പ്രേംകുമാറിന്റെ അഭിനയ യാത്രയ്ക്ക് 25 വയസ്
തൃശൂർ സ്കൂൾ ഒഫ് ഡ്രാമയിൽനിന്ന് അഭിനയത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കുമ്പോൾ നാടകമായിരുന്നു പ്രേംകുമാറിന്റെ മനസ് നിറയേ. ദൂരദർശന്റെ ' ലംബോ" ടെലിഫിലിമിൽ അഭിനയിച്ചു. അതിനു ലഭിച്ചത് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം. സ്റ്റാഫ് സെലക് ഷൻ കമ്മിഷൻ പരീക്ഷ എഴുതി ദൂർദർശനിലെ ജോലിയുടെ ലിസ്റ്റിൽ കയറിപ്പറ്റിയപ്പോഴാണ് അവാർഡ് ലഭിക്കുന്നത്.ഇതോടെ പ്രേംകുമാറിന്റെ തീരുമാനം മാറിമറഞ്ഞു. 'ലംബോ" ടെലിഫിലിമിലെ കഥാപാത്രം കോമഡി നിറഞ്ഞതായിരുന്നു. സിനിമയിൽനിന്ന് അവസരങ്ങൾ വരാൻ തുടങ്ങി. മോഹൻലാലിന്റെ ബട്ടർഫ്ളൈസിൽ ശ്രദ്ധേയ കഥാപാത്രം. പിന്നാലെ മമ്മൂട്ടിയുടെ 'സൈന്യം". 'ചെപ്പടിവിദ്യ"യിൽ കള്ളൻ.'മലപ്പുറം ഹാജി മഹാനായ ജോജി"യിൽ പട്ടാളക്കാരൻ. കോമഡിയെ പ്രേംകുമാർ കൂടെക്കൂട്ടി. ജയറാമിനൊപ്പം അഭിനയിച്ച 'അനിയൻ ബാവ ചേട്ടൻ ബാവ" സൂപ്പർ ഹിറ്റായപ്പോൾ വെള്ളിത്തിരയിൽ സജീവമായി. പിന്നാലെ നായക, ഉപനായക വേഷങ്ങൾ. വീണ്ടും ജയറാമിനൊപ്പം അഭിനയിച്ച പുതുക്കോട്ടയിലെ പുതുമണവാളനും സൂപ്പർ ഹിറ്റായപ്പോൾ പ്രേംകുമാറിന്റെ കരിയർ മാറിമറിഞ്ഞു. 160 സിനിമകൾ. സാമൂഹിക വിഷയങ്ങളിൽ ഇടപ്പെട്ടും എഴുത്തിന്റെ വഴിയിൽ സാന്നിദ്ധ്യം അറിയിച്ചുമാണ് പ്രേംകുമാർ അഭിനയ യാത്രയുടെ 25 വർഷം പൂർത്തിയാക്കുന്നത്.
സിനിമയിൽ കാൽനൂറ്റാണ്ട് . എന്താണ് പഠിച്ചത് ?
ഒരാൾ പോലും സിനിമയിൽ അവശ്യഘടകമല്ല. ആരില്ലെങ്കിലും സിനിമ മുൻപോട്ട് പോവും.ആവശ്യം നമുക്കാണെന്ന് തിരിച്ചറിയണം. ആത്മാർത്ഥതയും സത്യസന്ധതയും അർപ്പണമനോഭാവവും പുലർത്തി കഠിനാദ്ധ്വാനം ചെയ്യണം. ഒപ്പം ഭാഗ്യവും ദൈവാനുഗ്രഹവും വേണം. സിനിമയിൽ സജീവ സാന്നിദ്ധ്യം അറിയിക്കാൻ ഇത് ആവശ്യമാണ്. സൗഹൃദങ്ങൾ നിലനിറുത്തുകയും വേണം. ഇതിൽ പല കാര്യത്തിലും ഞാൻ പിന്നാക്കമാണ്. ഒരു സിനിമയിൽ വിളിച്ചാൽ അഭിനയിച്ചു മടങ്ങുകയാണ് ചെയ്യുന്നത്. അല്ലാതെ, ആ ടീമുമായി നിരന്തര ബന്ധം ഉണ്ടാക്കുന്നില്ല. എന്നാൽ ഹൃദയത്തിൽ അവരോട് സ്നേഹവും ബഹുമാനവും സൂക്ഷിക്കുന്നുണ്ട്. സിനിമയിൽ അവസരം തേടി പോയില്ല. എന്നെ തേടി വരികയായിരുന്നു. കഷ്ടപ്പെട്ട് സിനിമയിൽ എത്തുന്നവർ അതു നിധി പോലെ സൂക്ഷിക്കും. നിസാരമായി സിനിമ തേടി വന്നതിനാൽ ഗൗരവമായി കണ്ടില്ല. പിൻതിരിഞ്ഞു നോക്കുമ്പോൾ അത് ഒരു പാളിച്ചയാണ്. വെള്ളിത്തിരയിൽ വന്നതും സിനിമകൾ ഇല്ലാതായതും ഇപ്പോൾ വീണ്ടും സജീവമായതും എല്ലാം ദൈവനിശ്ചയം.
ആദ്യ സിനിമ ' സഖാവ് പി. കൃഷ്ണപിള്ള" ഇനിയും റിലീസ് ചെയ്തില്ല?
സ്കൂൾ ഒഫ് ഡ്രാമയിൽനിന്ന് പുറത്തിറങ്ങുമ്പോഴാണ് പി. എ. ബക്കർ സംവിധാനം ചെയ്ത സഖാവ് പി.കൃഷ്ണപിള്ളയിൽ അഭിനയിക്കുന്നത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവായ പി. കൃഷ്ണപിള്ളയുടെ ജീവചരിത്രമാണ് സിനിമ പറയുന്നത്. ഞാനാണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. തൊണ്ണൂറു ശതമാനം ചിത്രീകരണം പൂർത്തിയാവുകയും ചെയ്തിരുന്നു. സാമ്പത്തിക കാര്യങ്ങളെ തുടർന്ന് ശേഷിച്ച ഭാഗം ചിത്രീകരിക്കാൻ കഴിഞ്ഞില്ല. ആദ്യ സിനിമ റിലീസാവാതെ ചിത്രാഞ്ജലി സ്റ്റുഡിയോയിലെ ഏതോ മൂലയിൽ പെട്ടിയിൽ ഇരിപ്പുണ്ട്. ആ സിനിമ റിലീസ് ചെയ്ത് ശ്രദ്ധിക്കപ്പെട്ടിരുന്നെങ്കിൽ കാമ്പും കരുത്തുമുള്ള കഥാപാത്രങ്ങൾ ലഭിക്കുമായിരുന്നു. ഭാഗ്യമോ നിർഭാഗ്യമോ എന്താണെന്ന് അറിയില്ല. 'ലംബോ" തമാശക്കാരനായതിനാൽ പിന്നീട് വന്നതെല്ലാം കോമഡി കഥാപാത്രങ്ങൾ. വീണ്ടും സിനിമയിൽ സജീവമാവാൻ കഴിഞ്ഞത് കോമഡി കഥാപാത്രങ്ങൾ ചെയ്തതിനാലാണ്. ഗൗരവമുള്ള കഥാപാത്രങ്ങൾ ഇപ്പോൾ വരുന്നുണ്ട്.
നടനായി മാത്രം ഒതുങ്ങാതെ സാമൂഹിക മേഖലകളിൽ സാന്നിദ്ധ്യമാകുന്നുണ്ടല്ലേ ?
സാമൂഹിക വിഷയങ്ങളിൽ മുൻപും സജീവമായി ഇടപെട്ടിട്ടുണ്ട്. എൻഡോസൾഫാൻ ദുരിതബാധിതരുടെ സമരം, ആദിവാസികളുടെ നിൽപ്പ് സമരം എന്നിവയ്ക്ക് അഭിവാദ്യം അർപ്പിച്ചിരുന്നു. ആ വിഭാഗത്തെക്കുറിച്ച് ചിന്ത ഉള്ളതു കൊണ്ടാണ് ഇതിന്റെ ഭാഗമാവാൻ കഴിയുന്നത്. ആദിവാസി മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുന്ന സമയത്ത് നാടകം അവതരിപ്പിച്ചിരുന്നു. സാംസ്കാരിക സമ്മേളനങ്ങളിൽ പങ്കെടുക്കാറുണ്ട്. പത്രങ്ങളിൽ സാമൂഹിക പ്രതിബദ്ധതയുള്ള ലേഖനങ്ങൾ എഴുതുന്നുണ്ട്. എഴുതിയതെല്ലാം പുസ്തകമാക്കാൻ ആലോചനയുണ്ട്.
സാമൂഹിക പ്രവർത്തകനെ തേടി നിരവധി പുരസ്കാരങ്ങൾ ലഭിച്ചു ?
നടൻ എന്നതിലുപരി സാമൂഹിക പ്രതിബദ്ധതയുള്ള ലേഖനങ്ങൾ എഴുതിയത് പരിഗണിച്ചാണ് അവാർഡുകൾ ലഭിച്ചത്. പ്രേംനസീർ പുരസ്കാരം, അടൂർ ഭാസി കൾച്ചറൽ ഫോറം ചലച്ചിത്ര രത്ന പുരസ്കാരം, സുകുമാരൻ ചലച്ചിത്ര പുരസ്കാരം, കെ.പി. ഉമ്മർ ചലച്ചിത്ര പുരസ്കാരം എന്നിവ ലഭിച്ചു.സിനിമയിൽ കോമഡി കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നതിനാൽ ആളുകൾ എന്നെ തമാശക്കാരൻ എന്ന നിലയിലാണ് കാണുന്നത്. യഥാർത്ഥ പ്രേംകുമാർ അതല്ല. കഥാപാത്രത്തിന്റെ പേരിൽ തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിത്വമാണ് എന്റേത്. ഇത് മിക്ക നടൻമാരും നേരിടുന്നുണ്ട്. എന്റെ സ്വത്വം ബോദ്ധ്യപ്പെടുത്താൻ വേണ്ടിയാണ് എഴുത്ത്.സ്വത്വത്തിന്റെ പ്രകാശനമാണ് നടക്കുന്നത്.
കഴക്കൂട്ടം 'പ്രേംസദനി"ലെ വിശേഷങ്ങൾ?
അച് ഛൻ ജയിംസ് സാമുവേൽ ആറുമാസം മുൻപ് മരിച്ചു. അമ്മ ജയകുമാരി. ഭാര്യ ജിഷ. മകൾ ജമൈയ ്മ അഞ്ചാം ക്ളാസിൽ. വിവാഹം കഴിഞ്ഞു എട്ടുവർഷത്തിനുശേഷമാണ് മോൾ ജനിക്കുന്നത്. പ്രാർത്ഥനയിൽ ദൈവം തന്നതാണ് .