ന്യൂഡൽഹി : ഇന്ത്യയിൽ മരുന്ന് ഉത്പാദനത്തിനായി ചൈനയിൽ നിന്നും വിറ്റാമിൻ സി ഡമ്പിംഗ് നടത്തുന്നുവെന്ന ആരോപണത്തെ തുടർന്ന് അന്വേഷണം ആരംഭിച്ചു. ബജാജ് ഹെൽത്ത്കെയർ ലിമിറ്റഡ്, വാണിജ്യമന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഒഫ് ട്രേഡ് റെമഡീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. വളരെ കുറഞ്ഞ വിലയിൽ വിറ്റാമിൻ സി ഗുളികകൾ വ്യാപകമായി ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുകയാണ് ചൈന. ഇത് ഇന്ത്യയിലെ ആഭ്യന്തര വിപണിയെയും സാമ്പത്തിക പുരോഗതിയേയും ദോഷകരമായി ബാധിക്കും.
ചൈനീസ് കയറ്റുമതിയ്ക്ക് മേൽ ആന്റി ഡമ്പിംഗ് തീരുവ ചുമത്തണമെന്നാണ് ബജാജ് ഹെൽത്ത് കെയർ പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. ചൈനീസ് ഉല്പന്നങ്ങൾ ഇന്ത്യൻ വിപണിയെ എങ്ങനെ ബാധിക്കുന്നുവെന്ന് വ്യാപാര പരിഹാര ഡയറക്ടറേറ്റ് അന്വേഷണം നടത്തും. പരാതിയിലുന്നയിച്ചിരിക്കുന്ന പോലെ ഡമ്പിംഗ് നടക്കുന്നുണ്ടെന്നും ഇത് രാജ്യത്തെ ഉല്പന്നത്തിന്റെ വിപണിയേയും വിലയേയും ബാധിക്കുന്നതായും തെളിഞ്ഞാൽ ചൈനയ്ക്കെതിരെ ആന്റി ഡമ്പിംഗ് തീരുവ വർദ്ധിപ്പിക്കുന്നതിന് ധനമന്ത്രാലയത്തിന് ഡയറക്ടറേറ്റ് ശുപാർശ ചെയ്യും. ആഭ്യന്തര വിറ്റാമിൻ സി വിപണിയ്ക്ക് ഇത് ഗുണം ചെയ്യും.
പരാതിയുടെ അടിസ്ഥാനത്തിലെ അന്വേഷണ കാലയളവ് 2019 ഏപ്രിൽ മുതൽ 2020 മാർച്ച് വരെയാണ്. 2016 മുതൽ ഈ വർഷം മാർച്ച് വരെയുള്ള ചൈനയിൽ നിന്നുള്ള വിറ്റാമിൻ സി കയറ്റുമതി കണക്കുകൾ പരിശോധിക്കും. ഒരു രാജ്യം അവർ നിർമിച്ച ഉല്പന്നങ്ങൾ അല്ലെങ്കിൽ വസ്തുക്കൾ വിലകുറച്ച് മറ്റുരാജ്യങ്ങളിൽ കയറ്റുമതി ചെയ്യുന്നു. ഇറക്കുമതി ചെയ്യപ്പെട്ട രാജ്യത്ത് അത് വിലകുറച്ചായിരിക്കും ഉപഭോക്താക്കളിൽ ലഭ്യമാവുക. ഇത് ആഭ്യന്തര വിപണിയുടെ പുരോഗതിയെ ബാധിക്കും. ഇതാണ് ഡമ്പിംഗ്. ഇതിനെതിരെയുള്ള പരിരക്ഷയാണ് ആന്റി ഡമ്പിംഗ് നികുതി ചുമത്തൽ. അതിർത്തിയിൽ സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ചൈനയ്ക്കെതിരെ വിറ്റാമിൻ സി ഇറക്കുമതിയ്ക്ക് ഇന്ത്യ ആന്റി ഡമ്പിംഗ് തീരുവ ചുമത്താൻ സാധ്യതയുണ്ട്.