കല്യാണം
കഴിഞ്ഞൊരു
മധുവിധു ദിവസം
അവനോടൊപ്പം
അവൾ
കടൽ കാണാൻ പോയി.
പിന്നൊരു നാൾ
കടൽ കാണണമെന്ന്
അവൾ
അവനോട് പറഞ്ഞു.
അന്നയാൾ
അവളേയും കൂട്ടിയൊരു
കുളക്കടവിൽ പോയി.
വേറൊരു ദിവസം
അവൾ അവനോട്
കടൽ
കാണണമെന്ന് പറഞ്ഞു.
അന്നയാൾ
അവളേയും കൊണ്ടൊരു
പുഴക്കരയിൽ പോയി.
മറ്റൊരു ദിവസം
അവൾ അവനോട്
കടൽ
കാണണമെന്ന് പറഞ്ഞു.
അന്നയാൾ
അവളെ കൊണ്ടുപോയതൊരു
കായലോരത്തായിരുന്നു.
അയാൾക്ക്
കടലിനെ ഭയമായിരുന്നു.
ആടിത്തിമിർക്കുന്ന
ആർത്തുല്ലസിക്കുന്ന
അട്ടഹസിക്കുന്ന
സർവ പൗരുഷ ഭാവങ്ങളും
ഇഴചേർന്ന
കടലിനെ
അവൾ പ്രണയിക്കുമോയെന്ന്
അയാൾക്ക് പേടിയായിരുന്നു.
ജരാനരകൾ ബാധിച്ച്
വാർധക്യം പിടികൂടി
മുറിക്കുള്ളിൽ കിടക്കവെ
കടൽ കാണണമെന്ന്
അവൾ വീണ്ടും പറഞ്ഞു.
അന്നയാൾ
ഒരു ചിരട്ട നിറയെ
വെള്ളം നിറച്ച്
അവൾക്ക് മുന്നിൽ വച്ചു.
ഒടുവിൽ
അവളുടെ ആഗ്രഹം
സാധിച്ച് കൊടുത്തത്
മകനായിരുന്നു.
മകൻ അമ്മയ്ക്ക്
ഗൂഗിൾ കടലിനെ
കാട്ടി കൊടുത്തു.
ഉലകമാകെയുള്ള
കടൽ കണ്ടവളൊന്ന്
മന്ദഹസിച്ചു.
പിന്നെ അയാൾക്ക്
കംപ്യൂട്ടറിനെയായിരുന്നു
ഭയം.
അങ്ങനെ അയാളൊരു
കംപ്യൂട്ടർ വിരോധിയായി.