k-t-jaleel

കൊച്ചി:സ്വർണക്കടത്ത് കേസിൽ മന്ത്രി കെ.ടി ജലീലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഇ.ഡിയുടെ ഓഫീസിൽവച്ച് രാവിലെ ഒമ്പത് മണിമുതലായിരുന്നു ചോദ്യം ചെയ്യൽ. നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ട വിവാദത്തിൽ മന്ത്രിയോട് വിവരങ്ങൾ തേടിയതായും റിപ്പോർട്ടുകളുണ്ട്. അതോടൊപ്പം പ്രോട്ടോക്കോൾ ലംഘനം സംബന്ധിച്ചും മൊഴിയെടുത്തിട്ടുണ്ട്. സ്വർണക്കടത്ത് കേസിലെ പ്രതികളുമായുളള മന്ത്രിയുടെ ബന്ധത്തെപ്പറ്റിയും അന്വേഷണം സംഘം ആരാഞ്ഞു. സ്വർണക്കടത്തിന് മന്ത്രി കൂട്ടുനിന്നെന്ന് ആരോപണം ഉയരുന്ന സാഹചര്യത്തിൽ ഇത് സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കുകയാണ്. അതേസമയം കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയും രംഗത്തെത്തി.

വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ വിദേശത്തുനിന്നും മതഗ്രന്ഥം കൊണ്ടുവന്നതുമായി ബന്ധപ്പെട്ടും ഇ.ഡി മന്ത്രിയെ ചോദ്യം ചെയ്തു. ജലീലിന്റെ മൊഴികൾ പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ വീണ്ടും വിളിച്ചു വരുത്തുമെന്നും ഇഡി അധികൃതർ പറഞ്ഞു.രാവിലെയോടെ സ്വകാര്യ വാഹനത്തിലാണ് മന്ത്രി കൊച്ചിയിലെ ഇഡി ഓഫിസിലെത്തിയത്. ഉച്ചയോടെ ചോദ്യം ചെയ്യൽ പൂർത്തിയാതിന് പിന്നാലെ മന്ത്രി മലപ്പുറത്തേക്ക് മടങ്ങി പോയി. കേസുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്ന് കെ.ടി ജലീൽ നേരത്തെ വ്യക്തമാക്കിയിരുന്നു.