയരാജന്‍. കണ്ണൂരിലെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവെ ആണ് മന്ത്രിക്ക്‌രോഗം സ്ഥിരീകരിച്ചത്. നേരത്തെ രോഗം സ്ഥിരീകരിച്ച സംസ്ഥാന ധനമന്ത്രി ഡോ തോമസ് ഐസക്കിനൊപ്പം സി.പി.എം സെക്രട്ടറിയേറ്റില്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ നിരീക്ഷണത്തില്‍ പ്രവേശിച്ചത് ആയിരുന്നു. ഇന്നലെ ഡോക്ടര്‍മാര്‍ വീട്ടിലെത്തി ശ്രവ പരിശോധന നടത്തി. ഇ പി ജയരാജന് നിലവില്‍ രോഗലക്ഷണങ്ങളും ആരോഗ്യ പ്രശ്നങ്ങളും ഇല്ല. ജയരാജന്റെ ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു