അയോദ്ധ്യ: മഹാരാഷ്ട്ര മുഖ്യമന്ത്റി ഉദ്ധവ് താക്കറെയ്ക്ക് ഇനി അയോദ്ധ്യയിൽ സ്വീകരണം ലഭിക്കില്ലെന്ന് വിശ്വഹിന്ദു പരിഷത്തും ചില പുരോഹിതന്മാരും. നടി കങ്കണ റണൗട്ടുമായുള്ള പോരിന്റെ ഭാഗമാണിതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഇനി അയോദ്ധ്യയിൽ വന്നാൽ അദ്ദേഹത്തിന് ഇവിടുത്തെ ഋഷിമാരുടെ പ്രതിഷേധം നേരിടേണ്ടിവരുമെന്ന് ഹനുമാൻ ഗാർഹി ക്ഷേത്രത്തിലെ പുരോഹിതൻ മഹന്ത് രാജു ദാസ് പറഞ്ഞു. പാലി ഹിൽസിലെ കങ്കണയുടെ ഓഫീസ് കെട്ടിടം തകർത്ത ബി.എം.സിയുടെ നടപടിയെ അദ്ദേഹം ചോദ്യംചെയ്തു. നടിക്കെതിരെ ഒരു നിമിഷം പോലും വൈകാതെ നടപടി സ്വീകരിച്ച മഹാരാഷ്ട്ര സർക്കാർ പാൽഘറിൽ സന്യാസിമാരെ ആൾക്കൂട്ടം തല്ലിക്കൊന്ന സംഭവത്തിൽ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഇനി അയോദ്ധ്യയിലേക്ക് വരരുതെന്ന് അയോധ്യ സന്ദ് സമാജ് തലവൻ മഹന്ത് കനയ്യ ദാസും വി.എച്ച്.പി. വക്താവ് ശരദ് ശർമയും പറഞ്ഞു.
'ശിവസേന എന്തിനാണ് കങ്കണയെ ആക്രമിക്കാൻ ശ്രമിക്കുന്നതെന്ന് എല്ലാവർക്കും അറിയാം. അത് രഹസ്യമല്ല. ബാലാ സാഹേബ് താക്കറെ നേതൃത്വം നൽകിയ ശിവസേനയല്ല ഇന്നത്തെ ശിവസേനയെന്നും കനയ്യ ദാസ് കുറ്റപ്പെടുത്തി."