ദോഹ: ഖത്തറിനെതിരെയുള്ള അയൽരാജ്യങ്ങളുടെ നാലുവർഷത്തെ ഉപരോധം ഏതാനും ആഴ്ചകൾക്കുള്ളിൽ അവസാനിച്ചേക്കുമെന്ന് മിഡിൽ ഈസ്റ്റ് ഉന്നത നയതന്ത്രജ്ഞൻ ഡേവിഡ് ഷെൻകർ വ്യക്തമാക്കി.
ഉപരോധത്തിൽ അടിസ്ഥാനപരമായ മാറ്റമൊന്നും ഇല്ലെങ്കിലും പരിഹാരചർച്ചകളിൽ നിർണായകമായ ചുവടുവയ്പുകൾ ഉണ്ടായിട്ടുണ്ടെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾൾഡ് ട്രംപ്, സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ എന്നിവരുൾപ്പെടുന്ന ഉയർന്ന തലത്തിലേക്ക് ചർച്ചകൾ മാറിയിട്ടുണ്ടെന്നുമാണ് ഡേവിഡ് ഷെൻകർ പറഞ്ഞത്.
2017 ജൂൺ അഞ്ചിന് പുലർച്ചയാണ് സൗദി അറേബ്യയും യു.എ.ഇയും ബഹ്റൈനും ഇൗജിപ്തും ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്.
ഖത്തർ ഒൗദ്യോഗിക വാർത്ത ഏജൻസിയായ ക്യു.എൻ.എയുടെ വെബ്സൈറ്റ് തകർത്ത് അമീറിന്റെ പേരിൽ തെറ്റായ പ്രസ്താവന ഉൾപ്പെടുത്തി പ്രചരിപ്പിച്ചതാണ് കാരണം. കുപ്രചാരണമാണ് അമീറിനെതിരെ നടക്കുന്നതെന്നും ഇതിൽ നിന്ന് വിട്ടുനിൽക്കണമെന്നും ഖത്തർ ഒൗദ്യോഗികമായി അറിയിച്ചു. എന്നാൽ, അയൽരാജ്യങ്ങൾ ഖത്തറിന്റെ മുഴുവൻ അതിർത്തികളും അടച്ചുള്ള ഉപരോധം ഏർപ്പെടുത്തുകയായിരുന്നു. ക്യു.എൻ.എ വെബ്സൈറ്റ് ഹാക്ക് ചെയ്ത സംഭവം സൈബർ ഭീകരപ്രവർത്തനത്തിന്റെ പരിധിയിൽ പെടുന്നുവെന്നാണ് ഐ.ടി നിയമജ്ഞർ വ്യക്തമാക്കുന്നത്.