transgenders

തിരുവനന്തപുരം: ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്ക് കൈത്താങ്ങുമായി സംസ്ഥാന സർക്കാർ. ട്രാൻസ്‌ജെൻഡർ വിഭാഗത്തിലെ വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും സ്വയം തൊഴിൽ വായ്പാ പദ്ധതിയാണ് സാമൂഹ്യ നീതി വകുപ്പ് വിഭാവനം ചെയ്യുന്നത്. വിശദമായ പദ്ധതി പ്രകാരം അപേക്ഷിക്കുന്നവർക്കാണ് വായ്പ ലഭിക്കുകയെന്ന് മന്ത്രി കെ.കെ ശൈലജ അറിയിച്ചു. നിലവിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ട്രാൻസ്‌ജെൻഡർ കുടുംബശ്രീ യൂണിറ്റുകൾക്ക് മുൻഗണന ലഭിക്കും.

മൂന്നു ലക്ഷം മുതൽ പരമാവധി പതിനഞ്ചു ലക്ഷം രൂപ വരെയാണ് വായ്പ അനുവദിക്കുക. വായ്പാ തുകയുടെ 70 ശതമാനം അപേക്ഷകളുടെ വിശദമായ പരിശോധനയ്ക്ക് ശേഷം സർക്കാർ തലത്തിൽ അംഗീകാരം ലഭ്യമാക്കി പ്രാരംഭ ഘട്ടത്തിലും ബാക്കി 30 ശതമാനം സംരംഭം ആരംഭിച്ചതിന് ശേഷം പദ്ധതിയുടെ പുരോഗതി വിലയിരുത്തി ജില്ലാ സാമൂഹ്യനീതി ഓഫീസർ ശുപാർശ സമർപ്പിക്കുന്ന മുറയ്ക്കും ലഭ്യമാക്കുന്നതാണ്.

ട്രാൻസ്‌ജെൻ‌ഡർ വ്യക്തികളുടെ സമഗ്ര സാമ്പത്തിക ഉന്നമനത്തിന് ഈ സംരംഭകത്വ വായ്പാ പദ്ധതിയിലൂടെ വളരെ പ്രകടവും കാര്യക്ഷമവുമായ ഫലം ലഭിക്കുമെന്നാണ് കരുതുന്നതെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. പലതരം സാഹചര്യ സമ്മർദങ്ങൾ കൊണ്ട് കടുത്ത മാനസിക പ്രയാസങ്ങളും സാമ്പത്തിക പ്രതിസന്ധിയും അനുഭവിക്കുന്നവരാണ് ഭൂരിഭാഗം ട്രാൻസ്‌ജെൻഡർമാരും. അവരെ സാമ്പത്തിക സ്വാശ്രയത്വത്തിലേക്ക് നയിക്കുക എന്ന ഈ സർക്കാരിന്റെ പ്രഖ്യാപിത നയമാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്തതെന്നും മന്ത്രി വിശദീകരിച്ചു. സംസ്ഥാന വനിതാ വികസന കോർപ്പറേഷനെയാണ് ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് വേണ്ടി സ്വയം തൊഴിൽ വായ്പാ ധനസഹായ പദ്ധതി നടപ്പിലാക്കുന്നന്നതിന് ചുമതലപ്പെടുത്തിയിരിക്കുന്നത്.