ചാലക്കുടി: ലോക്ഡൗണും കൊവിഡ് ഭീതിയും കാരണം പ്രധാന ടൂറിസം കേന്ദ്രങ്ങളെയും വന്യജീവി കേന്ദ്രങ്ങളെയും ആളൊഴിഞ്ഞ് വിജനമായതോടെ മൃഗങ്ങൾ കൈയേറുന്ന വാർത്ത കൊവിഡ് സ്ഥിരീകരിച്ച ശേഷം ധാരാളമായി നാം കേൾക്കുന്നുണ്ട്. ഇപ്പോഴിതാ ആതിരപ്പിളളിയിൽ നിന്ന് അത്തരമൊരു വാർത്ത.
അതിരപ്പിള്ളി റോഡിൽ തുമ്പൂർമുഴി പാർക്കിനടുത്ത് റോഡിൽ ഒരു ചീങ്കണ്ണി നടക്കാനിറങ്ങി. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. വെറ്റിലപ്പാറ സ്വദേശികളായ രണ്ടു പേർ കാറിൽ പോകുമ്പോഴായിരുന്നു മുന്നിൽ ചീങ്കണ്ണിയെ കണ്ടത്. ഉടൻ അവർ സംഭവം മൊബൈലിൽ പകർത്തി നവമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചു.
സ്ഥലത്തെത്തിയ വനം വകുപ്പ് ഇവിടെ പരിശോധന നടത്തി. പക്ഷെ ചീങ്കണ്ണിയെ കണ്ടെത്തിയില്ല. പുതിയ പാലത്തിന്റെ നിർമ്മാണം നടക്കുന്ന ഭാഗത്തിലൂടെ ഇഴഞ്ഞ് ചീങ്കണ്ണി കാട്ടിലേയ്ക്ക് വലിഞ്ഞു. ഇത്തരം സംഭവങ്ങൾ ആതിരപ്പിളളിയിൽ അനുദിനം വർദ്ധിച്ച് വരികയാണെന്ന് നാട്ടുകാർ പറയുന്നു. മുൻപ് പ്രളയസമയത്ത് ചാലക്കുടിക്കും ഡ്രീംവേൾഡിനുമിടയിൽ പ്രളയം മൂലം ഉപേക്ഷിച്ച വീട്ടിൽ മുതലയെ കണ്ടെത്തിയിരുന്നു. വീട്ടുകാർ തിരികെയെത്തിയപ്പോൾ ഷെഡിൽ നിന്നാണ് മുതലയെ അന്ന് കണ്ടെത്തിയത്. പിന്നീട് ഇതിനെ വാഴച്ചാൽ ഭാഗത്താണ് വനം വകുപ്പ് വിട്ടത്. ഈ മേഖലയിൽ നിരവധി മുതലകളുണ്ട്.