പാകിസ്ഥാനിൽ കടന്നുകയറി ഭീകരകേന്ദ്രങ്ങൾ തകർത്ത ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്ക് രോമാഞ്ചത്തോടെയല്ലാതെ ഒരുഭാരതീയനും ഓർക്കാനാവില്ല. എന്താണ് സംഭവിക്കുന്നതെന്ന് പിടികിട്ടുംമുമ്പുതന്നെ ഭീകരരെയും അവരുടെ പരിശീലന കേന്ദ്രങ്ങളെയും നമ്മുടെ സൈനികർ തകർത്ത് തരിപ്പണമാക്കി. തിരിച്ചടിക്കുമെന്ന് പാകിസ്ഥാൻ വീമ്പുപറഞ്ഞെങ്കിലും ഒരുചെറുവിരൽ പോലും അനക്കാൻ അവർക്ക് ഇതുവരെ കഴിഞ്ഞില്ല. അത്രയ്ക്ക് മാരകമായിരുന്നു ആ പ്രഹരം. അടിച്ചാൽ നാലിരട്ടി തിരിച്ചുകിട്ടുമെന്ന് പാകിസ്ഥാന് നന്നായി അറിയാം.
പാകിസ്ഥാനെ ഞെട്ടിച്ച ഈ തിരിച്ചടി നൽകിയത് പാരാ എസ് എഫ് (സ്പെഷ്യൽ ഫോഴ്സ് ) എന്നറിയപ്പെടുന്ന പാരാകമാൻഡോകളാണ്. ശരിക്കുപറഞ്ഞാൽ അപകടകാരികളിൽ അപകടകാരി. ഭയമെന്നത് ഇവർക്കിടയിലില്ല. രാജ്യത്തിന്റെ അഭിമാനമാണ് പാരാകമാൻഡോകൾക്ക് സ്വന്തം ജീവനെക്കാൾ വിലയുളളത്. സർജിക്കൽ സ്ട്രൈക്ക്, ബന്ദികളെ മോചിപ്പിക്കൽ, ഭീകരരെ തുരത്തൽ തുടങ്ങി അതികഠിനമായ ഓപ്പറേഷനുകൾക്കാണ് ഇവരെ നിയോഗിക്കുന്നത്. ഏതെങ്കിലും ഓപ്പറേഷന് നിയോഗിച്ചുകഴിഞ്ഞാൽ വിജയിച്ചേ തിരിച്ചുവരൂ. വിജയത്തിൽ നിന്ന് അവരെ പിന്തിരിപ്പിക്കാൻ ലോകത്തെ ഒരു ശക്തിക്കും സാദ്ധ്യമല്ല.
ഏത് കഠിന ഓപ്പറേഷനുകളും വിജയിക്കുന്നതിന് പാരാകമാൻഡോസിനെ പ്രാപ്തരാക്കുന്നത് കഠിന പരിശീലനം തന്നെയാണ്. സാധാരണ സൈനികർക്ക് നൽകുന്ന പരിശീലനം തന്നെ കടുകട്ടിയാണ്. അതിനെക്കാൾ പതിന്മടങ്ങ് കഠിനമാണ് ഇവർക്കുനൽകുന്ന പരിശീലനം. ഒരാളെയും പാരാകമാൻഡോസായി നേരിട്ട് തിരഞ്ഞെടുക്കുന്നില്ല. ഏത് റെജിമെന്റിലെ സൈനികർക്കും പാരാകമാൻഡോസാവാം. പക്ഷേ, ആറുമാസത്തോളം നീളുന്ന മനുഷ്യന് ചിന്തിക്കാൻപോലും ആവാത്ത തരത്തിലുളള ശാരീരികവും മാനസികവും ബൗദ്ധികവുമായ കഠിന പരീക്ഷകൾ വിജയിക്കണം. കടുപ്പം കാരണം പരിശീലനം പൂർത്തിയാക്കാൻ കഴിയാത്തവർക്ക് അവരുടെ മാതൃയൂണിറ്റിലേക്ക് തിരിച്ചുപോകാം.
യുദ്ധസമായ സാഹചര്യം സൃഷ്ടിച്ചാണ് പരിശീലനം നടത്തുന്നത്. മരുഭൂമികളിലും കൊടുംകാടുകളിലും അഴുക്കുചാലുകളിലുമൊക്കെയായിരിക്കും പരിശീലനം. ചിലപ്പോൾ വെളളമോ ആഹാരമോ ഇല്ലാതെ ദിവസങ്ങൾ കഴിയേണ്ടിവരും. കിലോക്കണക്കിന് ഭാരമുളള ആയുധങ്ങളും മറ്റും ശരീരത്തിൽ കെട്ടിവച്ച് നാറുന്ന, പുഴുക്കൾ നുരയ്ക്കുന്ന അഴുക്കുചാലുകളിലൂടെ കിലോമീറ്ററുകൾ തലമാത്രം മുകളിൽ കാണിച്ച് ഇഴഞ്ഞുനീങ്ങേണ്ടിവരും. ഈ അഴുക്കുചാലിൽ ഇരുന്നാണ് പലപ്പോഴും ആഹാരംകഴിക്കേണ്ടിവരിക. നാറുന്ന വസ്ത്രങ്ങൾ മാറ്റാനാവുന്നതും ചിലപ്പോൾ ദിവസങ്ങൾ കഴിഞ്ഞായിരിക്കും.
പരിശീലനത്തിന്റെ അവസാനത്തെ 72 മണിക്കൂറുകൾ ശരിക്കും നരകത്തിന്റെ നാളുകൾ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. സുരക്ഷാകാരണങ്ങളാൽ പരിശീലനത്തിന്റെ പൂർണ വിരങ്ങൾ വ്യക്തമല്ലെങ്കിലും ഒരു മനുഷ്യ ജന്മത്തിന് താങ്ങാനാവുന്നതിനും അപ്പുറമാണ് ഈ സമയത്തെ പരിശീലനം. എങ്ങനെ മനംമടുപ്പിക്കാമോ അങ്ങനെയെല്ലാം മനം മടുപ്പിച്ചുകൊണ്ടേയിരിക്കും. പിടിച്ചുനിൽക്കാൻ അസാമാന്യ കഴിവുണ്ടെങ്കിലേ പറ്റൂ. ചിലപ്പോൾ കുപ്പിച്ചില്ലുപോലും കടിച്ച് തിന്നേണ്ടിവന്നേക്കാം. അതിനാൽ ഗ്ളാസ് ഈറ്റേഴ്സ് എന്ന ഓമനപ്പേരും പാരാകമാൻഡോസിനുണ്ട്.
കായിക പരിശീനം പൂത്തിയായാൽ പിന്നെ ബൗദ്ധിക പരീക്ഷയാണ്. ശരീരം പരമാവധി തളർന്നിരിക്കുമ്പോഴായിരിക്കും ഇത്തരം പരീക്ഷകൾ നടത്തുന്നത്. ശരീരം തളർന്ന അവസ്ഥയിലും ബുദ്ധി ശരിയായ രീതിയിൽ പ്രവർത്തിക്കുമോ എന്നറിയാനാണിത്. പരീക്ഷ നടക്കുമ്പോഴും ശ്രദ്ധതിരിക്കാനുളള ശ്രമങ്ങൾ പരമാവധി ഉണ്ടാവും. എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് പരീക്ഷ വിജയകരമായി പൂർത്തിയായാൽ പിന്നെ അത്യന്താധുനിക ആയുധങ്ങൾ ഉപയോഗിക്കാനും ബോംബുകളും മൈനുകളും നിർവീര്യമാക്കാനുളള പരിശീലമാണ്. എല്ലാം വിജയകരമായി പൂർത്തിയായാൽ കമാൻഡാേ എന്ന സ്വപ്നം പൂവണിയും. അവർക്ക് മെറൂൺ കാപ്പ് സമ്മാനിക്കും. കാമാൻഡോകൾ ആവാൻ എത്തുന്നതിൽ വെറുംപത്തുശതമാനം പേർ മാത്രമാണ് അവസാന കടമ്പയും കടക്കുന്നത്.
അല്പം ചരിത്രം
സ്വന്തമായി ഒരു പേരുപോലും കിട്ടുന്നതിനുമുമ്പേ ജയിച്ചുവന്ന വീരന്മാരാണ് പാരാകമാൻഡോസ്. 1965ലെ ഇന്ത്യ-പാക് യുദ്ധത്തിൽ മേജർ മേഘ് ദൂത് സിംഗ് പാക് സൈനികരെ നേരിടാൻ വിവിധ റജിമെന്റുകളിലെ മിടുക്കന്മാരായ സൈനികരെ കണ്ടെത്തി പുതിയാെരു ഗ്രൂപ്പിനെ ഉണ്ടാക്കി. മേഘ്ദൂത് ഫോഴ്സ് എന്നായിരുന്നു ഈ ഗ്രൂപ്പിന്റെ പേര്. യുദ്ധത്തിൽ പാക് സൈനികർക്ക് ഇവർ കനത്ത നാശമാണ് ഉണ്ടാക്കിയത്. യുദ്ധം കഴിഞ്ഞതോടെ ഈ ഗ്രൂപ്പ് പിരിച്ചുവിട്ടു. പിന്നീടാണ് ഇത്തരത്തിലൊരു ഗ്രൂപ്പിനെ സ്ഥിരമായി ഇന്ത്യൻ സൈന്യത്തിൽ നിലനിറുത്താൻ തീരുമാനിച്ചത്.
ഇന്ത്യ പാക് യുദ്ധം, ശ്രീലങ്കയിലെ ഓപ്പറേഷൻ പവൻ, മാലിദ്വീപിലെ ഓപ്പറേഷൻ ക്ളാക്റ്റസ്, കാർഗിൽ യുദ്ധം, സർജിക്കൽ സ്ട്രൈക്ക് തുടങ്ങിയവയിൽ ഈ സംഘത്തിന്റെ കഴിവ് ലോകം കണ്ടതാണ്.