താൻ നിത്യവും ഗോമൂത്രം കുടിക്കാറുണ്ടെന്ന് ബോളിവുഡ് നടൻ അക്ഷയ് കുമാർ. ഡിസ്കവറി ചാനൽ അവതാരകൻ ബെയർ ഗ്രിൽസ്, നടി ഹുമ ഖുറേഷി എന്നിവർക്കൊപ്പം നടത്തിയ ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിലാണ് വെളിപ്പെടുത്തലുമായി താരം എത്തിയിരിക്കുന്നത്. ബെയർ ഗ്രിൽസിനൊപ്പം ഡിസ്കവറി ചാനലിലെ ഇൻടു ദ വൈൽഡ് ഷോയുടെ അടുത്ത എപ്പിസോഡിൽ അക്ഷയ് പങ്കെടുക്കുന്നുണ്ട്. ഇതിന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനിടെയാണ് ഗോമൂത്രത്തിന്റെ കാര്യം അക്ഷയ് പറയുന്നത്.
ബന്ദിപ്പൂർ നാഷണൽ പാർക്കിൽ വച്ചായിരുന്നു ഇൻടു ദ വൈൽഡ് എപ്പിസോഡിന്റെ ഷൂട്ടിംഗ്. ഷോയിൽ അക്ഷയ് കുമാർ ആനപ്പിണ്ട ചായ കുടിക്കുന്നുണ്ടെന്ന് ബെയർ ഗ്രിൽസ് സംഭാഷണത്തിനിടെ പറയുന്നു. ഇതേപറ്റി ഹുമ ഖുറേഷിയുടെ ചോദ്യത്തിന്റെ മറുപടി ആയിട്ടാണ് ദിവസവും ഗോമൂത്രം കുടിക്കുന്ന തനിക്ക് ആനപ്പിണ്ട ചായ ഒരു പ്രശ്നമേ അല്ലെന്ന് അക്ഷയ് പറഞ്ഞത്. ഗോമൂത്രത്തിന് ഏറെ ഔഷധഗുണങ്ങൾ ഉണ്ടെന്നും അക്ഷയ് ചൂണ്ടിക്കാട്ടി.
ബെൽബോട്ടം എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി സ്കോട്ട്ലൻഡിലാണ് അക്ഷയ് ഇപ്പോൾ. അക്ഷയ്‌യുടെ വെളിപ്പെടുത്തലിന് പിന്നാലെ നിരവധി പേരാണ് ഗോമൂത്രത്തിന്റെ ഔഷധ ഗുണങ്ങളെ പറ്റി ഇന്റർനെറ്റിൽ തിരഞ്ഞത്. ക്യാൻസർ ഉൾപ്പെടെയുള്ള രോഗങ്ങളെ ചെറുക്കാൻ ഗോമൂത്രത്തിനാകുമെന്ന് ചിലർ വാദിക്കുന്നുണ്ടെങ്കിലും ഗോമൂത്രത്തിന്റെ ആരോഗ്യഗുണങ്ങളൊന്നും ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.