hackers

ന്യൂയോർക്ക്: നവംബറിലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ട് റഷ്യ, ചൈന, ഇറാൻ എന്നീ രാജ്യങ്ങളുമായി ബന്ധമുള്ള ഹാക്കർമാർ രംഗത്തിറങ്ങിയതായി ടെക് ഭീമനായ മൈക്രോസോഫ്റ്റ്. 2016ലെ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പ്രചാരണത്തിൽ ഇടപെടാൻ ശ്രമിച്ച റഷ്യൻ ഹാക്കർമാർ ഇത്തവണയും രംഗത്തിറങ്ങിയതായാണ് റിപ്പോർട്ട്.

അമേരിക്കൻ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വിദേശ ഗ്രൂപ്പുകൾ തങ്ങളുടെ ശ്രമങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്ന് വ്യക്തമാണെന്ന് മൈക്രോസോഫ്റ്റ് പറഞ്ഞു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനേയും ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡനെയും ഹാക്കർമാർ ലക്ഷ്യംവച്ചിട്ടുണ്ട്. റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് ഉൾപ്പെടെ അമേരിക്കയിലെ രാഷ്ട്രീയ പാർട്ടികളുമായി ബന്ധമുള്ള 200 ലധികം സംഘടനകളെ സ്‌ട്രോൻഷ്യം ഗ്രൂപ്പിലെ റഷ്യൻ ഹാക്കർമാർ ലക്ഷ്യമിട്ടതായി മൈക്രോസോഫ്റ്റ് പ്രസ്താവനയിൽ പറഞ്ഞു.

റഷ്യൻ സൈനിക രഹസ്യാന്വേഷണ വിഭാഗമായ ജി.ആർ.യുവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന സൈബർ ആക്രമണ യൂണിറ്റാണ് ഫാൻസി ബിയർ എന്ന അറിയപ്പെടുന്ന സ്‌ട്രോൻഷ്യം. വാഷിംഗ്ടൺ ഡി.സിയിൽ പ്രവർത്തിക്കുന്ന എസ്‌.കെ.ഡി.കെ നിക്കർബോക്കർ എന്ന സ്ഥാപനത്തിന്റെ കമ്പ്യൂട്ടറിൽ നുഴഞ്ഞുകയറാനുള്ള ഹാക്കർമാരുടെ ശ്രമം വിജയിച്ചില്ല. റഷ്യൻ സർക്കാരിന്റെ പിന്തുണയുള്ള ഹാക്കർമാരാണ് ആക്രമണത്തിന് ശ്രമിച്ചത്.

ജോ ബൈഡന്റെ പ്രചാരണച്ചുമതലയുള്ള സ്ഥാപനമാണ് എസ്‌.കെ.ഡി.കെ നിക്കർബോക്കർ. അതേസമയം, ആരോപണം വെറും അസംബന്ധമാണെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് പ്രതികരിച്ചു. 2016ലെ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ഹില്ലരി ക്ലിന്റണിന്റെ പരാജയം ഉറപ്പുവരുത്താൻ റഷ്യൻ ഹാക്കർമാർ ശ്രമിച്ചതായി സെനറ്റ് ഇന്റലിജൻസ് കമ്മിറ്റി കണ്ടെത്തിയിരുന്നു.