റോജ എന്ന ഒറ്റച്ചിത്രത്തിലൂടെ രാജ്യമെമ്പാടും ആരാധകരെ സ്വന്തമാക്കിയ
സൂപ്പർ നായിക മധുബാലഇടവേളയ്ക്കുശേഷം ആദ്യമായി നൽകിയ അഭിമുഖം
എസ്. അനിൽകുമാർ
മധുബാല ഒരു ഉൗർജ്ജ പ്രവാഹമാണ്. പരിചയപ്പെടുന്ന ആരെയും തന്നിലേക്ക് ആകർഷിക്കുന്ന ഒരു മാജിക്കുണ്ട് മധുബാലയുടെ പ്രകൃതത്തിൽ. വിവിധഭാഷകളിലായി ഒരുപിടി സിനിമകളിലൂടെയും ഒ.ടി.ടി പ്ളാറ്റ് ഫോമിലൂടെയും ഒരിക്കൽ കൂടി ഒരു തിരിച്ചുവരവിനൊരുങ്ങുകയാണ് മധുബാല.
മധുവെന്ന പേര് മധുബാലയെന്ന് മാറ്റിയതാരാണ്?
അഴകൻ എന്ന തമിഴ് ചിത്രത്തിലൂടെ എന്നെ ലോഞ്ച് ചെയ്തത് കെ. ബാലചന്ദർ സാറാണ്. ദക്ഷിണേന്ത്യയിൽ മധുവെന്നത് ആണുങ്ങളുടെ പേരാണെന്നും പേര് മാറ്റണമെന്നും ബാലചന്ദർ സാർ പറഞ്ഞു. എനിക്ക് എന്റെ പേര് ഇഷ്ടമാണെന്നും മാറ്റേണ്ടെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അച്ഛനും അമ്മയുമിട്ട മധുവെന്ന പേര് ഞാൻ മാറ്റില്ലെന്ന് പറഞ്ഞപ്പോൾ മധുവിന്റെ കൂടെ എന്തെങ്കിലും കൂടി ചേർക്കാമെന്ന് അദ്ദേഹം. ദക്ഷിണേന്ത്യയ്ക്ക് വേണ്ടി മധുവിനൊപ്പം ഒരു വാല് കൂടി ചേർക്കാൻ ഞാൻ സമ്മതിച്ചു. ബാലയെന്ന പേരിഷ്ടമാണോയെന്ന് അദ്ദേഹം ചോദിച്ചു. ഇഷ്ടമാണെന്ന് പറഞ്ഞു. അങ്ങനെ ഞാൻ മധുബാലയായി.
ഇന്ത്യൻ സിനിമ കണ്ട ഏറ്റവും സുന്ദരിയായ നായികയുടെ പേരായിരുന്നു മധുബാല?
അതെ. ഇന്ത്യൻ സിനിമയിലെ വീനസ് എന്നാണ് അവർ അറിയപ്പെട്ടിരുന്നത്.
അവരുടെ അഭിനയവും ചിരിയുമെല്ലാം കാലങ്ങൾ കഴിഞ്ഞാലും പ്രേക്ഷകർ മറക്കില്ല. അത്രയും വലിയ ഒരു അഭിനേത്രിയുടെ പേരാണ് എനിക്ക് ലഭിച്ചിരിക്കുന്നതെന്നൊന്നും ഞാൻ ഒരിക്കലും വിചാരിച്ചിട്ടേയില്ല. ഹിന്ദി സിനിമയിൽ ഞാൻ മധുബാലയല്ല മധുവാണ്.
അഴകനാണ് ആദ്യ റിലീസ്. കെ. ബാലചന്ദറും മമ്മൂട്ടിയും. രണ്ട് 'പുലി "കൾക്ക് മുന്നിൽ തുടക്കക്കാരിയായ മധുബാല ടെൻഷനടിച്ചിരുന്നോ?
രണ്ട് പേരും എന്നോട് വളരെ നന്നായിട്ടേ പെരുമാറിയിട്ടുള്ളൂ. ബാലചന്ദർ സാറിന് എന്റെ ജന്മസിദ്ധമായ ടാലന്റ് ബോധ്യമായിരുന്നു. ഞാൻ ഒരു ട്രെയിൻഡ് ആക്ടറൊന്നുമല്ല. ഹിന്ദി ഉച്ചാരണം കൃത്യമാക്കാൻ ആക്ടിംഗ് സ്കൂളിൽ പോയിട്ടുണ്ടെന്നേയുള്ളൂ.അടിസ്ഥാനപരമായി ഞാൻ വളരെ ഇമോഷണലാണ്. ഒരാർട്ടിസ്റ്റിനെ പോലെ അഭിനയിക്കുന്നയാളല്ല. ഇമോഷൻസ് ഫീൽ ചെയ്ത് അഭിനയിക്കുന്ന എന്റെ ശൈലി ബാലചന്ദർ സാറിന് ഒരുപാട് ഇഷ്ടമായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം എന്നോട് ദേഷ്യപ്പെട്ടിട്ടില്ല.
മമ്മൂട്ടിസാർ ഗംഭീരമായ ഒരു വ്യക്തിത്വത്തിനുടമയാണ്. എപ്പോഴും സീരിയസ്സായിരിക്കും. പക്ഷേ എന്നോട് ദേഷ്യപ്പെട്ടിട്ടേയില്ല. ഒരു ഡീസന്റ് പേഴ്സൺ. സൂപ്പേർബ് ആക്ടറാണ് അദ്ദേഹം.
മമ്മൂട്ടി സാറിനെപ്പോലെ ഒരു നായകനൊപ്പം തുടക്കമിടാൻ കഴിഞ്ഞത് എനിക്ക് വലിയ നേട്ടമായിരുന്നു. മറ്റുള്ള ആർട്ടിസ്റ്റുകളെ നോക്കി പഠിക്കുന്നയാളാണ് ഞാൻ. അവർ അഭിനയിക്കുന്നതെങ്ങനെയാണെന്നൊക്കെ ഞാൻ നിരീക്ഷിക്കാറുണ്ട്. ആദ്യ സിനിമയിൽ തന്നെ ബാലചന്ദർ സാറിനും മമ്മൂട്ടി സാറിനുമൊപ്പം വർക്ക് ചെയ്യാൻ സാധിച്ചത് എനിക്ക് ലഭിച്ച ഭാഗ്യവും അനുഗ്രഹവുമാണ്.1991 ൽ ആണ് അഴകൻ റിലീസായത്.
എന്നോടിഷ്ടം കൂടാമോ സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോൾ വീട്ടിലേക്ക് ഫോൺ ചെയ്യാൻ വെമ്പൽ കൊണ്ട മധുബാലയെപ്പറ്റി മുകേഷ് പറഞ്ഞിട്ടുണ്ട്?
ശരിയാണ് അന്ന് മൊബൈൽ ഫോണൊന്നുമില്ലല്ലോ. ഞാനാണെങ്കിൽ ഹോം സിക്നെസ് അല്പം കൂടുതലുള്ളയാളും. എനിക്കെപ്പോഴും അച്ഛനോട് സംസാരിക്കണം. മുംബയിലെ സുഹൃത്തുക്കളോട് സംസാരിക്കണം. ഷൂട്ടിംഗ് ലൊക്കേഷനുകളിലെല്ലാം എസ്.ടി.ഡിയുള്ള ഫോൺ ഞാൻ തേടിക്കൊണ്ടിരിക്കുമായിരുന്നു.കോഴിക്കോട് ഷൂട്ടിംഗ് നടന്ന വീട്ടിലെ ലോക് ചെയ്ത ഫോൺ എനിക്ക് വേണ്ടി അൺലോക് ചെയ്ത് തന്നത് മുകേഷേട്ടനായിരുന്നു. മുകേഷേട്ടൻ എനിക്ക് ഒരു നല്ല സുഹൃത്തായിരുന്നു.
ഹേമമാലിനിയുടെ കസിനാണ് മധുബാലയെന്ന് കേട്ടിട്ടുണ്ട്.?
അച്ഛൻ ഹേമാജിയുടെ അമ്മാവനാണ്. ഹേമാജിയുടെ അമ്മയും എന്റെ അച്ഛനും സഹോദരിയും സഹോദരനുമാണ്.
ഹേമമാലിനിയുടെ കസിനായതുകൊണ്ടാണോ അഭിനയം പ്രൊഫഷനാക്കിയത്?
എന്റെ കുടുംബമേ കലാകാരന്മാരുടേതാണ്. അമ്മ രേണുക പ്രശസ്ത ഭരതനാട്യം നർത്തകിയായിരുന്നു. വയൂർ രാമ്യപിള്ളയുടെ ശിഷ്യയായിരുന്നു അമ്മ. വീട്ടിലെപ്പോഴും അമ്മ ഡാൻസ് പഠിപ്പിച്ചിരുന്ന പെൺകുട്ടികളുണ്ടാവുമായിരുന്നു. ഒരുപാട് കുട്ടികൾക്ക് അമ്മ അരങ്ങേറ്റം ചെയ്തുകൊടുത്തിട്ടുണ്ട്. വീട്ടിലെപ്പോഴും നൃത്തത്തിന്റെയും സംഗീതത്തിന്റെയും അന്തരീക്ഷമായിരുന്നു. ഹേമാജിയാണെങ്കിൽ വലിയ താരം. കുട്ടിക്കാലം തൊട്ടേ ഞാൻ ഹേമാജിയുടെ സിനിമകൾ കാണുമായിരുന്നു. അങ്ങനെ കല നിറഞ്ഞുനിന്ന വീട്ടിൽ വളർന്നത് കൊണ്ടാവാം ഡാൻസ് ചെയ്യണം, സിനിമയിൽ അഭിനയിക്കണമെന്നൊക്കെയുള്ള മോഹം എന്റെയുള്ളിലുണ്ടായത്.
തമിഴിലഭിനയിച്ച സിനിമകളിലൊക്കെ മധുബാല തന്നെയാണ് ഡബ്ബ് ചെയ്തിട്ടുള്ളതെന്ന് കേട്ടിട്ടുണ്ട്?
ആദ്യസിനിമയായ അഴകനിലൊഴിച്ച് തമിഴിലെ മറ്റെല്ലാ സിനിമകളിലും ഞാൻ തന്നെയാണ് ഡബ്ബ് ചെയ്തിട്ടുള്ളത്. മുംബ യിലാണ് വളർന്നതും താമസിക്കുന്നതുമെങ്കിലും ഞാനൊരു തമിഴ് അയ്യങ്കാർ പെണ്ണല്ലേ.തമിഴ് എനിക്ക് നന്നായറിയാം.മുംബയിലാണെങ്കിലും നേരത്തെ വീട്ടിൽ തമിഴ് തന്നെയാണ് സംസാരിച്ചിരുന്നത്. ഗുജറാത്തിയെ കല്യാണം കഴിച്ച ശേഷം ഇപ്പോൾ വീട്ടിൽ തമിഴ് സംസാരിക്കുന്ന ശീലമില്ല.
അച്ഛൻ സിനിമാ നിർമ്മാതാവായിരുന്നു?
അതെ. രഘുനാഥ് എന്നാണ് അദ്ദേഹത്തിന്റെ പേര്. മാർഗ്, ആവാൻഗീ, ദോ ദിശാ യേം എന്നീ സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. ദുലാൽ ഗുഹാൻ എന്ന സിനിമ സംവിധാനം ചെയ്തു.ഞാൻ സ്കൂളിൽ പഠിച്ചിരുന്ന സമയത്തായിരുന്നു അമ്മയുടെ മരണം. എന്നെയും എന്റെ സഹോദരൻ സുദർശൻ രഘുനാഥനെയും അച്ഛനാണ് വളർത്തിയത്. അതുകൊണ്ടുതന്നെ അച്ഛനോട് വലിയ അറ്റാച്ച്മെന്റുണ്ട്.ഇൗവർഷം ജനുവരിയിൽ അച്ഛനും എന്നെ വിട്ടുപോയി.
സഹോദരൻ അമേരിക്കയിലെ സാന്റിയോഗയിൽ ഒാംനിട്രാക്ക് കമ്പനിയുടെ മേധാവിയാണ്.
മണിരത്നം സംവിധാനം ചെയ്ത റോജയാണ് മധുബാലയുടെ ജീവിതത്തിൽ വഴിത്തിരിവായ ചിത്രം?
ജീവിതത്തിൽ നമുക്ക് ചില അനുഗ്രഹങ്ങൾ തനിയെ വന്നുചേരും. എത്ര തേടിപോയാലും ചിലപ്പോൾ അത് കിട്ടില്ല. സമയമാകുമ്പോൾ അത് നമ്മളെ തേടിവരും. പെരുമാൾ (മഹാവിഷ്ണു) അത് നമുക്ക് നൽകും. എന്റെ അഭിനയ ജീവിതത്തിൽ ഒന്നും ഞാൻ കണക്ക് കൂട്ടി നേടിയെടുത്തതല്ല.
കെ. ബാലചന്ദർ സാർ എന്നെ ലോഞ്ച് ചെയ്യണമെന്ന് ഞാൻ പ്ളാൻ ചെയ്തതല്ല. പക്ഷേ അഴകനിലൂടെ അദ്ദേഹമാണ് എന്നെ ലോഞ്ച് ചെയ്തത്.റോജ പോലൊരു സിനിമ എനിക്ക് ലഭിക്കുമെന്നോ എന്റെ ജീവിതത്തിൽ അതൊരു നാഴികക്കല്ലാകുമെന്നോ ഞാൻ വിചാരിച്ചിരുന്നില്ല. റോജയിൽ അഭിനയിക്കുന്ന സമയത്ത് എന്റെ ജീവിതത്തിൽ വഴിത്തിരിവാകാൻ പോകുന്ന സിനിമയിലാണ് ഞാൻ അഭിനയിക്കുന്നതെന്നും വിചാരിച്ചിട്ടില്ല. ഒരു സിനിമ ചെയ്യുന്നു, അത്രേയുള്ളൂ.
റോജ അത്ര വലിയ വിജയമായത് പെരുമാളിന്റെ അനുഗ്രഹം. അതൊരു ദൈവഹിതമെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.മണിസാറും അദ്ദേഹത്തിന്റെ ഭാര്യ സുഹാസിനിയും ചേർന്നാണ് റോജയ്ക്കുവേണ്ടി എന്നെ ഒാഡിഷൻ ചെയ്തത്. മണിസാറിന്റെ ഒാഫീസിൽ പോകണമെന്നും അന്വേഷിക്കുന്നുണ്ടെന്നും ബാലചന്ദർസാർ പറഞ്ഞു. ഞാൻ എന്തിന് പോകണം? എന്തിന് ആ സിനിമ ചെയ്യണം? എത്രയോപേർ ആ സിനിമയുടെ ഒാഡിഷനിൽ പങ്കെടുത്തിട്ടുണ്ടാവും എന്നൊക്കെയായിരുന്നു എന്റെ ചിന്ത.
ഒഡിഷനിൽ എന്നെ തിരഞ്ഞടുത്തു. ഉടനെ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുകയും ചെയ്തു. അത്ര സിംപിളായി നടന്ന സംഗതി ഇത്ര വലിയ വിജയമായി. മണിസാർ ഒരു റിസർവ്ഡ് ടൈപ്പാണ്. എനിക്ക് ഇതുപോലൊരു സിനിമ വേണം റോൾ വേണം, ഇതുപോലെ ഡ്രസ് ചെയ്യും, ഇതുപോലെ മേക്കപ്പ് ചെയ്യും അതിന് വേണ്ടി ട്രെയിനിംഗ് ചെയ്യും. അങ്ങനെ ഒന്നും റോജയ്ക്ക് വേണ്ടി ഞാൻ ചെയ്തിട്ടില്ല. റോജയിലെ എന്റെ കോസ്റ്റ്യൂംസ് തീരുമാനിച്ചതെല്ലാം മണിസാറും സുഹാസിനി മാഡവും കോസ്റ്റ്യൂമറുമൊക്കെ ചേർന്നാണ്.ഞാനാ സിനിമയ്ക്ക് വേണ്ടി ഒരുവിധത്തിലുള്ള ഹോംവർക്കും ചെയ്തിട്ടില്ല. അങ്ങനെ ഒരു എഫർട്ടുമില്ലാതെ ചെയ്ത സിനിമയാണ് റോജ.
മണിരത്നത്തിന്റെ ഇരുവറിലും അഭിനയിച്ചല്ലേ?
അതൊരു ഗസ്റ്റ് അപ്പിയറൻസായിരുന്നു. ജയലളിതയുടെ ബയോപിക് ആയ തലൈവിയിൽ ഞാനിപ്പോൾ ജാനകി രാമചന്ദ്രനായി അഭിനയിച്ചു. എന്തൊരു യാദൃശ്ചികതയാണെന്ന് നോക്കൂ. വിശ്വസിക്കാനേ പറ്റുന്നില്ല. ഇരുവറിലേത് ചെറിയൊരു വേഷമായിരുന്നു. തലൈവിയിൽ മുഴുനീള വേഷമാണ്. തലൈവിയിൽ അവർ ആദ്യമെന്നെ വിളിച്ചത് ജയലളിത മാഡത്തിന്റെ അമ്മയുടെ വേഷം അവതരിപ്പിക്കാനാണ്. അമ്മയുടെ യൗവനകാലത്തിന് സിനിമയിൽ നല്ല പ്രാധാന്യമുണ്ട്. ആ റോളിനുവേണ്ടിയാണ് അവർ എന്നെ കാണാൻ വന്നത്. കണ്ടതിന് ശേഷമാണ് ജാനകി രാമചന്ദ്രന്റെ വേഷം ചെയ്യാൻ പറ്റുമോയെന്ന് ചോദിക്കുന്നതും എനിക്ക് വേണ്ടി നിശ്ചയിച്ചിരുന്ന കാരക്ടർ മാറ്റിയതും.
ഇരുവറിൽ മോഹൻലാലായിരുന്നു
നായകൻ. മലയാളത്തിലെ രണ്ട് സൂപ്പർ സ്റ്റാറുകളുടെയും കൂടെ മലയാളത്തിലും തമിഴിലും അഭിനയിച്ചല്ലോ?
മോഹൻലാൽ സാറിനൊപ്പം മുഴുനീള വേഷം ചെയ്തത് യോദ്ധയിലാണ്. നേപ്പാളിൽ ഒരുമാസത്തെ ഷൂട്ടിംഗുണ്ടായിരുന്നു. നിങ്ങൾക്കറിയുന്ന പോലെതന്നെ മോഹൻലാൽ സർ വളരെ ജോളിയായ മനുഷ്യനാണ്. എപ്പോഴും റിലാക്സ്ഡായിരിക്കും. യോദ്ധയുടെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് മോഹൻലാൽ സാറിനെ ഒരിക്കൽപ്പോലും ഞാൻ ടെൻഷനടിച്ച് കണ്ടിട്ടില്ല. എനിക്ക് മലയാളം ഒട്ടുമറിയില്ല. മോഹൻലാൽ സാറും ജഗതി ശ്രീകുമാർ ചേട്ടനുമൊക്കെ എനിക്ക് മലയാളം ഡയലോഗുകളും ഉച്ചാരണവുമൊക്കെ പറഞ്ഞ് പഠിപ്പിച്ചുതന്നിട്ടുണ്ട്.
മോഹൻലാൽ സാറിനൊപ്പം അഭിനയിച്ചപ്പോൾഒരു സൂപ്പർ സ്റ്റാറിന്റെയൊപ്പം അഭിനയിക്കുകയാണെന്ന സങ്കോചമൊന്നും എനിക്കുണ്ടായിരുന്നില്ല. അഴകന്റെ ഷൂട്ടിംഗ് സമയത്ത് മമ്മൂട്ടി സർ എന്നോട് ചോദിച്ചിട്ടുണ്ട്: ' ഉനക്ക് എന്ന വയസമ്മാ... സിക്സ്റ്റീനാ"യെന്ന്!
'ഇല്ല, സാർ.. ട്വന്റി കഴിഞ്ഞു"വെന്ന് ഞാൻ മറുപടിയും പറഞ്ഞു.ആ കാലത്ത് എന്നെയെല്ലാവരും ഒരു കൊച്ചുകുട്ടിയെപ്പോലെയാണ് കണ്ടിരുന്നത്. ഇന്ന് ഇരുപത് വയസ് പെൺകുട്ടികളെ കൊച്ചുകുട്ടിയായിട്ടൊന്നും ആരും കാണില്ല. പക്ഷേ തൊണ്ണൂറുകളിൽ അങ്ങനെയായിരുന്നില്ല. ഇരുപത് വയസുണ്ടായിരുന്നെങ്കിലും എന്നെ കണ്ടാൽ അപ്പോൾ പതിനാറോ പതിനേഴോ മാത്രമേ പറയുമായിരുന്നുള്ളൂവെന്ന് തോന്നുന്നു.അഴകനിൽ ഭാനുപ്രിയ മാഡവും അഭിനയിച്ചിരുന്നു. 'നീ വലിയ നടിയാകു"മെന്ന് മാഡം ഒരിക്കലെന്നെ അഭിനന്ദിച്ചതോർമ്മയുണ്ട്.
വലിയ വലിയ താരങ്ങളൊക്കെ എന്നോട് നല്ല വാക്കുകൾ പറഞ്ഞു. ഒരു കൊച്ചുകുട്ടിയെന്നപോലെ എന്നെ പരിഗണിച്ചു.
ഫൂൽ ഒൗർ കാണ്ഡെ എന്ന ബോളിവുഡ് ചിത്രത്തിലേക്കെല്ലേ ആദ്യം ഒാഫർ വരുന്നത്?
അതെ. ഇല്ലസ്ട്രേറ്റഡ് വീക്ക്ലിയുടെ അവസാന പേജിൽ അഭിനയിക്കാൻ ആഗ്രഹിക്കുന്ന ആളുകളുടെ ഫോട്ടോ വരുമായിരുന്നു. അങ്ങനെ എന്റെ ഫോട്ടോ കണ്ട് സംവിധായകൻ കുക്കു കോഹ്ലി ഫോൺ ചെയ്യുകയായിരുന്നു. ഞാനപ്പോൾ വീട്ടിൽ കാരംസ് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. കളിയുടെ ത്രില്ലിലായിരുന്നതിനാൽ കുക്കു കോഹ്ലിയോട് ഞാൻ നേരാംവണ്ണം സംസാരിച്ചുപോലുമില്ല. അച്ഛനാണ് അദ്ദേഹത്തോട് സംസാരിച്ചത്.
അഭിനയിച്ച ചിത്രങ്ങളിൽ പാഞ്ചാലങ്കുറിച്ചിയാണ് ഏറ്റവും പ്രിയപ്പെട്ട സിനിമയെന്ന് കേട്ടിട്ടുണ്ട്?
ഞാനഭിനയിച്ച സിനിമകളിൽ എനിക്കേറ്റവും പ്രിയപ്പെട്ട സിനിമ റോജ തന്നെയാണ്. കല്യാണത്തിന് ശേഷം പതിനഞ്ചുവർഷം ഞാൻ ഇൗ ഇൻഡസ്ട്രിയിലെയുണ്ടായിരുന്നില്ല. ഇന്നും എനിക്ക് ആരാധകരുണ്ടെങ്കിൽ, നിങ്ങളെപ്പോലെയുള്ളവർ എന്നെ ഇന്റർവ്യൂ ചെയ്യുന്നുണ്ടെങ്കിൽ അതിന് കാരണം റോജയാണ്. എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന സിനിമയാണ് റോജ. ആ സിനിമ എല്ലാവരും കണ്ടിട്ടുണ്ട്. പാഞ്ചാലങ്കുറിച്ചി അത്ര വലിയ ഹിറ്റായിരുന്നില്ല. നല്ല പാട്ടുകളായിരുന്നു ആ സിനിമയിലേത്. പക്ഷേ റോജയോ ജെന്റിൽമാനോ പോലെ പാട്ടുകളും അത്ര വലിയ ഹിറ്റായില്ല.'ആത്തോര തോപ്പുക്കുള്ളൈ അത്താനെ സന്ധിക്ക നാൻ" എന്ന പാട്ട് എനിക്ക് പ്രിയപ്പെട്ടതാണ്.
പാട്ട് പഠിച്ചിട്ടുണ്ടോ?
പാട്ട് പഠിച്ചിട്ടില്ല. ഞാൻ ഡാൻസറാണ്. എന്നാലും സംഗീതം എനിക്ക് വലിയ ഇഷ്ടമാണ്. എപ്പോഴും പാട്ട് കേൾക്കുന്നതാണ് എന്റെ ഹോബി. സീമാൻ സാറാണ് പാഞ്ചാലങ്കുറിച്ചിയുടെ സംവിധായകൻ.അദ്ദേഹം ഇപ്പോൾ തമിഴ്നാട്ടിൽ രാഷ്ട്രീയത്തിലിറങ്ങിക്കഴിഞ്ഞു. പ്രഭുസാറായിരുന്നു പാഞ്ചാലങ്കുറിച്ചിയിലെ നായകൻ. എനിക്ക് പ്രിയപ്പെട്ട കോസ്റ്റാറാണ് അദ്ദേഹം. വീട്ടിൽ നിന്നുകൊണ്ടുവരുന്ന ഭക്ഷണം ലൊക്കേഷനിൽ ഞങ്ങൾക്കൊക്കെ വിളമ്പിത്തരും.
പ്രഭുസാറിനോടൊപ്പം കോളേജ് കുമാർ എന്ന സിനിമയിൽ അടുത്തിടെ അഭിനയിച്ചു. കൊവിഡ് കാരണം തിയേറ്ററിൽ വേണ്ട രീതിയിൽ ആ സിനിമ ഒാടിയില്ല. ശരത് കുമാർ സാറിനൊപ്പം രണ്ണ എന്ന തെലുങ്ക്-കന്നഡ സിനിമയിൽ അഭിനയിച്ചു.
ഇടയ്ക്ക് മിനിസ്ക്രീനിലും അഭിനയിച്ചല്ലോ?
ആരംഭ് എന്ന സീരിയൽ ചെയ്തു. സബ് ടീക് ഹെ എന്ന ഷോർട്ട് ഫിലിമും ചെയ്തു.
ദൂരദർശനിൽ രംഗോലി എന്ന പാട്ടുപരിപാടിയുടെ അവതാരകയായത്?
എന്റെ പ്രിയപ്പെട്ട ഷോയായിരുന്നു അത്. കുട്ടിക്കാലത്ത് ഇത്രയധികം ചാനലുകളൊന്നുമില്ലാതിരുന്ന സമയത്ത് രംഗോലി, ഛായാഗീത് തുടങ്ങിയ പരിപാടികളുടെ സ്ഥിരം പ്രേക്ഷകയായിരുന്നു ഞാൻ. ഹേമാജിയും അത്തരമൊരു ഷോ അവതരിപ്പിച്ചിട്ടുണ്ട്. അന്ന് തൊട്ടേ രംഗോലിയുടെ അവതാരകയാകണമെന്ന ആഗ്രഹമുണ്ടായിരുന്നു. ഞാൻ എന്തൊക്കെ ആഗ്രഹിച്ചിട്ടുണ്ടോ അതൊക്കെ ഒന്നിനുപിറകേ ഒന്നായി പെരുമാൾ എനിക്ക് സാധിച്ചുതന്നിട്ടുണ്ട്.
എപ്പോഴും പെരുമാളിനെപ്പറ്റി പറയുന്നു. കടുത്ത ഇൗശ്വരവിശ്വാസിയാണോ?
എനിക്ക് ഇൗശ്വരവിശ്വാസമുണ്ട്. ഒന്നും നമ്മുടെ നിയന്ത്രണത്തിലല്ലെന്ന് നന്നായറിയാം. ജ്യോതിഷ പണ്ഡിതർക്ക് പോലും നടക്കാൻ പോകുന്ന കാര്യങ്ങളെല്ലാം മുൻകൂട്ടി പ്രവചിക്കാൻ പറ്റില്ല. മാർച്ച് മാസത്തോടെ ലോകം മുഴുവൻ ലോക് ഡൗണിലാകുമെന്ന് ഏതെങ്കിലും ജ്യോതിഷ പണ്ഡിതർ പ്രവചിച്ചോ? ഇപ്പോൾ കുറേപേര് പറയുന്നുണ്ട് ഞാൻ പണ്ടേ പറഞ്ഞിരുന്നതാ എന്നൊക്കെ
മക്കൾ കേക്ക് ബിസിനസ് രംഗത്തേക്ക് കടന്നുവെന്ന വാർത്ത കേട്ടു?
ഇളയമകൾ കേയ ലോക് ഡൗൺ സമയത്ത് വീട്ടിൽ വെറുതേ ഇരുന്ന് ബോറടിച്ചപ്പോൾ തുടങ്ങിയ പരിപാടിയാണ്. ഒരു സ്കൂൾ ഫ്രണ്ടിനോടൊപ്പം ചേർന്നാണ് കപ്പ് കേക്കുണ്ടാക്കി വിൽക്കുന്നത്. അതിൽ നിന്ന് കിട്ടുന്ന വരുമാനം തെരുവു നായ്ക്കളുടെ സംരക്ഷണത്തിന് വിനിയോഗിക്കുന്നു. നല്ല കഠിനാദ്ധ്വാനവും ക്രിയേറ്റിവിറ്റിയും വേണ്ട ജോലിയാണ് കേക്ക് നിർമ്മാണം. മൂത്തമകൾ അമേയ ലണ്ടൻ യൂണിവേഴ്സിറ്റിയിലാണ് പഠിക്കുന്നത്. ഫാഷനിലാണ് അവൾക്ക് താൽപര്യം. ലോക് ഡൗണായതിനാൽ ഇപ്പോൾ എന്റെ കൂടെയുണ്ട്. അമേയയ്ക്ക് അഭിനയിക്കണമെന്ന മോഹമുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ അതേപ്പറ്റി അവൾ ഒന്നും പറയുന്നില്ല.
അമ്മയുടെ പഴയ സിനിമകൾ കണ്ടിട്ട് മക്കൾ എന്താണ് പറയാറ്?
എന്റെ പഴയ സിനിമകളൊന്നും അവർ അധികം കണ്ടിട്ടില്ല. അവർക്കതൊന്നും അത്ര ഇഷ്ടവുമല്ല. അവർ വലിയ മോഡേൺ കക്ഷികളാണ്. ആലിയ ഭട്ടിന്റെയൊക്കെ സിനിമകളേ കാണൂ. എന്റെ സിനിമകൾ വല്ലപ്പോഴുമായിരിക്കും കാണുക. അഭിനയരംഗത്തേക്ക് ഞാൻ വീണ്ടുമെത്തിയതിന്റെ കാരണം തന്നെ എന്റെ മക്കൾക്ക് ഞാനഭിനയിച്ച സിനിമകൾ കണ്ടിട്ട് അമ്മയെക്കുറിച്ചോർത്ത് അഭിമാനം തോന്നണമെന്ന് കരുതിയാണ്. ഞാനഭിനയിച്ച സബ് ടീക് ഹെ എന്ന ഷോർട്ട് ഫിലിമിന്റെ പ്രീമിയർ ഷോയ്ക്ക് അമേയയെയും കേയയെയും ഞാൻ കൊണ്ടുപോയിരുന്നു. ആ ഷോർട്ട് ഫിലിം കണ്ടിട്ട് അമേയ പറഞ്ഞു. ''മമ്മാ യൂ ആർ എ ഫാബുലസ് ആക്ടർ.'എന്ന്.ഞാൻ അപ്പോഴനുഭവിച്ച സന്തോഷം പറഞ്ഞറിയിക്കാനാവില്ല.
എന്റെ സിനിമകൾ കണ്ടിട്ട് മക്കൾ ഗംഭീരമെന്നഭിപ്രായപ്പെടണം. അവർക്ക് പ്രചോദനം നൽകാൻ എനിക്കും എന്നെക്കുറിച്ചോർത്ത് അഭിമാനിക്കാൻ അവർക്കും കഴിയണം. ഇപ്പോഴെനിക്ക് ജോലി ചെയ്യാൻ പുതിയൊരു ആവേശമുണ്ട്.
വിവാഹം കഴിഞ്ഞിട്ട് ഇരുപത്തഞ്ച് വർഷമായി. ഒരു ഭാര്യ, അമ്മ എന്ന നിലയിൽ സ്വയം വിലയിരുത്തിയാൽ?
ഞാനൊരു ഫ്രണ്ട ്ലി അമ്മയാണ്. മക്കളെ ഒരുപാട് നിയന്ത്രിക്കാറൊന്നുമില്ല. എന്നെയും അച്ഛനും അമ്മയും ആവശ്യത്തിൽ കൂടുതൽ നിയന്ത്രിച്ചിട്ടില്ല. ഞാനത് എന്റെ മക്കളോടും കാണിക്കുന്നു.
ഞാൻ ചെയ്യണമെന്നാഗ്രഹിക്കുന്ന കാര്യം ചെയ്യാൻ എന്റെ അച്ഛനും ഭർത്താവും എന്നെ അനുവദിച്ചു. അതുപോലെ മക്കൾ അവർക്കിഷ്ടമുള്ളത് ചെയ്യട്ടെ. ഞാനത് സപ്പോർട്ട് ചെയ്യും. എല്ലാ കാര്യങ്ങളും ഞാനവരോട് തുറന്ന് സംസാരിക്കാറുണ്ട്.
സപ്പോർട്ടീവായ ഭാര്യയാണെങ്കിലും ഞാനല്പം വഴക്കാളിയാണ്. ഭർത്താവ് എന്നോട് വഴക്കിടാറില്ല. പക്ഷേ, ഞാൻ അങ്ങോട്ട് പോയി വഴക്കിടും. എന്റെയാ സ്വഭാവം അദ്ദേഹം സഹിക്കുന്നത് തന്നെ ഭാഗ്യം. പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതമാണ് എന്റേത്. ഞാനൊരു ചാനൽ കാണുമ്പോൾ അവർക്ക് വേറൊരു ചാനൽ കാണണമെന്ന് പറഞ്ഞാലോ എനിക്ക് എ.സി വേണമെന്ന് പറയുമ്പോൾ അവർക്ക് വേണ്ടെന്ന് പറഞ്ഞാലോ ഒക്കെയാണ് ഞാൻ വഴക്കിടുന്നത്.മക്കൾക്ക് എന്റെ മുൻകോപം ഒട്ടും ഇഷ്ടമില്ല. ഞാൻ ദേഷ്യപ്പെടുമ്പോൾ അവരും അതേ പോലെ എന്നോട് കാണിക്കും. ''പപ്പാ ഈസ് സോ പേഷ്യന്റ് വിത്ത് യു മമ്മാ.. യു ആർ സോ ഷോർട്ട് ടെംപേർഡ് "" എന്ന് മക്കൾ എപ്പോഴും പറയും.
ഒരുപാട് മലയാള സിനിമകൾ ചെയ്തു.
കേരളത്തിലെ പ്രിയപ്പെട്ട
ഭക്ഷണം ഏതാണ്?
അനിത നായർ എന്ന മലയാളിയായിരുന്നു സ്കൂളിൽ എന്റെ ബെസ്റ്റ് ഫ്രണ്ട്. അനിതയുടെ അമ്മ അസ്സല് കുക്കായിരുന്നു. അനിതയുടെ വീട്ടിൽ അമ്മയുണ്ടാക്കുന്ന ഭക്ഷണം കഴിക്കാൻ ഒരുപാട് തവണ പോയിട്ടുണ്ട്. അനിതയുടെ അമ്മയുണ്ടാക്കിത്തന്ന ദോശയുടെയും ഊണിനൊപ്പമുള്ള അവിയലിന്റെയുമൊക്കെ സ്വാദ് ഇപ്പോഴും എന്റെ നാവിൻതുമ്പിലുണ്ട്. സാധാരണ പച്ചക്കറികൾ പോലും അവർ വെളിച്ചെണ്ണയിലാണ് പാകം ചെയ്യുക. ഞങ്ങളുടെ വീട്ടിൽ വെളിച്ചെണ്ണ ഉപയോഗിക്കില്ല.
മുംബയിലായിരുന്നിട്ട് കൂടി അനിതയുടെ വീട്ടിൽ പാചകത്തിന് വെളിച്ചെണ്ണ മാത്രമേ ഉപയോഗിക്കുമായിരുന്നുള്ളൂ. ആ രുചി മറക്കാൻ പറ്റില്ല.
പുതിയ പ്രോജക്ടുകൾ?
മലയാളത്തിൽ പുതിയൊരു പ്രോജക്ട് സംസാരിച്ചിരുന്നു. പക്ഷേ കൊവിഡ് കാരണം എപ്പോഴാണ് ഇനി നടക്കുകയെന്നറിയില്ല. ഒരു പരസ്യ ചിത്രത്തിന് വേണ്ടിയും വിളിച്ചിട്ടുണ്ട്.
ശരത് കുമാർ സാറിനൊപ്പം തെലുങ്ക് - കന്നഡ സിനിമ ആമസോണിന് വേണ്ടി വെബ് സിരീസ്, തലൈവി, ഹിന്ദിയിൽ ഹല്ലിബല്ലി എന്നിവയാണ് വരാനിരിക്കുന്ന പ്രോജക്ടുകൾ.
ദുൽഖർ പെർഫെക്ട്
സൂപ്പർസ്റ്റാർ
സാധാരണ യൂത്ത് ഐക്കൻസിനെപ്പോലെ ഫൈറ്റും ഡാൻസും മാത്രമല്ല അഭിനയത്തിലും മിടുക്കനാണെന്നുള്ളതാണ് ദുൽഖറിന്റെ മികവെന്ന് മധുബാല പറയുന്നു.''എല്ലാ ഗുണങ്ങൾക്കുമൊപ്പം അച്ഛനെപ്പോലെ സൗന്ദര്യവും കൂടിച്ചേർന്നപ്പോൾ ഒരു സൂപ്പർ സ്റ്റാറിനുള്ള പെർഫെക്ട് ബ്ളെൻഡായി ദുൽഖർ.തമിഴിൽ എന്റെ ആദ്യ സിനിമയായ അഴകൻ മമ്മൂട്ടി സാറിനൊപ്പമായിരുന്നു. ഇരുപത് വർഷം കഴിഞ്ഞ് അദ്ദേഹത്തിന്റെ മകൻ ദുൽഖറിന്റെ ആദ്യ തമിഴ് സിനിമയായ വായ്മൂടി പേശവും (മലയാളത്തിൽ സംസാരം ആരോഗ്യത്തിന് ഹാനികരം) എന്നോടൊപ്പം. അതൊരു യാദൃശ്ചികതയാണെന്ന് പറയാമോയെന്നറിയില്ല. പക്ഷേ ശരിക്കും അതൊരു ഭാഗ്യത്തിന്റെ അടയാളമാണ്. മമ്മൂട്ടി സാറിനെപ്പോലെ തന്നെ ഒരു ഗ്രേറ്റ് ആക്ടറാണ് ദുൽഖറും. ഒരേ സമയം മോഡേണും, സ്റ്റൈലിഷും പരമ്പരാഗത ശൈലികളെ പിന്തുടരുന്നയാളുമാണ് ദുൽഖർ.''
സിനിമ കണ്ട് ഇഷ്ടമായി ; ആനന്ദ് ജീവിത പങ്കാളിയായി
ബിസിനസുകാരനായ ആനന്ദ് ഷായ്ക്ക് മധുബാലയെ കല്യാണം കഴിക്കണമെന്ന മോഹമുദിച്ചത് മധുബാല നായികയായ ദിൽജലെ എന്ന സിനിമ കണ്ടശേഷമാണ്. ''സിംഗപ്പൂരിൽ അവധിക്കാലമാഘോഷിക്കാൻ പോയ സമയത്താണ് ആനന്ദ് ദിൽജലെ കണ്ടത്. ആ സിനിമ കണ്ടപ്പോൾ ''ഷീ ഈസ് സോ നൈസ്'' എന്ന് അദ്ദേഹം മനസിൽ പറഞ്ഞു.
ആനന്ദിന്റെ ഒരു സുഹൃത്ത് എന്റെയും സുഹൃത്തായിരുന്നു. ഞങ്ങളൊരുമിച്ച് ജാക്കിഷ് റോഫിനൊപ്പം ഹഫ്താ വസുലി എന്ന സിനിമയിലഭിനയിക്കുന്ന സമയം. ആനന്ദും സുഹൃത്തും കണ്ടുമുട്ടിയപ്പോൾ ഞാൻ ജാക്കിഷ് റോഫിനും മധുവിനുമൊപ്പം അഭിനയിക്കുകയാണെന്ന് സുഹൃത്ത് ആനന്ദിനോട് പറഞ്ഞു.''ദിൽ ജലേ മധുവാണോ''യെന്ന് ആനന്ദ് സുഹൃത്തിനോട് ചോദിച്ചു.''അതെ''യെന്ന മറുപടി കേട്ടപ്പോൾ എന്നെ കാണണമെന്ന് പറഞ്ഞു. ഞങ്ങൾ കണ്ടു. പിന്നെ കല്യാണം കഴിച്ചു. ഇപ്പോൾ ഇരുപത്തിയഞ്ച് വർഷം കഴിയുന്നു. ഭാര്യമാരെ വരച്ച വരയിൽ നിറുത്തുന്ന പ്രകൃതമുള്ള ബിസിനസുകാരനല്ല അദ്ദേഹം.
എന്റെ ഭർത്താവും കുടുംബവും വളരെ ലിബറലാണ്. ജോലി ചെയ്യുന്നതാണ് സന്തോഷമെങ്കിൽ ജോലി ചെയ്യൂവെന്ന മനസ്ഥിതിയാണ് അവർക്ക്. ജോലി ചെയ്യുമ്പോഴും കുടുംബത്തിന്റെയും കുട്ടികളുടെയും കാര്യം ശ്രദ്ധിക്കണമെന്നേയുള്ളൂ. എന്റെ ജീവിതത്തിൽ ലഭിച്ച അനുഗ്രഹങ്ങളിലൊന്നാണ് ആനന്ദും കുടുംബവും. ഇപ്പോഴും എനിക്ക് ജോലി ചെയ്യാൻ കഴിയുന്നത് എന്റെ അമ്മായിയമ്മയുടെ സപ്പോർട്ട് കൂടിയുള്ളത് കൊണ്ടാണ്.