അപകടത്തിൽപെട്ട കാർ തലകീഴായി മറിഞ്ഞിട്ടും, ഇടിച്ചിട്ട പില്ലർ 15 മീറ്റർ അകലെ വീണിട്ടും യാത്രക്കാർക്ക് ഒരു പോറലുപോലും പറ്റിയില്ലെന്ന ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായ 'ആനവണ്ടി ട്രാവൽ ബ്ളോഗിൽ' രമേശ് തെക്കേടത്ത് എന്ന പേരിലാണ് ഇത്തരത്തിലൊരു കുറിപ്പ് പ്രത്ക്ഷപ്പെട്ടിരിക്കുന്നത്. മഹീന്ദ്രയുടെ KUV 100 ആണ് അപകടം പറ്റിയ വാഹനം. ഒരുപാട് അപകടങ്ങൾ കണ്ടിട്ടുണ്ടെങ്കിലും ഇത്തരത്തിൽ ഒരു അപകടം പറ്റിയിട്ട് ആർക്കും ഒരു പരിക്കും പറ്റാതിരുന്നത് KUV 100 100 ന്റെ പ്രത്യേകത തന്നെ ആണെന്ന് കുറിപ്പിൽ പറയുന്നുണ്ട്.
ഫേസ്ബുക്ക് പോസ്‌റ്റ് വായിക്കാം-
ഫാൻസ് അസോസിയേഷൻ ഒന്നും ഇല്ലാത്ത ഒരു കൊച്ചു കരുത്തനെ കുറിച്ച് രണ്ട് വാക്ക്.
ഇന്ന് 11.09.20 തിയ്യതി കാലത്ത് ഏഴര മണിയോടെ കോഴിക്കോട് ജില്ലയിലെ എന്റെ വീട്ടിന് മുന്നിൽ വെച്ച് ഭീകരമായ ശബ്ദം കേട്ട് അങ്ങോട്ട് ഓടിപ്പോകാൻ നോക്കിയപ്പോൾ വീട്ടുകാർ പിടിച്ചു വെച്ചു. സ്ഥിരം അപകടം നടക്കുന്ന സ്ഥലമായതിനാൽ ഇത് കണ്ടു നിൽക്കാൻ പറ്റില്ല എന്ന് കരുതിയാണ് വീട്ടുകാർ പോകാൻ സമ്മതിക്കാതിരുന്നത്. ഇടിയുടെ ശബ്ദം അത്ര വലുതായിരുന്നു. അത് വക വെക്കാതെ ഓടിച്ചെന്നപ്പോൾ പുക നിറഞ്ഞു കിടക്കുന്ന തിനിടയിൽ ഒരു വെളുത്ത കാർ. ഓടി അടുത്തെത്തിയപ്പോൾ ഒരു കുഞ്ഞിന്റെ കരച്ചിൽ മാത്രം. വണ്ടി നോക്കിയപ്പോൾ KUV 100.ഇടിയുടെ ആഘാതത്തിൽ ഡ്രൈവറുടെ ഭാഗം അടിയിലായി വണ്ടി മറിഞ്ഞു കിടക്കുകയാണ്. അപ്പോഴേക്കും കുറെ ആൾക്കാർ ഓടിയെത്തി. കുഞ്ഞിന്റെ കരച്ചിൽ കേൾക്കുന്നെങ്കിലും കുട്ടിയെ പുറത്തെടുക്കാനോ ഡോർ തുറക്കാനോ പറ്റുന്നില്ല. ഫ്രണ്ട് ഗ്ലാസ് മാത്രം പൊട്ടിയിട്ടുണ്ട്. പൊട്ടിയ ഗ്ലാസ് വലിച്ചു മാറ്റാൻ നോക്കിയിട്ട് പറ്റുന്നില്ല. അവസാനം ഗ്ലാസ് ഒരു വിധം മാറ്റി ഒരു പോറലുപോലും ഏൽക്കാതെ കുഞ്ഞിനെ പുറത്ത് എടുത്തു .ഉള്ളിൽ ഭാര്യയും ഭർത്താവും ഒന്നും ചെയ്യാൻ പറ്റാതെ സീറ്റ് ബെൽറ്റിൽ കുടുങ്ങി കിടക്കുന്നു .എയർ ബാഗ് രണ്ടും തുറന്നിട്ടുണ്ട്. അവസാനം ഞങ്ങൾ എല്ലാവരും ചേർന്ന് വണ്ടി പിടിച്ചുയർത്തി സാധാരണ രീതിയിലേക്ക് വെച്ചു. അതിനു ശേഷം സൈഡ് ഗ്ലാസ് പൊട്ടിച്ച് ഡോർ തുറന്ന് രണ്ടു പേരെയും പുറത്തെടുത്തു, സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നിയ നിമിഷം. ഒരു പോറലുപോലും ആർക്കും പറ്റിയിട്ടില്ല. ഓട്ടോ വിളിച്ച് 3 പേരെയും ആശുപത്രിയിൽ എത്തിച്ചു. ആർക്കും ഒരു കുഴപ്പവുമില്ല. അപ്പോൾ തന്നെ അവർ വീട്ടിലേക്ക് പോവുകയും ചെയ്തു. ചങ്ങനാശ്ശേരിയിൽ നിന്നും ഓടിച്ചു വന്ന വണ്ടിയാണ്. മഴയത്ത് പെട്ടെന്ന് വേറെ ഒരു വണ്ടി കയറി വന്നതാണ് അപകടത്തിന് കാരണം.
ഒരു വീടിന്റെ മതിലിനും ഗൈറ്റിനും കൂടിയാണ് വണ്ടി ഇടിച്ചത്. മതിലിന്റെ പില്ലർ ഒക്കെ 15 മീറ്റർ ദൂരെ വരെ എത്തിയിട്ടുണ്ട്. വണ്ടിയുടെ മുൻവശം മൊത്തം തകർന്നെങ്കിലും വണ്ടിയുടെ ഉൾ വശത്ത് ഒന്നും സംഭവിച്ചില്ല. ഒരുപാട് അപകടങ്ങൾ കണ്ടിട്ടുണ്ടെങ്കിലും ഇത്തരത്തിൽ ഒരു അപകടം പറ്റിയിട്ട് ആർക്കും ഒരു പരിക്കും പറ്റാതിരുന്നത് KUV 100 100 ന്റെ പ്രത്യേകത തന്നെ ആണെന്ന് പറയാതെ വയ്യ.