ഹനോയ് : ആരോഗ്യപ്രവർത്തകർക്ക് ടെൻഷനില്ലാതെ ഭക്ഷണം കഴിക്കാം കൊവിഡ് 19ന് കാരണക്കാരായ കൊറോണ വൈറസിന്റെ പേടി വേണ്ട. അത്തരത്തിലൊരു ഹെൽമെറ്റാണ് വിയറ്റ്നാമിലെ മൂന്ന് സ്കൂൾ കുട്ടികൾ ചേർന്ന് നിർമിച്ചിരിക്കുന്നത്. മഹാമാരി വന്നതോടെ മുഴുവൻ സമയവും പി.പി.ഇ കിറ്റ് ധരിച്ച് നിൽക്കുന്ന ആരോഗ്യപ്രവർത്തകർ ഏറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. ഇത്തരം ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതോടൊപ്പം സുരക്ഷ വർദ്ധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നിരവധി കൊവിഡ് രക്ഷാ കവചങ്ങളാണ് വിപണിയിൽ പുതുതായി അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഒരു റെസ്പ്റേറ്ററുമായി ബന്ധിപ്പിച്ച് ഡിസൈൻ ചെയ്തിരിക്കുന്ന ഈ വീയറ്റ്നാമീസ് ഹെൽമെറ്റ് വൈറസിനെ അകറ്റി നിറുത്തുന്നതിനോടൊപ്പം ആരോഗ്യ പ്രവർത്തകർക്ക് ഏറെ നേരം ബുദ്ധിമുട്ടോ അസ്വസ്ഥതയോ ഇല്ലാതെ ഉപയോഗിക്കാനും സാധിക്കും.
വിയറ്റ്നാം, ഹെൽമെറ്റ് എന്നീ വാക്കുകളിൽ നിന്നും തിരഞ്ഞെടുത്ത ' വിഹെൽമ് ( Vihelm ) ' എന്ന പേരാണ് വിദ്യാർത്ഥികൾ ഈ ഹെൽമെറ്റിന് നൽകിയിരിക്കുന്നത്. ഹെൽമെറ്റിലെ ഗ്ലവ് ബോക്സ് ആക്സസ് സംവിധാനം വഴി ഹെൽമെറ്റിനുള്ളിലേക്ക് കൈകടത്തി മുഖത്ത് വിയർപ്പ് തുടയ്ക്കുകയോ അല്ലെങ്കിൽ ലഘുഭക്ഷണം കഴിക്കുകയോ ചെയ്യാം. ഈ സമയം ഹെൽമെറ്റ് അടഞ്ഞ് തന്നെയായിരിക്കും ഇരിക്കുക. ഹെൽമെറ്റിന്റെ രൂപകല്പനയ്ക്ക് കഴിഞ്ഞ മാസം കാനഡയിൽ നടന്ന ഇന്റർനാഷണൽ ഇൻവെൻഷൻ ഇന്നൊവേഷൻ കോമ്പറ്റീഷനിൽ മികച്ച ഇൻവെൻഷൻ ഡിസൈൻ അവാർഡ് ലഭിച്ചിരുന്നു.
ഹെൽമെറ്റിനുള്ളിൽ ഇന്റേണൽ കമ്പാർട്ട്മെന്റും അശുദ്ധ വായുവിനെ പുറന്തള്ളാൻ എയർ പ്യൂരിഫൈയിംഗ് റെസ്പിറേറ്ററിനെ ബന്ധിപ്പിക്കുന്ന ട്യൂബും ഹെൽമെറ്റിലുണ്ട്. സ്റ്റാൻഡേർഡ് മാസ്കുകളേക്കാൾ സുരക്ഷിതമാണെന്ന് കരുതുന്നുണ്ടെങ്കിലും മറ്റ് പി.പി.ഇ രൂപങ്ങളേക്കാൾ കൊണ്ടു നടക്കാൻ എളുപ്പമല്ല. ഏകദേശം 300 ഡോളറിൽ താഴെയാണ് ഹെൽമെറ്റിന്റെ നിർമാണ ചെലവ്. ഹെൽമെറ്റിന്റെ പരിഷ്കരിച്ച രൂപം ഉടൻ പുറത്തിറങ്ങും. വിയറ്റ്നാമിലെ ഏറ്റവും വലിയ വെന്റിലേറ്റർ നിർമാതാക്കളായ വിൻ ഗ്രൂപ്പിന്റെ കീഴിലുള്ള വിൻസ്മാർട്ട് എന്ന കമ്പനി ഹെൽമെറ്റിന്റെ ഉല്പാദനത്തിനായി വിദ്യാർത്ഥികളെ സഹായിക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചിട്ടുണ്ട്.