
തിരുവനന്തപുരം: പാറശാലയിലെ പാർട്ടി പ്രവർത്തകയുടെ ആത്മഹത്യയിലെ ആരോപണങ്ങൾ അന്വേഷിക്കുമെന്ന് സി.പി.എം ഏരിയാ കമ്മിറ്റി. പ്രാദേശികനേതാക്കൾക്കെതിരായ ആത്മഹത്യാകുറിപ്പിലെ പരാമർശം ഗൗരവമുള്ളതാണ്. മരിച്ച ആശയും നേതാക്കളും തമ്മിൽ സാമ്പത്തിക ഇടപാടുണ്ടോയെന്ന് അന്വേഷിക്കും. ആശ മുമ്പ് പരാതി നൽകിയിട്ടില്ലെന്ന് പാറശാല ഏരിയാസെക്രട്ടറി ആർ. അജയകുമാർ പറഞ്ഞു.
സി.പി.എം പ്രവർത്തകയും ചെങ്കൽ പഞ്ചായത്തിലെ ആശ വർക്കറുമാണ് ആശ. ലോക്കൽ,ബ്രാഞ്ച് കമ്മിറ്റി നേതാക്കൾ മാനസികമായി പീഡിപ്പിച്ചെന്നാണ് ആശയുടെ ആത്മഹത്യാകുറിപ്പിൽ എഴുതിയിരിക്കുന്നത്. ഇന്നലെ രാത്രിയാണ് സി.പി.എം ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ ആശയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സി.പി.എമ്മിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനുള്ളിലായിരുന്നു മൃതദേഹം. ഇന്ന് രാവിലെ പൊലീസും ബന്ധുക്കളും ഈ മുറിക്കുള്ളിൽ പരിശോധിച്ചപ്പോഴാണ് ആത്മഹത്യാകുറിപ്പ് കണ്ടത്.
ലോക്കൽ കമ്മിറ്റിയംഗം കൊറ്റാമം രാജൻ, ബ്രാഞ്ച് സെക്രട്ടറി അലത്തറവിളാകം ജോയ് എന്നിവർ മാനസികമായി പീഡിപ്പിച്ചെന്നും പാർട്ടിയിൽ പലതവണ പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നുമാണ് കത്തിലുള്ളത്. മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കളും ആരോപിക്കുന്നുണ്ട്. പാർട്ടിയിലെ പ്രശ്‌നങ്ങൾക്കൊപ്പം പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സീറ്റ് നൽകില്ലെന്ന് നേതാക്കളറിയിച്ചതും ആത്മഹത്യക്ക് കാരണമായെന്ന് ബന്ധുക്കൾ സംശയിക്കുന്നു. ഇന്നലെ രാത്രി ഏഴര മുതൽ ആശയെ കാണാതിയിരുന്നു. എന്നാൽ പൊലീസ് പ്രതികരിച്ചില്ല. സി.പി.എം നേതാക്കൾക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് റോഡും ഉപരോധിച്ചിരുന്നു.