salmon

ബീജിംഗ് : ശീതീകരിച്ച സാൽമൺ മത്സ്യത്തിൽ കടന്നുകൂടുന്ന കൊവിഡ് 19ന് കാരണക്കാരായ കൊറോണ വൈറസിന് ഒരാഴ്ചയിലേറെ അതിജീവിക്കാൻ സാധിക്കുമെന്ന് ചൈനീസ് ഗവേഷകർ. സൗത്ത് ചൈനാ അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിലെയും ഗ്വാംഗ്ഷൂവിൽ സ്ഥിതി ചെയ്യുന്ന ഗ്വാംഗ്ഡോംഗ് അക്കാഡമി ഒഫ് അഗ്രികൾച്ചറൽ സയൻസസിലെയും ഗവേഷകർ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. സാൽമൺ മത്സ്യ സാമ്പിളുകളിൽ കണ്ടെത്തിയ വൈറസിന് 4 ഡിഗ്രി സെൽഷ്യസിൽ ( 39 ഡിഗ്രി ഫാരൻഹീറ്റ് ) എട്ട് ദിവസം വരെ അതിജീവിക്കാൻ സാധിച്ചതായാണ് കണ്ടെത്തൽ. വിദേശ രാജ്യങ്ങളിൽ നിന്നും ചൈനയിലേക്ക് ഈ താപനിലയിലാണ് ശീതീകരിച്ച സാൽമൺ മത്സ്യത്തെ എത്തിക്കുന്നത്.

ചൈനയിൽ ബീജിംഗ് അടക്കമുള്ള പ്രദേശങ്ങളിൽ ഇറക്കുമതി ചെയ്ത സാൽമൺ മത്സ്യം ഉൾപ്പെടെ ഭക്ഷ്യ പദാർത്ഥങ്ങളിലും പാക്കേജുകളിലും വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് ജൂൺ മാസം മുതൽ ഇത് സംബന്ധിച്ച ഗവേഷണങ്ങൾ ചൈനയിൽ നടക്കുന്നുണ്ട്. ഇത്തരത്തിൽ ശേഖരിച്ച 500,000 സാമ്പിളുകൾ ശേഖരിച്ചതിൽ ആറിലധികം സാൽമൺ സാമ്പിളുകളിലാണ് കൊവിഡ് സാന്നിദ്ധ്യം കണ്ടെത്തിയത്. സാൽമൺ മത്സ്യങ്ങളിൽ ഇത്രയും ദിവസം വൈറസിന് അതിജീവിക്കാമെന്നതിനാൽ ഒരു രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതിനോടൊപ്പം വൈറസ് വ്യപനവും സംഭവിക്കുന്നു. ജോലിക്കാർക്ക് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് 19 രാജ്യങ്ങളിലെ 56 കമ്പനികളിൽ നിന്നുള്ള ഇറക്കുമതിയ്ക്ക് ചൈന വിലക്കേർപ്പെടുത്തിയിട്ടുണ്ട്.