ബെർലിൻ: രാസവിഷബാധയേറ്റ് അബോധാവസ്ഥയിൽ തുടരുന്ന റഷ്യൻ പ്രതിപക്ഷ നേതാവ് അലക്‌സി നവൽനിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് റിപ്പോർട്ട്. അദ്ദേഹത്തിന് വൈകാതെ സംസാരിക്കാൻ കഴിയും. ആ ഘട്ടത്തിലെത്തിയാൽ വിഷബാധയേൽക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ചോദിച്ചറിയുമെന്ന് അധികൃതർ വ്യക്തമാക്കി. നവൽനിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടായതോടെ അദ്ദേഹത്തിന്റെ സുരക്ഷ ജർമ്മനി ശക്തമാക്കി. ബർലിൻ നഗരത്തിലെ ചാരിറ്റി ആശുപത്രിയിൽ കഴിയുന്ന അദ്ദേഹം കോമയിൽ നിന്നും ഉണർന്നതായും ചുറ്റുപാടുകളോട് പ്രതികരിച്ച് തുടങ്ങിയതായും റിപ്പോർട്ടുണ്ടായിരുന്നു.
സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സൈബീരിയയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തെ ജർമ്മനിയിലേക്ക് എത്തിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ട ഈ സാഹചര്യത്തിൽ കൂടുതൽ സന്ദർശകർ എത്താനുള്ള സാദ്ധ്യതയുണ്ട്. എന്നാൽ കൂടുതൽ സന്ദർശകരെ അനുവദിക്കാൻ കഴിയില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ആശുപത്രിയുടെ ഭാഗത്ത് നിന്നുള്ള പ്രതികരണങ്ങൾ ലഭ്യമല്ലെന്ന് നവൽനിയുടെ വക്താവ് കിര യർമിഷ് ട്വീറ്റ് ചെയ്‌തു. ബെർലിൻ പൊലീസ് ഇക്കാര്യത്തിൽ യാതൊരു പ്രസ്‌താവനയും നടത്തില്ല. നിരവധി കുറ്റകൃത്യങ്ങളാണ് ഈ കേസിൽ ഉൾപ്പെടുകയെന്നും അവർ പറഞ്ഞു.
സോവിയറ്റ് യൂണിയൻ നിലനിന്ന കാലത്ത് ഉപയോഗിച്ചിരുന്ന നോവിചോക് എന്ന വിഷയമാണ് നവൽനിയുടെ ശരീരത്തിൽ നിന്ന് കണ്ടെത്തിയതെന്ന് ജർമ്മനിയിലെ ആശുപത്രി വ്യക്തമാക്കിയിരുന്നു.