ലണ്ടൻ: ഗ്ലാമറിലും പണക്കൊഴുപ്പിലും പോരാട്ടങ്ങളിലും ഏറ്റവും മുന്നിലുള്ള ഇംഗ്ലീഷ് പ്രിമിയർ ലീഗിന്റെ പുതിയ സീസണിന് ഇന്ന് തുടക്കമാകും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അടച്ചിട്ട സ്റ്റേഡിയത്തിലാകും മത്സരങ്ങൾ നടക്കുക. ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് 5ന് തുടങ്ങുന്ന ഉ്ഘാടന മത്സരത്തിൽ ആഴ്‌സനൽ സ്ഥാനക്കയറ്റം കിട്ടിയെത്തുന്ന ഫുൾഹാമിനെ നേരിടും. നിലവിലെ ചാമ്പ്യൻമാരായ ലിവർപുൂളിന് സ്ഥാനക്കയറ്റം കിട്ടിയെത്തിയ മറ്രൊരു ടീമായ ലീഡ്സ് യുണൈറ്റഡാണ് എതിരാളികൾ. മുപ്പത് വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചാണ് ജോർഗൻ ക്ലോപ്പിന്റെ ശിക്ഷണത്തിൽ ജോർദാൻ ഹെൻഡേഴ്സണിന്റെ നേതൃത്തിൽ പ്രിമിയർ ലീഗ് കിരീടത്തിൽ മുത്തമിട്ടത്. യൂറോപ്യൻ ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടറിൽ കളിച്ച മാഞ്ചസ്റ്റർ സിറ്റിയേയും യൂറോപ്പ ലീഗിന്റെ സെമിയിൽ കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിനേയും വിശ്രമത്തിനായി ആദ്യ ആഴ്ചയിലെ മത്സരക്രമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.യുണൈറ്റഡിന്റെ ആദ്യ മത്സരം 19ന് ക്രിസ്റ്റൽ പാലസിനെതിരെയാണ്. 22ന് നടക്കുന്ന മത്സരത്തിൽ വൂൾവ്‌സാണ് സിറ്റിയുടെ ആദ്യ എതിരാളികൾ. 15നാണ് ചെൽസിയുടെ ആദ്യ മത്സരം. ബ്രൈറ്റണാണ് എതിരാളികൾ.
പണമൊഴുക്കി ടീമുകൾ
കൊവിഡ് പ്രതിസന്ധികൾക്കിടയിലും സൂപ്പർ താരങ്ങളെ ടീമിലെടുക്കാൻ വൻ തുകയാണ് പ്രിമിയർ ലീഗിലെ പലമുൻനിര ക്ലബുകളും ഒഴുക്കുന്നത്. ഇപ്പോഴും ട്രാൻസ്ഫർ വിൻഡോ അടച്ചിട്ടില്ലാത്തതിനാൽ ഇനിയും വലിയ സൈനിംഗുകൾ ഉണ്ടായേക്കും.
ചെൽസിയാണ് ഈ സീസണിൽ വമ്പൻ സൈനിംഗുകൾ ഇതുവരെ നടത്തിയത്. തിമോ വെർണർ (ലെയ്‌പ്‌സിഗ്), കയി ഹാവേർട്ട്‌സെ (ലെവർകുസൻ), ഹക്കിം സിയാക്ക് (അയാക്സ്), മലാംഗ് സർർ (നൈസ്), ബെൻ ചിൽവെൽ (ലെസ്റ്രർ), തിയാഗോ സിൽവ (പി.എസ്.ജി). എന്നീ സൂപ്പർതാരങ്ങളെ ചെൽസി തങ്ങളുടെ തട്ടകത്തിൽ എത്തിച്ചു കഴിഞ്ഞു.
ചെൽസിയിൽ നിന്ന് ബൽജിയൻ താരം മിച്ചി ബാത്‌ഷുയി ലോണിൽ ക്രിസ്റ്റൽ പാലസിലേക്ക് പോയി.
കാർലോ ആൻസലോട്ടിയുടെ കീഴിൽ ഉയിർത്തെഴുന്നേൽപ്പിന് ശ്രമിക്കുന്ന എവർട്ടണും മികച്ച സൈനിംഗുകൾ നടത്തി. റയൽ മാഡ്രിഡിൽ നിന്ന് ഹാമിഷ് റോഡ്രിഗസ്, നാപ്പൊളിയിൽ നിന്ന് അലൻ, മാഴ്സെലിയിൽ നിന്ന് എൻകോക്കു എന്നിവരെ സ്വന്തമാക്കി.
അയാക്സിൽ നിന്ന് ഡച്ച് സൂപ്പർ താരം ഡോണി വാൻ ഡി ബീക്കിനെ തങ്ങളുടെ തട്ടകത്തിലെത്തിച്ച് മാൻ.യുണൈറ്റഡ് മികച്ച നീക്കം നടത്തി.
ഫെറാൻ ടോറസ്, നാഥാൻ ആകെ, പാബ്ലോ മൊറേനൊ എന്നിവരെയാണ് മാൻ.സിറ്റി ഇതുവരെ സൈൻ ചെയ്തിരിക്കുന്നത്.
പാബ്ലോ മാരി, വില്യൻ, സെഡ്രിക്ക് സോറസ്, ഡാനി കാബല്ലോസ് തുടങ്ങിയവരാണ് ആഴ്സനലിൽ എത്തിയ പ്രമുഖർ
അത്‌ലാന്റെയിൽ നിന്ന് തിമോത്ത് കസ്റ്റാഗ്‌നെ ലെസ്റ്രറിലെത്തി.
ജോയൽ വെൾട്ട്മാൻ, ആദം ലല്ലാന എന്നീ പ്രമുഖരെ ബ്രൈറ്റൺ സ്വന്തമാക്കിയിട്ടുണ്ട്.
സൗത്താംപടൺ ടോട്ടനത്തിൽ നിന്ന് കെയ്ൽ വാക്കറെയും റയൽ വല്ലഡോയിഡിൽ നിന്ന് മുഹമ്മദ് സാലിസുവിനെയും കൊണ്ടു വന്നിട്ടുണ്ട്.
ബോൺലിയിൽ നിന്ന് വെറ്റ്റൻ ഗോളി ജോഹാർട്ടും, വോൾവ്സിൽ നിന്ന് മാറ്ര് ഡൊറോത്തിയുമാണ് ടോട്ടനത്തിന്റെ പുതിയ താരങ്ങൾ
പ്രിമിയർ ലീഗിന്റെ 29-ാം സീസൺ
നിലവിലെ ചാമ്പ്യൻമാർ - ലിവർപൂൾ
സ്ഥാനക്കയറ്റം കിട്ടിയവർ
ലീഡ്സ് (16 വർഷത്തിന് ശേഷം)
വെസ്റ്റ് ബ്രോം (2 വർഷത്തിന് ശേഷം)
ഫുൾഹാം (ഒരുവർഷത്തിന് ശേഷം)
തരംതാഴ്ത്തപ്പെട്ടവർ
ബേൺമൗത്ത്
വാറ്റ്ഫോർഡ്
നോർവിച്ച്
13 ഏറ്റവും കൂടുതൽ തവണ ചാമ്പ്യൻമാരായത് മാഞ്ചസ്റ്റർ യുണൈറ്റഡാണ്. 13 തവണ
260 അലൻ ഷിയററാണ് ഏറ്രവും കൂടുതൽ ഗോൾ നേടിയതാരം . 260 ഗോളുകൾ
653 ഗാരത് ബാരിയാണ് ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചത്. 653 മത്സരങ്ങൾ
23- കഴിഞ്ഞ തവണത്തെ ടോപ് ഗോൾ സ്കോറർ ലെസ്റ്റർ സിറ്റിയുടെ ജാമി വാർഡിയാണ്.23 ഗോളുകൾ
ഇന്നത്തെ മത്സരങ്ങൾ
ഫുൾഹാം-ആഴ്സനൽ
(വൈകിട്ട് 5 മുതൽ)
ക്രിസ്‌റ്റൽ പാലസ് - സൗത്താംപ്ടൺ
(രാത്രി 7.30 മുതൽ)
ലിവർപൂൾ-ലീഡ്സ്
(രാത്രി 10 മുതൽ)
ടിവി ലൈവ് : സ്റ്റാർ സ്പോർട്സ് ചാനലുകളിൽ
ലൈവ് സ്ട്രീമിംഗ്: ഡിസ്നി ഹോട്ട്‌സ്റ്റാർ
ലാ ലിഗ ആരവങ്ങൾ ഉയരുന്നു
മാഡ്രിഡ്: കൊവിഡിന്റെയും വിവാദങ്ങളുടെയും പശ്ചാത്തലത്തിൽ പുതിയ സീസൺ സ്പാനിഷ് ലാലിഗയ്ക്ക് ഇന്ന് പന്തുരുളും. ഫുട്ബാൾ ലോകത്തെ പിടിച്ചു കുലുക്കിയ ഇതിഹാസ താരം മെസിയും ബാഴ്സലോണ ക്ലബ് മാനേജ്മെന്റും തമ്മിലുള്ള തർക്കങ്ങൾ ഒരു പരിധിവരെ അടങ്ങിയപ്പോൾ സ്പാനിഷ് ഫുട്ബാൾ ഫെഡറേഷനും ലാ ലിഗ അധികൃതരും തമ്മിലുള്ള പോരിൽ ലീഗിന്റെ മത്സരക്രമം അവസാന നിമിഷം പുന ക്രമീകരിക്കേണ്ടി വന്നിരുന്നു.
പുതിയ ഫിക്സ്ചർ പ്രകാരം ഇന്ന് ഇന്ത്യൻ സമയം രാത്രി 7.30 ന് തുടങ്ങുന്ന ഉദ്ഘാടന മത്സരത്തിൽ എയ്ബറും സെൽറ്റ വിഗോയും തമ്മിൽ ഏറ്റുമുട്ടും. തുടർന്ന് രാത്രി മുതൽ ഗ്രനാഡയും അത്ലറ്റിക് ക്ലബും തമ്മിലുള്ള മത്സരം നടക്കും. കൊവിഡിന്റെ പശ്ചാത്തലത്തിൽ കാണികൾക്ക് പ്രവേശനമുണ്ടാകുകയില്ല. യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിൽ കഴിഞ്ഞ സീസണിൽ കളിച്ച റയൽ മാഡ്രിഡ്, ബാഴസലോണ, സെവിയ്യ, അത്ലറ്രിക്കോ മാഡ്രിഡ് എന്നീ ക്ലബുകളെ ആദ്യ ദിവസങ്ങളിലെ മത്സരങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. റയൽ മാഡ്രിഡാണ് നിലവിലെ ചാമ്പ്യൻമാർ.
ലാ ലിഗയിൽ ഇന്ന്
എയ്ബർ -സെൽറ്റ വിഗോ
(രാത്രി 7.30 മുതൽ)
ഗ്രനാഡ - അത്ലറ്രിക് ക്ലബ്
(രാത്രി 10 മുതൽ)
കാഡിസ് -ഒസാസുന
(രാത്രി 12.30 മുതൽ)
ലാ ലിഗ
ഔദ്യോഗിക
ഫേസ്ബുക്ക്
പേജിൽ ലൈവ് സ്ട്രീമിംഗ്