മലയാളത്തിന്റെ പ്രിയപ്പെട്ട ജഗതിയുടെ വിശേഷങ്ങൾ
ഫ്ലാഷ് മൂവിസിനോട് പങ്കുവച്ച് മകൻ രാജ്കുമാർ
ഒരു ദിവസം ഞാൻ പത്രം തല തിരിച്ച് പപ്പയുടെ കൈയിൽ കൊടുത്തു. അത് കണ്ട് എന്നെ ഒന്ന് നോക്കിയിട്ട് പത്രം നേരെയാക്കി വായിച്ചു തുടങ്ങി. അപ്പോൾ ഞങ്ങൾക്ക് മനസിലായി പത്രം വായിക്കുന്നുണ്ടെന്ന് . അപകടത്തിന് മുൻപ് പപ്പ എങ്ങനെ ആയിരുന്നുവോ അത് പോലെ തന്നെയാണ് ഇപ്പോഴും. പണ്ടൊക്കെ എത്ര തിരക്കേറിയ ഷൂട്ട് ഉള്ള ദിവസമാണെങ്കിലും രാവിലത്തെ പതിവ് വ്യായാമങ്ങൾ പപ്പ മുടക്കാറില്ലായിരുന്നു. അത് കൊണ്ട് തന്നെ പ്രമേഹം, കൊളസ്ട്രോൾ എന്നിങ്ങനെ ഒരു അസുഖവും ഇന്നും അദ്ദേഹത്തിന് ഇല്ല. അപകടത്തിനുശേഷം നടന്ന ശസ്ത്രക്രിയയും തുടർന്നുള്ള തിരിച്ചുവരവും എല്ലാം സാധ്യമായത് ഇത്തരത്തിലുള്ള ഒരു അസുഖവും പപ്പയ്ക്ക് ഇല്ലാത്തത് കൊണ്ടാണെന്ന് പപ്പയുടെ ഡോക്ടർമാരും പറഞ്ഞു ".മലയാളത്തിന്റെ പ്രിയനടൻ ജഗതി ശ്രീകുമാറിന്റെ മകൻ രാജ്കുമാർ ഫ്ളാഷ് മൂവീസിനോട് സംസാരിക്കുകയായിരുന്നു.ജഗതി ശ്രീകുമാർ എന്റർടെയിൻമെന്റ്സ് എം.ഡിയാണ് രാജ്കുമാർ . തിരുവനന്തപുരം പേയാടുള്ള വില്ലയിൽ പപ്പയ്ക്കൊരുമിച്ച് ഇരുന്ന് രാജ്കുമാർ സംസാരിച്ചുതുടങ്ങി.
രീതികളിൽ മാറ്റമില്ല
അപകടത്തിനു മുമ്പൊക്കെ രാവിലത്തെ വ്യായാമത്തിനു ശേഷം ഒരു കട്ടൻ ചായയും രണ്ടോ മൂന്നോ ബദാമും കഴിക്കും. ചായ കുടിക്കാറില്ല. രാവിലെ 6:30 ആകുമ്പോൾ പപ്പ എഴുന്നേൽക്കും. ഇപ്പോൾ പപ്പയുടെ കൂടെ ഒരു കെയർ ടേക്കർ ഉണ്ട്. എഴുന്നേറ്റാൽ ഉടൻ കെയർടേക്കറുടെ സഹായത്തോടെ കൈയും കാലും പപ്പ തന്നെക്കൊണ്ട് പറ്റുന്ന രീതിയിൽ നിവർത്തുകയും പിടിച്ചു വിടുകയും ചെയ്യും. അത് പപ്പയ്ക്ക് നിർബന്ധമാണ്. പിന്നീട് പ്രഭാതകർമ്മങ്ങൾക്ക് ശേഷം കട്ടൻ ചായയും രണ്ടോ മൂന്നോ ബദാമും കഴിക്കും. കുളി കഴിഞ്ഞു വന്നാൽ ബാൽക്കണിയിൽ വന്ന് കുറച്ചു നേരം കാറ്റ് കൊണ്ടിരിക്കും. ചികിത്സയുടെ ഭാഗമായി തന്നെ സ്പീക്കറിൽ മന്ത്രോച്ചാരണം കേൾക്കും". സിനിമാ ഷൂട്ടിന് പോകുമ്പോഴും രാവിലെ എഴുന്നേറ്റാൽ പപ്പയ്ക്ക് സുപ്രഭാതം കേൾക്കണമെന്നത് നിർബന്ധമായിരുന്നു. പിന്നീട് കുളിക്കുമ്പോഴും വസ്ത്രം മാറുമ്പോഴുമെല്ലാം റേഡിയോ ഓൺ ചെയ്ത് പഴയ സിനിമാ ഗാനങ്ങൾ കേൾക്കും.
പത്രം വായന നിർബന്ധം
പത്രം വായന നിർബന്ധമാണ്. അത് പണ്ടും ശീലമാണ്. എത്ര തിരക്ക് ആണെങ്കിലും പത്രം ഒന്ന് ഓടിച്ചു നോക്കുകയെങ്കിലും ചെയ്യും. കൃത്യം ഒമ്പത് മണിക്ക് പപ്പ പ്രഭാത ഭക്ഷണം കഴിക്കും. അത് കഴിഞ്ഞാൽ കുറച്ചു നേരം ടി വി കാണും. മലയാളം ചാനൽ കാണുമെങ്കിലും കൂടുതൽ താത്പര്യം ആനിമൽ പ്ലാനറ്റം ഡിസ്കവറി ചാനലും പോലെയുള്ളവയാണ്. പുതിയ കണ്ടു പിടിത്തങ്ങളും സയൻസും പപ്പയ്ക്ക് ഭയങ്കര താത്പര്യമുള്ള വിഷയങ്ങളാണ്.
മരണവിവരം കേട്ടാൽ കണ്ണുനിറയും
ഈയിടെ പപ്പയുടെ അടുത്ത സുഹൃത്തായ രവി വള്ളത്തോൾ അങ്കിൾ മരിച്ച വാർത്ത അറിഞ്ഞപ്പോൾ ഭയങ്കര വിഷമമായിരുന്നു. ടി വി യിൽ ആ വാർത്ത കണ്ടപ്പോൾ ഭാര്യ ശോഭ കൈ കൊണ്ട് ആംഗ്യം കാണിച്ച് ടി വി ഓഫ് ചെയ്യാൻ പറഞ്ഞു. കലാഭവൻ മണി ചേട്ടനും കൽപന ചേച്ചിയുമൊക്കെ മരിച്ച വാർത്ത കേട്ടപ്പോൾ കണ്ണുനീര് വന്നു.ആഴ്ചയിൽ ഒരിക്കൽ ഡോക്ടർ ഫോൺ വിളിക്കും. നല്ല ലക്ഷണം ആണെന്ന് ഡോക്ടർ പറയും. ഡോക്ടറുടെ നിർദ്ദേശം അനുസരിച്ചാണ് പപ്പയെ വീണ്ടും കാമറയുടെ മുന്നിലേക്ക് കൊണ്ട് വന്നത്. ശുഭപ്രതീക്ഷയോടെ തന്നെ നമുക്ക് മുന്നോട്ട് പോകാം. ഒരു അത്ഭുതം സംഭവിച്ച് പെട്ടന്ന് ഒരു ദിവസം പപ്പയുടെ മാറ്റം പഴയത് പോലെ തിരികെ വരാനുള്ള സാധ്യതയും ഉണ്ടെന്ന് ഡോക്ടർ ഞങ്ങളോട് പറയാറുണ്ട്. രാവിലെ കഴിക്കുന്ന മരുന്നിന് അൽപം സെഡേഷൻ ഉള്ളത് കൊണ്ട് 11:30 കഴിയുമ്പോൾ പപ്പ ഒന്ന് കിടക്കും. എന്നിട്ട് ഉച്ചയൂണിന്റെ സമയത്ത് എഴുന്നേൽക്കും.
മീൻ കറി ഇഷ്ടം
വറുത്തതും പൊരിച്ചതും പണ്ടും പപ്പ കഴിക്കില്ല. മീൻ കറി ഏറെ ഇഷ്ടമാണ്. മീനിന്റെ തല ആണേൽ പിന്നെ പറയണ്ട. മുൻപ് ഷൂട്ട് കഴിഞ്ഞ് വരുമ്പോൾ വഴിയിൽ നല്ല മീൻ കണ്ടാൽ വാങ്ങിക്കൊണ്ടു വരും. എന്നിട്ട് അടുക്കളയിൽ കയറും. അന്ന് അമ്മയ്ക്ക് വിശ്രമമാണ്.
കൗതുകം ശാസ്ത്ര വിഷയങ്ങളോട്
ഇപ്പോൾ ഉച്ച ഊണ് കഴിഞ്ഞ് കുറച്ചു നേരം വീണ്ടും ടി വി കാണും.ചിലപ്പോൾ എന്തെങ്കിലും പുസ്തകങ്ങൾ വായിക്കും. പപ്പയ്ക്ക് പുസ്തകങ്ങളുടെ വലിയ ശേഖരണങ്ങൾ അപ്പൂപ്പൻ ജഗതി എൻ കെ ആചാരിയുടെ പുസ്തക ശേഖരണം പപ്പയുടെ ശേഖരണവും കൂടി ലക്ഷക്കണക്കിന് രൂപയുടെ പുസ്തങ്ങൾ വീട്ടിലുണ്ട്. അഭിനയത്തെക്കുറിച്ചും ബഹിരാകാശ ശാസ്ത്രത്തെക്കുറിച്ചുള്ള പുസ്തകങ്ങൾ ആണ് പപ്പയ്ക്ക് കൂടുതൽ താത്പര്യം. വൈകുന്നേരം പപ്പ ഫ്രൂട്ട്സോ, ഡ്രൈ ഫ്രൂട്ട്സോ കഴിക്കും. രാത്രി വരെ വളരെ പ്രസന്നവദനായിരിക്കും. കൊച്ചു മക്കളോടൊപ്പം കളിക്കും ഞങ്ങളുടെ ഒപ്പം ഇരിക്കും. രാത്രി 9 മണിയാകുമ്പോൾ ഭക്ഷണം കഴിക്കും. രണ്ടു ചപ്പാത്തിയും വെജിറ്റബിൾ കറിയും ആയിരിക്കും അത്താഴം. അധികം വൈകാതെ തന്നെ മരുന്ന് കഴിച്ച് കിടക്കാറാണ് പതിവ്. പപ്പ ഇപ്പോൾ സന്തോഷവാനാണ്.
ആരോഗ്യത്തിൽ പുരോഗതി
വളരെ പതുക്കെയാണെങ്കിലും ആരോഗ്യത്തിൽ പുരോഗതി ഉണ്ടാകുന്നുണ്ട്. മുമ്പത്തേക്കാൾ പ്രസരിപ്പും ഉണ്ട്. സന്തോഷം ആണെങ്കിലും ദുഃഖം ആണെങ്കിലും പപ്പ അത് പരമാവധി പ്രകടിപ്പിക്കുന്നുണ്ട്. വീണ്ടും കാമറയുടെ മുന്നിൽ വരാൻ സാധിച്ചതിലുള്ള സന്തോഷവും ഉണ്ട്. ജഗതി ശ്രീകുമാർ എന്റർടെയിൻമെന്റിന്റെ ബാനറിൽ ഞങ്ങൾ നിർമ്മിച്ച പരസ്യചിത്രങ്ങളിലൂടെയാണ് പപ്പ കാമറയുടെ മുന്നിലേക്ക് തിരിച്ചുവന്നത്. സിധിനാണ് രണ്ടു പരസ്യചിത്രങ്ങളും സംവിധാനം ചെയ്തത്. അതിൽ ഒരു പരസ്യ ചിത്രത്തിൽ പപ്പയുടെ കൂടെ പണ്ട് കോളേജിൽ പഠിച്ച കൂട്ടുകാരും പഠിപ്പിച്ച അദ്ധ്യാപകരും അഭിനയിച്ചിരുന്നു. നമ്മുടെ അടുത്ത പ്രോജക്ടായ നിർഭയ റഫ് എഡിറ്റ് ചെയ്തിട്ടുണ്ടായിരുന്നു. അതും കാണിച്ചിരുന്നു. ഇതൊക്കെ കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷം പറയണമെന്നുണ്ട്. സംസാരിക്കാൻ സാധിക്കില്ല എങ്കിലും ചില വാക്കുകൾ ഉച്ഛരിക്കാൻ ശ്രമിക്കാറുണ്ട്. സംസാരിക്കാൻ കഴിയില്ല എന്നതൊഴിച്ചാൽ പപ്പ ഇപ്പോൾ നല്ല ആരോഗ്യവാനാണ്.
യോദ്ധയും കിലുക്കവും കണ്ട് പൊട്ടിച്ചിരിക്കും
കിലുക്കം, യോദ്ധ എന്നീ സിനിമകൾ കാണാൻ പപ്പയ്ക്ക് ഇഷ്ടമാണ്. ഞങ്ങൾ അത് ഇടയ്ക്കടിടെ അതും ചികിത്സയുടെ ഭാഗമാണ്. ചില സീനുകൾ അവതരിച്ചു കാണുമ്പോൾ പപ്പ പൊട്ടിച്ചിരിക്കും. പപ്പ തന്നെ കോമഡി കഥാപാത്രങ്ങൾ കണ്ട് പപ്പ തന്നെ ചിരിക്കുന്നത് വളരെ അപൂർവ്വമാണ്. കിലുക്കവും, യോദ്ധയും ൾ കണ്ട് നിയന്ത്രണം വിട്ട് ഇപ്പോഴും ചിരിക്കാറുണ്ട്. ഈശ്വരനിലുള്ള വിശ്വാസവും ഒപ്പം പപ്പയെ ഇപ്പോഴും സ്നേഹിക്കുന്ന പ്രേക്ഷകരുടെ പ്രാർത്ഥനയും ഉള്ളത് കൊണ്ട് പപ്പ തിരിച്ചു വരും എന്ന് തന്നെ ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. അത് ഒരു ദിവസം സംഭവിക്കും.