fishing

തിരുവനന്തപുരം: ഓഖി ദുരന്തത്തെ തുടർന്ന് മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി സർക്കാർ നൽകിയ നാവിക് കിറ്റുകൾ ഗുണം ചെയ്തില്ല. 15,​000 മത്സ്യത്തൊഴിലാളികൾക്ക് കിറ്റുകൾ വിതരണം ചെയ്യാനാണ് സർക്കാർ തീരുമാനിച്ചിരുന്നതെങ്കിലും ഓഖി ദുരന്തമുണ്ടായി രണ്ടര വർഷത്തോളം പിന്നിടുമ്പോഴും 250 പേർക്ക് മാത്രമാണ് കിറ്റുകൾ ലഭിച്ചത്. ഓഖി ദുരിതാശ്വാസ നിധിയിൽ നിന്ന് 25.36 കോടി രൂപ ചെലവിട്ടാണ് നാവിക് ഉപകരണങ്ങൾ വാങ്ങാൻ കഴിഞ്ഞ വർഷം മന്ത്രിസഭ തീരുമാനിച്ചത്.

നാവിക് കിറ്റ്

1500 കിലോമീറ്റർ വരെ കവറേജ് ഏരിയ ഉള്ള നാവിക് മുഖേന ചുഴലിക്കാറ്റ്, സുനാമി, ഭൂചലനം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനം, രാജ്യാന്തര അതിർത്തി, മത്സ്യലഭ്യതാ മേഖല എന്നിവ സംബന്ധിച്ചും സന്ദേശം നൽകാനാകുമെന്നാണ് പറഞ്ഞിരുന്നത്. ജി.പി.എസ്,​ ലൈഫ് ജാക്കറ്റുകൾ,​ റഡാർ റിഫ്ളക്ടർ, ഫിഷിംഗ് കം എമർജൻസി ഫ്ളാഷ് ലൈറ്റ്, ഫസ്റ്റ് എയ്ഡ് കിറ്റ് തുടങ്ങിയവയാണ് കിറ്റിലുള്ളത്.

പരാതിയുമായി മത്സ്യത്തൊഴിലാളികൾ

നാവിക് കിറ്റിൽ സന്ദേശങ്ങൾ അങ്ങോട്ടേക്ക് അയയ്ക്കാൻ മാത്രമുള്ള സംവിധാനം മാത്രമുണ്ടായിരുന്നത്. അടിയന്തര സാഹചര്യങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് കൺട്രോൾ റൂമിലേക്ക് തിരിച്ച് സന്ദേശം അയയ്ക്കാൻ കഴിയുമായിരുന്നില്ല. തുടർന്ന് സർക്കാർ കിറ്റ് വിതരണം നിറുത്തി. 1500 രൂപ വീതം ഗുണഭോക്തൃവിഹിതം വാങ്ങി വള്ളങ്ങളിൽ ഘടിപ്പിക്കുന്ന ഉപകരണത്തിൽനിന്ന് ഫോണുകളിലേക്ക് സന്ദേശം എത്തിക്കുന്ന തരത്തിൽ ഐ.എസ്.ആർ.ഒയാണ് സുരക്ഷാ സംവിധാനം വികസിപ്പിച്ചത്. കാലാവസ്ഥ നീരിക്ഷണകേന്ദ്രമായ ഇൻകോയിസിൽ നിന്നുള്ള സന്ദേശങ്ങളാണ് ഇതുവഴി നൽകുന്നത്. ആൻഡ്രോയിഡ് ഫോണുകളിൽ മാത്രമേ ഇതിൽ നിന്നുള്ള സന്ദേശം ലഭിക്കൂ. തുടർന്ന് മത്സ്യത്തൊഴിലാളികൾ പണം നൽകി വള്ളങ്ങളിൽ ഉപകരണങ്ങൾ ഘടിപ്പിക്കുകയും ആൻഡ്രോയിഡ് ഫോൺ വാങ്ങുകയും ചെയ്തു. എന്നിട്ടും ഫലം ഉണ്ടായില്ല.

മുമ്പ് മത്സ്യത്തൊഴിലാളികൾക്ക് നൽകിയിരുന്ന വയർലെസ് സെറ്റിൽ നിന്നുള്ള സന്ദേശങ്ങൾ ഫിഷറീസ് കേന്ദ്രങ്ങളിൽ കൃത്യമായി ലഭിച്ചിരുന്നു. ഇതിനായി ഫിഷറീസിന്റെ വയർലസ് സ്‌റ്റേഷനും ഉണ്ടായിരുന്നു. ഇത് പിന്നീട് നിലച്ചു. പൊന്മുടിയിൽ സ്ഥാപിച്ചിരുന്ന വയർലെസ് ടവറിൽനിന്നാണ് സന്ദേശങ്ങൾ ജില്ലയിലെ ഫിഷറീസ് കേന്ദ്രങ്ങളിലേക്കെത്തിയിരുന്നത്.