രാജസ്ഥാനിലെ ബൂംദി ജില്ലയിൽ പോയാൽ 'രാഷ്ട്രപതി' ആടുകളെ മേയ്ക്കാൻ പോയിരിക്കുകയാണ്, 'പ്രധാനമന്ത്രി" ചന്തയിൽ പോയിരിക്കുകയാണ് എന്നൊക്കെ കേട്ടാൽ ഞെട്ടരുത്. രാഷ്ട്രപതിയും പ്രധാനമന്ത്രിയുമൊക്കെ അവരുടെ മക്കളാണ്. ആ മക്കളുടെ പേരാണത്. വളരെ രസകരമായി കുട്ടികൾക്ക് പേരിടാൻ ബഹുമിടുക്കരാണ് ഈ നാട്ടുകാർ. വായിൽ വരുന്നതാണ് തങ്ങളുടെ കുട്ടികളെ ഇവർ വിളിക്കുന്നത്. മരുന്ന് വാങ്ങാൻ കുട്ടികളെയുമായി ഡോക്ടറുടെ മുന്നിൽ എത്തിയ സ്ത്രീയുടെ മറുപടിയിൽ ഡോക്ടർ പകച്ചിരുന്നു. സാംസംഗിനു പനിയാണ്, ആൻഡ്രോയിഡിന് വയറിളക്കം. രാഷ്ട്രപതി, പ്രധാനമന്ത്രി, സാംസംഗ്, ആൻഡ്രോയിഡ് എന്നിവ മാത്രമല്ല വിചിത്രമായ പേരുകൾ. സിം കാർഡ്, ചിപ്പ്, ജിയോണി, മിസ്ഡ് കോൾ, ഹൈക്കോടതി ഇങ്ങനെ നീളുന്നു ആളുകളുടെ പേരുകൾ. ഇതുകൂടാതെ ഐജി, എസ്.പി, മജിസ്ട്രേറ്റ് എന്നീ പേരുകൾ സാധാരണമാണെന്ന് ഗ്രാമത്തിലെ സ്കൂൾ അദ്ധ്യാപിക പറയുന്നു. ഇന്ദിരാഗാന്ധിയോട് കടുത്ത ആരാധനയുള്ള ഒരു കോൺഗ്രസ് പ്രവർത്തകൻ തന്റെ കുടുംബാംഗങ്ങൾക്കിട്ട പേരുകൾ സോണിയ, രാഹുൽ, പ്രിയങ്ക എന്നിങ്ങനെയാണ്. മുത്തച്ഛനു ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച സമയത്ത് ജനിച്ചതിനാൽ ഒരാൾക്ക് 'ഹൈക്കോർട്ട്" എന്ന പേരു ലഭിച്ചു. ഇത്തരം പേരുകൾ പരിചിതമായതോടെ ആളുകളുടെ വിചിത്രമായ പേര് കേട്ട് ആരും അത്ഭുതപ്പെടാറില്ലെന്നും നാട്ടുകാർ പറയുന്നു. ബൂംദിയിൽ റാം നഗർ ഗ്രാമത്തിൽ കാഞ്ഞാർ സമുദായത്തിൽ പെട്ട 500 ആളുകൾ മാത്രമാണ് കഴിയുന്നത്. ഇവിടത്തെ ആളുകൾക്കെല്ലാം ഉയർന്ന റാങ്കിൽ ഉള്ള പദവികളുടെയോ, ബ്രാൻഡുകളുടെയോ പേരുകളാണ്. ഗ്രാമത്തിലെ ആളുകൾ മിക്കവരും നിരക്ഷരരാണ്. ഇവരിൽ പലരും സ്കൂളുകൾ കണ്ടിട്ട് പോലുമില്ലാത്തവരാണ്.