ലോക്ക്ഡൗൺകാലം ആളുകളുടെ ക്രിയേറ്റിവിറ്റി ആകാശംമുട്ടെ ഉയർന്ന കാലം കൂടിയാണ്. പഞ്ചാബിലെ മരപ്പണിക്കാരനായ ധാനി റാം സഗ്ഗുവും അങ്ങനെയൊരാളാണ്. സാധാരണ ആശാരിയായിരുന്ന സഗ്ഗു ലോക്ക്ഡൗണിൽ തീർത്തത് ഒരു സൈക്കിളാണ്. എന്താണ് ഈ സൈക്കിളിന്റെ സവിശേഷതയെന്നല്ലേ, മരം കൊണ്ടാണ് സഗ്ഗു സൈക്കിൾ നിർമ്മിച്ചിരിക്കുന്നത്. ചുമ്മാ ഷോ കെയ്സിൽ ഭംഗിക്ക് വയ്ക്കുന്ന സൈക്കിളല്ല, ഒന്നാന്തരം ഒറിജിനൽ സൈക്കിൾ. പഞ്ചാബിലെ സിറക്പൂർ സ്വദേശിയാണ് നാൽപ്പതുകാരനായ ധാനി റാം സഗ്ഗു. സൈക്കിൾ നിർമ്മാണം തുടങ്ങിയത് കഴിഞ്ഞ ഏപ്രിലിലാണ്. ആദ്യത്തെ രണ്ട് തവണ പരാജയമായിരുന്നെങ്കിലും നിരാശപ്പെട്ട് പിന്മാറാൻ സഗ്ഗു തയ്യാറായില്ല. മൂന്നാമത്തെ ശ്രമത്തിൽ കിടിലൻ സൈക്കിൾ നിർമ്മിച്ചു. സഗ്ഗുവിന്റെ പരിസ്ഥിതി സൗഹാർദ്ദ സൈക്കിൾ ഇപ്പോൾ അന്താരാഷ്ട്ര തലത്തിലും ശ്രദ്ധിക്കപ്പെട്ടു. കാനഡയിൽ നിന്നടക്കം ഇക്കോ ഫ്രണ്ട്ലി സൈക്കിളിന് ഓർഡർ ലഭിച്ചിട്ടുണ്ട്. നാല് മാസം കൊണ്ടാണ് സഗ്ഗു തടിയിൽ സൈക്കിൾ തീർത്തത്. പ്ലൈവുഡ് ഉപയോഗിച്ചായിരുന്നു നിർമ്മാണം. 15,000 രൂപയ്ക്കാണ് സൈക്കിൾ വിറ്റത്. വീട്ടിലുണ്ടായിരുന്ന പഴയ സൈക്കിളും പ്ലൈവുഡും ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്. സൈക്കിളിൽ മോഡിഫിക്കേഷൻ നടത്തുന്ന സുഹൃത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരുന്നു പരീക്ഷണം. ആദ്യം സൈക്കിളിന്റെ ഘടന പേപ്പറിൽ വരച്ചു. അതിനു ശേഷം, സൈക്കിളിന്റെ ബോഡി, ഹാൻഡിൽ ബാർ തുടങ്ങിയവ തടിയിൽ നിർമ്മിച്ചു. തടിയിൽ നിർമ്മിക്കാൻ കഴിയാത്ത, ചെയിൻ, പെഡൽസ്, വീൽസ്, സീറ്റ് എന്നിവയൊക്കെ പഴയ സൈക്കിളിൽ നിന്ന് ഊരിയെടുത്തു. അവസാനം എല്ലാം ഒന്നിച്ച് ചേർത്താണ് മോഡിഫൈഡ് വുഡൻ സൈക്കിൾ സഗ്ഗു തയ്യാറാക്കിയത്.