neet

ന്യൂഡൽഹി: നീറ്റ് പരീക്ഷക്ക് ഞായറാഴ്ച എത്താൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് മറ്റൊരു അവസരം കൂടി നൽകണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി.

നീറ്റ് പരീക്ഷ നടത്താൻ അനുമതി നൽകിയ വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ തളളിയതിന് പിന്നാലെയാണ് കോടതി നടപടി. നീറ്റ്-ജെ.ഇ.ഇ പരീക്ഷകൾ നടത്താൻ ഓഗസ്റ്റ് 17ലെ വിധിയിലൂടെ സുപ്രീംകോടതി നേരത്തെ അനുമതി നൽകിയിരുന്നു.

വിധി പുനഃപരിശോധിക്കേണ്ട പുതിയ സാഹചര്യങ്ങളില്ലെന്ന് കോടതി കണ്ടെത്തുകയായിരുന്നു. തുടർന്ന് ഈ മാസം ഒന്നാം തിയതി മുതൽ ആറാംതിയതി വരെ ജെ.ഇ.ഇ പരീക്ഷ നടന്നു. കൊവിഡ് മഹാമാരിയുടെ വ്യാപനവും മരണസംഖ്യയും വർദ്ധിച്ചുകൊണ്ടിരിക്കെ‌ സാമ്പ്രദായിക രീതിയിൽ നീറ്റ്-ജെ.ഇ.ഇ പരീക്ഷകൾ നടത്താനുള്ള തീരുമാനത്തിനെതിരെ വിദ്യാർത്ഥികളും പ്രതിപക്ഷവും വലിയ പ്രതിഷേധം ഉയർത്തിയിരുന്നു.

കൊവിഡ് സാഹചര്യത്തിൽ പരീക്ഷ നടത്തുന്നതിനെതിരെ സോണിയഗാന്ധി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിൽ എടുത്ത തീരുമാനപ്രകാരമാണ് പ്രതിപക്ഷം ഭരിക്കുന്ന ഏഴു സംസ്ഥാനങ്ങളിലെ മന്ത്രിമാർ കോടതിയെ സമീപിച്ചത്.