നേയ്‌പ്യിഡോ: 'കാണുന്നവരെയും ശബ്‌ദം കേൾക്കുന്നവരെയുമെല്ലാം വെടിവച്ച് കൊല്ലുക. ഞങ്ങൾ അതുപോലെ തന്നെ ചെയ്‌തു.' ബർമയിലെ രണ്ട് പട്ടാളക്കാരുടെ കുറ്രസമ്മത വീഡിയോ വലിയ ചർച്ചയാകുകയാണിപ്പോൾ. 2017 ഓഗസ്‌റ്റിൽ രാജ്യത്തെ റോഹിംഗ്യൻ മുസ്ളിങ്ങളെ വേട്ടയാടിയ മ്യാൻമാർ സർക്കാർ നടപടിയെ കുറിച്ച് അന്ന് ഉത്തരവ് നടപ്പാക്കിയ പ്രൈവറ്റ്. മ്യോ വിൻ ടുൻ, പ്രൈവറ്റ് സാവ് നൈംഗ് ടുൻ എന്നിവർ വ്യത്യസ്‌ത വീഡിയോയിൽ പറയുന്നതാണിത്. ഒരേ സ്വരത്തിൽ മുഖത്ത് ഒരു ഭാവഭേദം പോലുമില്ലാതെയാണ് ഇരുവരും കുറ്രസമ്മതം നടത്തുന്നത്. മ്യോ വിൻ ടുൻ അഭിപ്രായപ്പെടുന്നതനുസരിച്ച് നിഷ്‌കളങ്കരായ മുപ്പതോളം പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും നിഷ്‌കരുണം വധിച്ച് ഒരു മിലിട്ടറി ടവറിന് സമീപം ഒന്നിച്ച് സംസ്‌കരിച്ചു.
ഇതേസമയം അടുത്തുളള ടൗൺഷിപ്പിൽ കണ്ണിൽ കണ്ട മുതിർന്നവരെയും സ്‌ത്രീകളെയും കുട്ടികളെയുമെല്ലാം സാവ് നൈംഗ് ടുനും കൂട്ടരും കൊലപ്പെടുത്തി. ഏതാണ്ട് 20 ഗ്രാമങ്ങൾ തുടച്ചുനീക്കിയതായി നൈംഗ് ടുൻ സമ്മതിക്കുന്നു. കൊന്നവരെയെല്ലാം ഒരുമിച്ച് സംസ്‌കരിച്ചു. ഇവർ ഇരുവരും കഴിഞ്ഞ മാസം മ്യാൻമാരിൽ നിന്ന് ഓടിപ്പോന്നവരാണ്.ഇവരെ ഹേഗിലെ അന്താരാഷ്‌ട്ര ക്രിമിനൽ കോടതിയിൽ കുറ്റവിചാരണക്ക് എത്തിച്ചിട്ടുണ്ട്. പട്ടാളനേതാക്കൾ വലിയ തോതിൽ കുറ്റം ചെയ്‌തോ എന്ന് കോടതി പരിശോധിക്കും.
റോഹിംഗ്യകൾക്കെതിരെ നടത്തിയ ഗൗരവമേറിയ മനുഷ്യാവകാശ ലംഘനങ്ങൾക്ക് നേരെ വെളിച്ചം വീശുന്നതാണ് ഈ മനുഷ്യ കുരുതികൾ. പത്ത് ലക്ഷത്തോളം റോഹിംഗ്യകളാണ് നിലവിൽ ബംഗ്ളാദേശിൽ അഭയം പ്രാപിച്ചിരിക്കുന്നത്. വീഡിയോയിൽ കാണുന്ന പട്ടാളക്കാർ ഈ കുറ്രങ്ങൾ ചെയ്‌തതായി സ്ഥിരീകരിച്ചിട്ടില്ല എന്നാൽ ഇത്തരം നിരവധി സംഭവങ്ങൾ റോഹിംഗ്യകൾക്ക് നേരിടേണ്ടി വന്നു എന്ന് വിവിധ തെളിവുകളുണ്ട്. മ്യാൻമാർ പട്ടാളം റോഹിംഗ്യൻ ഗ്രാമങ്ങൾ തീയിട്ട ശേഷം രക്ഷപ്പെട്ട റോഹിംഗ്യകൾ ബംഗ്ളാദേശിലെ പാലോംഗ് ഖാലിയിലാണ് തങ്ങിയത്. ഈ സംഭവങ്ങളുടെ തെളിവുകൾ അന്താരാഷ്‌ട്ര ക്രിമിനൽ കോടതിയി ൽ ഹാജരാക്കും. എന്നാൽ ഇത്തരം സംഭവങ്ങൾ ഒന്നും നടന്നിട്ടില്ലെന്നാണ് മ്യാൻമാർ സർക്കാർ ആവർത്തിച്ച് പറയുന്നത്. ഒരു ചെറിയ പ്രദേശത്ത് മാത്രം നിരവധി ഗ്രാമങ്ങൾ നശിപ്പിക്കപ്പെട്ടു. മനുഷ്യജീവനുകൾ നഷ്‌ടപ്പെട്ടു. രാജ്യത്തെ മൂന്നിലൊന്ന് മ്യാൻമാർ റോഹിംഗ്യകൾ അഭയാർത്ഥികളാക്കപ്പെട്ടു. 2017 മുതൽ 2019 വരെ 200 റോഹിംഗ്യൻ സെറ്റിൽമെന്റുകൾ നശിപ്പിക്കപ്പെട്ടു.
സംഭവത്തിൽ പട്ടാളത്തിന്റെ അതിക്രമങ്ങളെ പിന്തുണച്ച ആംഗ് സാൻ സൂ കിയ്‌ക്കെതിരെ അന്താരാഷ്‌ട്ര തലത്തിൽ വൻ പ്രതിഷേധമുണ്ടായി. സമാധാനത്തിനുളള നൊബേൽ സമ്മാനം ലഭിച്ച സൂ കിയുടെ വ്യക്തിത്വത്തിന് വലിയ ഇടിവ് ഈ സംഭവം ഉണ്ടാക്കി.എന്തായാലും മ്യാൻമാർ സൈനികരുടെ പുതിയ വെളിപ്പെടുത്തൽ വരുംനാളുകളിൽ അന്താരാഷ്‌ട്ര തലത്തിൽ വലിയ ചർച്ചയാകുമെന്ന് സംശയമില്ല.