അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ട് കണ്ണൂർ സ്വദേശിനി വർഷയുടെ ഫേസ്ബുക്ക് ലൈവും, തുടർന്നുണ്ടായ വിവാദങ്ങളും ഏറെ കോളിളക്കമാണ് സോഷ്യൽ മീഡിയയിലടക്കം സൃഷ്‌ടിച്ചത്. ചികിത്സാ സഹായമായി ലഭിച്ച പണത്തിന്റെ വിഹിതം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയിൽ സന്നദ്ധ പ്രവർത്തകരായ ഫിറോസ് കുന്നംപറമ്പിൽ, സാജൻ കേച്ചേരി എന്നിവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കരൾമാറ്റ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ച വർഷയുടെ അമ്മയുടെ ചികിത്സയ്ക്കായി ഒരു കോടി ഇരുപത്തി അഞ്ച് ലക്ഷത്തിലധികം രൂപയാണു സഹായമായി അക്കൗണ്ടിൽ ലഭിച്ചത്. എന്നാൽ പിന്നീട് ചികിത്സാ ചെലവ് കഴിഞ്ഞു ബാക്കി തുക ജോയിന്റ് അക്കൗണ്ടിലേക്ക് മാറ്റാൻ സാജൻ കേച്ചേരി അടക്കമുള്ളവർ ഭീഷണിപ്പെടുത്തിയെന്നു കാണിച്ച് വർഷ പൊലീസിൽ പരാതി നൽകി. അമ്മയുടെ ചികിത്സയ്ക്ക് ലഭിച്ച അധിക തുക മറ്റ് രോഗികൾക്ക് നൽകാമെന്ന് വർഷ പറഞ്ഞുവെന്നായിരുന്നു ചോദ്യം ചെയ്യലിൽ ഫിറോസ് കുന്നംപറമ്പിൽ അന്വേഷണ ഉദ്യോഗസ്ഥരോട് പ്രതികരിച്ചത്.
എന്നാൽ സംഭവത്തിൽ മറ്റൊരു വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് സംവിധായകൻ മേജർ രവി. സംഭവ സമയത്ത് താൻ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ ഉണ്ടായിരുന്നുവെന്നും, യുവതി പറഞ്ഞതുപോലെയൊന്നുമല്ല കാര്യങ്ങളെന്നുമാണ് മേജർ രവിയുടെ വെളിപ്പെടുത്തൽ.
'ഞാൻ അന്ന് ഹോസ്‌പിറ്റലിൽ ഉണ്ട്. അമൃത ഹോസ്‌പിറ്റലിൽ ബ്ളഡ് ടെസ്‌റ്റിന് പോയിട്ട് ഞാൻ അന്നവിടെ അഡ്‌മിറ്റ് ആയി കിടക്കുകയാണ്. ആ സമയത്ത് ഈ വീഡിയോ എനിക്ക് ആരോ അയച്ചുതന്നു. അപ്പോൾ തന്നെ ആശുപത്രിയിലെ ജഗ്ഗു സ്വാമിക്ക് വീഡിയോ കൈമാറി. ഞാൻ ഇതുവരെ അറിഞ്ഞില്ലല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അന്വേഷിച്ചപ്പോൾ അറിഞ്ഞത്, അത്ര അർജെന്റ് ഒന്നും അല്ല ഓപ്പറേഷൻ എന്നായിരുന്നു. മൂന്നാം ദിവസം തന്റെ അമ്മ മരിച്ചുപോകുമെന്ന് ആ കുട്ടി പറഞ്ഞതുപോലെ ഒന്നുമായിരുന്നില്ല കാര്യങ്ങൾ.
ഞാൻ ആരെയും ന്യായീകരിക്കുന്നതല്ല; ഒന്നുമില്ലാതിരുന്ന സമയത്ത് കിട്ടിയ കാശുപയോഗിച്ച് ഓപ്പറേഷനും നടത്തി, വീടുവയ്‌ക്കാനുള്ള കാശും കിട്ടി. എന്നിട്ട് ബാക്കിയുള്ള കാശ് എന്തിനാണ് കൈയിൽ വച്ചുകൊണ്ടിരിക്കുന്നത്. ഇവിടെയാണ് ഗ്രീഡ് എന്നുപറയുന്നത്. നക്കാനും തുപ്പാനും ഇല്ലാതിരുന്ന സമയത്ത് വലിയൊരു സദ്യ കിട്ടിക്കഴിഞ്ഞാൽ; അതുകഴിച്ചുകഴിഞ്ഞ് അപ്പുറത്ത് വിശന്നിരിക്കുന്നവന് കൊടുക്കാത്തപോലെയാണിത്. ആ കുട്ടി ഒന്നു മനസിലാക്കണം, ഈ കാശ് എപ്പോൾ വേണമെങ്കിലും തീർന്നുപോകാം. നിങ്ങൾ ആരെയെങ്കിലും സഹായിച്ചോ എന്ന് ചോദിച്ചു കഴിഞ്ഞാൽ കുറ്റബോധം ഉണ്ടാകും. ഇനിയൊരു തവണകൂടി റോഡിൽ വന്ന് കരയേണ്ടിവന്നാൽ ഒരു മനുഷ്യനും തിരിഞ്ഞുനോക്കാൻ കാണില്ല'- കൗമുദി ടിവിയ്‌ക്ക് നൽകിയ അഭിമുഖത്തിനിടെയായിരുന്നു മേജർ രവിയുടെ വെളിപ്പെടുത്തൽ.