തൃശൂർ തേക്കിൻകാട് മൈതാനത്ത് ലെന കണ്ട കാഴ്ചകൾ
ഫോട്ടോ : സലീഷ് ഗോപാൽ
മുന്നിൽ വടക്കുംനാഥൻ മാത്രം
വടക്കുംനാഥനെ പ്രദക്ഷിണം വയ്ക്കാതെ ഞങ്ങൾ തൃശൂർകാർക്ക് ഒരു ദിവസംപോലുമില്ല. ആ പതിവു ചരിത്രത്തിൽ ആദ്യമായി തെറ്റി. ആരവം ഒഴിഞ്ഞ തേക്കിൻകാട് മൈതാനം. ചാറ്രൽ മഴയുടെ ഈ നേരത്തും മഴ പെരുമ്പറ കെട്ടുമ്പോഴും കുട ചൂടി ഇതുവഴി പോയവരെയൊന്നും കാണാനില്ല. വാഹനത്തിന്റെ ഹോണടി ശബ്ദം പോലും അപൂർവം. നൂൽമഴ മാത്രം പൊടിയുന്നു. വെടിവട്ടം തീർക്കാൻ എത്തിയിരുന്ന പതിവ് ഗഡികൾ ഇതുവഴി എത്തിയിട്ട് മാസങ്ങളായി.അവരെല്ലാം ഇനി എപ്പോൾ എത്തുമെന്ന് അറിയില്ല. മുട്ടിയുരുമ്മി പോയ ആളുകളെ ഏതു നേരത്തും ഇവിടെ കാണാമായിരുന്നു. എല്ലാവരും സുരക്ഷിത ഇടങ്ങളിലാവും. 'ഭാരത് " ഹോട്ടലിലെ മസാല ദോശയുടെ മണം പിടിച്ചു പോയത് ഒാർമയാവുന്നു. വടക്കുംനാഥന് മുൻപിലെ ഈ വിജനത ഇതിനു മുൻപ് കണ്ടിട്ടില്ല. എല്ലാം പുതു കാഴ്ച. ഉറങ്ങി കിടക്കുന്ന തൃശൂർ നഗരവും ഞാൻ ആദ്യം കാണുകയാണ്. നിശബ്ദമായി കിടക്കുമ്പോഴും കാണാൻ പ്രത്യേക ഭംഗിയുണ്ട്.തൃശൂരുകാരിയായിട്ടും വടക്കുംനാഥ ക്ഷേത്രത്തിൽ ആദ്യമായി പോവുന്നത് ആറു വർഷം മുൻപാണ്. നല്ല തിരക്കുണ്ടായിരുന്നു അന്ന് .ഒാരോ ക്ഷേത്രത്തിലും ദർശനം നടത്താൻ അവിടെനിന്നു അനുഗ്രഹം ഉണ്ടാവണമെന്നാണ് വിശ്വാസം. ശിവരാത്രി കാലത്ത് രണ്ടരമണിക്കൂർ വരി നിന്നാണ് ദർശനം നടത്തിയത്. ലോക് ഡൗണിനിടെ ശിവരാത്രി കാലവും കടന്നുപോയി. നേരത്തേ ഞായർ തിരക്കിൽ തേക്കിൻകാട് മൈതാനത്ത് ചെറിയ പൂരത്തിന്റെ ആളുണ്ടാവുമായിരുന്നു. ചിരി തൂവി നിന്ന ലോട്ടറി വിൽപ്പനക്കാർ. ചെറു ആൾക്കൂട്ടം സൃഷ്ടിച്ച തായം കളിക്കാർ. ആരെയും കാണാനില്ല. ഇവിടത്തെ തായം കളി ഏറെ പ്രസിദ്ധമാണ് . അടുത്ത പൂരത്തിന് തുറക്കാൻ ഒരുങ്ങി നിൽപ്പുണ്ട് തെക്കേ ഗോപുര നട. എല്ലാത്തിനും സാക്ഷ്യം വഹിച്ചു ഇലഞ്ഞിമരം.
പുലിമടയിൽ
ഒാണത്തിന് പുലി ഇറങ്ങുന്ന ഇടങ്ങളാണ് തേക്കിൻകാടും സ്വരാജ് റൗണ്ടും.വരയൻ പുലികളും പുള്ളിപ്പുലികളും. പുലിമടയായ സ്വരാജ് റൗണ്ടിൽ നിറഞ്ഞാടിയ പുലികൾ. പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട് തൃശൂരിലെ പുലികളിക്ക്. ഇത്തവണ പുലിക്കൂട്ടങ്ങൾ ഇറങ്ങുമോയെന്ന് അറിയില്ല. ഒാണദിവസം വൈകിട്ട് നഗരം പുലികളുടെ കൈപ്പിടിയിലാവുമായിരുന്നു. ആൺപുലികൾ കീഴടക്കിയിരുന്ന തൃശൂരിലെ പുലിമടകളിൽ പെൺപുലികൾ കയറി കൂടിയത് നാലു വർഷം മുൻപാണ്. കാട്ടിൽ പെൺപുലികൾ ഉണ്ടെങ്കിലും നാട്ടിലെ പുലികളിൽ ആൺപുലികളുടെ കുത്തകയായിരുന്നു. സ്വരാജ് റൗണ്ടിൽ 300 ലധികം പുലികളായിരുന്നു ഇറങ്ങിയിരുന്നത്. കാഴ്ചക്കാരെ കീഴടക്കി രാത്രിയിൽ ഈ പുലികൾ മടങ്ങുന്നതോടെയാണ് തൃശൂരിന്റെ ഒാണാഘോഷത്തിന് സമാപനം.സ്വരാജ് റൗണ്ടിൽ രാത്രി എട്ടുവരെ പുലികൾ നിറഞ്ഞാടുമായിരുന്നു. ചെണ്ടയുടെ താളത്തിനൊപ്പം അവർ ചുവടുവയ്ക്കും. സ്വരാജ് റൗണ്ടിൽ മൂന്നിടത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കണം. സമ്മാനത്തുകയേക്കാൾ ദേശക്കാർക്ക് ഒന്നാം സ്ഥാനക്കാരുടെ പെരുമായാണിഷ്ടം.വിയൂർ സെന്റർ, വിയൂർ ദേശം, അയ്യന്തോൾ, കോട്ടപ്പുറം ദേശം, കോട്ടപ്പുറം സെന്റർ തുടങ്ങി എത്രയോ പുലിദേശങ്ങൾ. കുട്ടംകുളങ്ങര ക്ഷേത്രത്തിനു സമീപം മുൻപ് താമസിച്ചിരുന്നു. കുട്ടം കുളങ്ങര ദേശത്തെ പുലി വേഷക്കാരായിരുന്നു തുടർച്ചയായി ജേതാക്കൾ. പുലി വേഷം കെട്ടുന്ന ചേട്ടൻമാരെ കാണുക തന്നെ രസമാണ്. അവരുടെ പുലികളി കാണാൻ റൗണ്ടിൽ പോവുമായിരുന്നു. നമ്മുടെ സ്വന്തം ടീം. ഒാരോ ദേശക്കാരും ഒളിപ്പിച്ചുവച്ച കൗതുകങ്ങളും നിറപ്പകിട്ടും കാണാൻ കാത്തുനിന്നവർ. മഴയിലും തോരാത്ത ആവേശത്തിൽനിന്ന് കളി തുടർന്ന പുലി സംഘങ്ങൾ. എല്ലാം നഷ്ടപ്പെടുന്ന കാലത്താണ് ജീവിക്കുന്നത്. എന്നാൽ പുലികളി പോലുള്ള നാടൻ കലാരൂപങ്ങൾ ഒരിക്കലും ഇല്ലാതാവരുത്. ഒരിക്കലും മായില്ല മനസിൽ കൊട്ടികയറിയ പുലി കളി. നമുക്ക് അടുത്ത പുലികളി കാണാം. ഇപ്പോൾ സ്വരാജ് റൗണ്ട് കടക്കാൻ തലങ്ങും വിലങ്ങും നോക്കേണ്ട.
പാറമേക്കാവിൽ മുല്ലപ്പൂവ് മണം
വടക്കുനാഥ ക്ഷേത്രത്തിൽ തൊഴുതു ഇറങ്ങുമ്പോൾ ചെന്നിറങ്ങുക പാറമേക്കാവ് ക്ഷേത്രത്തിനു മുന്നിൽ. ഇപ്പോൾ ആളൊഴിഞ്ഞ് ക്ഷേത്ര പരിസരം. എന്നാൽ പ്രതീക്ഷയിൽ മുല്ലപ്പൂവു വിൽപ്പനക്കാരനുണ്ട്.നല്ല സുഗന്ധം പരത്തി മുല്ലപ്പൂക്കൾ. ഞായർ ദിവസം പോലും ഇവിടെ പതിനൊന്നു മണി തിരക്ക് ഉണ്ടാവുന്നതാണ്. അതു നേരിടാത്ത തൃശൂരുകാരും. പാറമേക്കാവ് സ്റ്റോപ്പിൽനിന്നാണ് ഡിഗ്രി പഠനത്തിന് പുതുക്കാടിന് ബസ് കയറിയത്. ബസിനുള്ളിൽ കയറുന്നവരുടെയും ഇറങ്ങുന്നവരുടെയും തിരക്ക് അനുഭവിച്ചിട്ടുണ്ട്.സമീപത്തെ 'സ്വപ്ന" തിയേറ്റർ കഴിഞ്ഞ മാസം പ്രദർശനം എന്നന്നേക്കുമായി അവസാനിപ്പിച്ചു.പാറമേക്കാവ് ക്ഷേത്ര വാതിലിലെ കൊത്തുപണികൾ ഇത്ര സൂക്ഷ്മമായി കാണാൻ മുമ്പ് കഴിഞ്ഞിട്ടില്ല. ആ കാഴ്ചകളെ തിരക്ക് മറച്ചിരുന്നു. പല കാര്യങ്ങളിലും ആളുകൾക്ക് ബോധം ഉണ്ടായിട്ടുണ്ട്. കൈ എവിടെതൊടണം , മുഖത്ത് തൊടാൻ പാടില്ല എന്നു തുടങ്ങി പലതും തോന്നിപ്പിക്കുന്ന കാലം. എവിടെയിരിക്കണമെന്നുപോലും നല്ല ബോധമുണ്ട്. വേഗം ഏറിയ ജീവിതമായിരുന്നു മുമ്പ്. അതു പെട്ടെന്ന് നിശ്ചലമായി. നല്ല കാഴ്ചകൾ എല്ലാം ഒാർമയാവുകയാണോയെന്ന് അറിയില്ല. ഈ പ്രാവശ്യം പൂരം ഉണ്ടായില്ല. മുമ്പും അപൂർവമായി പൂരം മുടങ്ങിയിട്ടുണ്ട്. ഇലഞ്ഞിത്തറ മേളവും മഠത്തിൽ വരവും പഞ്ചവാദ്യവും കുടമാറ്റവും വെടിക്കെട്ടും എല്ലാം കണ്ണിൽ നിറയുന്നതിന്റെ സന്തോഷത്തിൽ അടുത്ത പൂരത്തിനു വേണ്ടി കാത്തിരിക്കുകയാണ് ഒരോ തൃശൂരുകാരും.പതിവുപോലെ മഴ മാത്രം ഇത്തവണയും ആഗസ്റ്റിന്റെ ശക്തി അറിയിച്ചു.
അടച്ചുപൂട്ടിയ ഒാണം
പുറത്തുപോവാതെയും പുതുവസ്ത്രം വാങ്ങാതെയുമാണ് ഇത്തവണ ഒാണം. ഉടുത്തുരുങ്ങി പുറത്തുപോവാനുള്ള ആവേശവും ആഗ്രഹവും എല്ലാവരുടെയും നഷ്ട പ്പെട്ടു. നേരത്തേ വിതച്ചതാണ് മുൻപ് ഒാണത്തിന് കൊയ് തത്. ഇനി വിതയ്ക്കാൻ പോവുന്നത് എന്താണെന്ന് ഈ ഒാണത്തിന് എല്ലാവരും ചിന്തിക്കണം. ഒരാൾ വിതച്ചത് എല്ലാവരും ചേർന്ന് കൊയ്യുകയായിരുന്നു. ഇടയ്ക്ക് പ്രകൃതി ചില ഒാർമപ്പെടുത്തൽ നടത്തുന്നു.
മണ്ണിൽ ഇറങ്ങാൻ വേണ്ടിയാണത്. വടക്കാഞ്ചേരിയിലെ തറവാട്ടിൽ മുത്തശ്ശി ക്ക് നെൽക്കൃഷി ഉണ്ടായിരുന്നു. ഒപ്പം ആധുനികതയിലും ജീവിച്ച തലമുറയിലെ കണ്ണിയാണ് മുത്തശ്ശി. ഇപ്പോഴും ആരോഗ്യത്തോടും സമാധാനത്തോടുമാണ് ആ ജീവിതം.നെട്ടോട്ട ഭ്രാന്തിന്റെ തലമുറയെ മുത്തശ്ശിക്ക് അറിയുകേയില്ല.അച്ഛന്റെയും അമ്മയുടെയും എന്റെയും തലമുറ നെട്ടോട്ട ഭ്രാന്തിൽ പെട്ടു. വരാൻ പോവുന്ന തലമുറയിലാണ് ഇനി പ്രതീക്ഷ. അവരുടെ ചിന്തയും കാഴ്ചപ്പാടും പുതുതാണ്. ലോക് ഡൗണിൽ വന്ന മാറ്റങ്ങളിലൊന്ന് വീട്ടിലേക്ക് ആവശ്യമായ പച്ചക്കറി കൃഷി ചെയ്യാൻ തുടങ്ങി എന്നതാണ്. നട്ടുപിടിപ്പിച്ച പച്ചക്കറികളിൽനിന്നാണ് മിക്ക വീടുകളിലും ഒാണത്തിന് സദ്യ ഒരുങ്ങുക. വീടിന്റെ മട്ടുപ്പാവിൽ വർഷങ്ങളായി അമ്മയ്ക്ക് പച്ചക്കറിക്കൃഷിയുണ്ട്. അത് ഒരു പുതുമയും സന്തോഷവുമാണ്. എല്ലാം പഴമയിലേക്ക് തിരിച്ചു വരികയാണ്.അടുത്ത ഒാണത്തിനുവേണ്ടിയുള്ള തയാറെടുപ്പാവട്ടെ ഈ ഒാണം.അടുത്ത ഒാണം നമുക്ക് വ്യത്യസ്തമാക്കാം ഞങ്ങൾ എല്ലാവരും വീട്ടിൽ ഒന്നിക്കുകയും പുറത്തുപോവാതെ ലളിതമായി ഒാണം ആഘോഷിക്കുകയും ചെയ്യുന്നത് കുറച്ചുവർഷങ്ങൾക്കുശേഷമാണ്. എല്ലാ വീടുകളിലും ഇതേ കാഴ്ച കാണാൻ കഴിയും.അടുത്ത ഒാണത്തിന് ആശംസ നേരാം.