ഫ്ലാഷ് മൂവീസും കൗമുദി ടിവിയും
ചേർന്നൊരുക്കിയ ഒാണാഘോഷത്തിന് ഗോപിസുന്ദറും
സ്വാസികയുമെത്തിയപ്പോൾ
ആഘോഷങ്ങളില്ലെങ്കിലും മലയാളികൾക്ക് ഓണമെന്നാൽ സ്വന്തം ഹൃദയത്തിൽ അടയാളപ്പെടുത്തിയ സ്പന്ദനമാണ്, വികാരമാണ്. ഓണവിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ഹിറ്റ് പാട്ടുകളുടെ രാജകുമാരൻ ഗോപി സുന്ദറും നർത്തകിയും അഭിനേത്രിയുമായ സ്വാസികയും. ഓണത്തിന്റെ മേളത്തിരക്കിലായിരുന്നു രണ്ടുപേരും. കൗമുദി ടി വിയും ഫ്ളാഷ് മൂവീസും ചേർന്നൊരുക്കിയ 'താളം മേളം പൊന്നോണം " ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഗോപിസുന്ദറും സ്വാസികയും. ഓണത്തെക്കുറിച്ച് പറഞ്ഞാലും പറഞ്ഞാലും തീരാത്തവിശേഷങ്ങൾ പങ്കുവയ്ക്കുന്ന തിരക്കിലായിരുന്നവർ.
'ഓണം പത്തു ദിവസത്തിലേക്ക് മാത്രം ഒതുക്കിയതിനോട് ഒട്ടും യോജിക്കാത്ത ഒരാളാണ് ഞാൻ. മഹാബലി വ്യക്തമായി മാർക്സിസം പറഞ്ഞ വ്യക്തിയാണ്. വലിയവനെന്നും ചെറിയവനെന്നുമില്ലാത്ത സന്തോഷമായി, ആഘോഷമായി ജീവിക്കണമെന്നാണ് പാവം മഹാബലി പറഞ്ഞത്. ഇതിപ്പോൾ മാവേലി വരുമ്പോൾ അദ്ദേഹത്തെ പറ്റിക്കാൻ വേണ്ടി മാത്രം എല്ലാവരും നല്ലവരായി വേഷപ്പകർച്ച നടത്തി ഓണം ആഘോഷിക്കും. പുള്ളി പോയിക്കഴിഞ്ഞാൽ പിന്നെയും ഉഡായിപ്പ് പരിപാടികളുമായി നമ്മൾ ഇറങ്ങും. അതിനോട് എനിയ്ക്ക് ഒട്ടും താത്പര്യമില്ല. എന്നും സന്തോഷമായി ആഘോഷമായി ജീവിക്കണമെന്നാണ് എന്റെ ആഗ്രഹം. ഞാൻ ഈ ഫിലോസഫി പിന്തുടരുന്ന വ്യക്തിയാണ് . എന്റെ മുന്നിൽ ചെറിയവനെന്നോ വലിയവനെന്നോ ഉള്ള വ്യത്യാസമില്ല. ഓണം വരുമ്പോൾ മാത്രം നന്മ നിറഞ്ഞവരായി അഭിനയിക്കാതെ, ജീവിതത്തിലെന്നും പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും ഹാപ്പിയായി പോകണം ഈ ലോകം എന്നാണ് എന്റെ ആഗ്രഹം. കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഫോണിലൂടെ മാത്രമായിരുന്നു ഓണാഘോഷം. ഈ വർഷം കൊവിഡും ലോക് ഡൗണും കാരണം ഒന്നുകൂടെ ലോക്കായി. ആർക്കും പരസ്പരം കാണാൻ പോലും പറ്റാത്ത സ്ഥിതിയായി...ഇതെല്ലാം കഴിഞ്ഞു വരുന്ന ഒരു നല്ല കാലമുണ്ട്, പ്രതീക്ഷയുടെ ആ കാലത്തിനുള്ള കാത്തിരിപ്പിലാണ് ഞാൻ."" ഗോപി സുന്ദർ സംസാരത്തിന് തുടക്കമിട്ടു.
ഗോപി ചേട്ടന്റെ ഓണത്തിനെകുറിച്ചുള്ള സങ്കൽപ്പങ്ങൾ അത്ഭുതത്തോടെ കേട്ടിരിക്കുകയാണ് സ്വാസിക. മൂവാറ്റുപുഴയിലെ ഓണത്തെ കുറിച്ചുള്ള വിശേഷങ്ങളായിരുന്നു സ്വാസികയ്ക്ക് പറയാനുണ്ടായിരുന്നത്.
'മുവാറ്റുപുഴ കീഴില്ലത്തായിരുന്നു എന്റെ ആദ്യകാല ഓണമെല്ലാം ആഘോഷിച്ചത്. ഗ്രാമ പ്രദേശമായതിനാൽ ഓണമെല്ലാം വലിയ ഉത്സവം തന്നെയാണ്. ഞങ്ങൾ താമസിച്ചിരുന്ന വീടിന്റെ മുന്നിൽ ഒരു കനാലായിരുന്നു. ആകെ കാടുപിടിച്ചു കിടക്കുന്ന പ്രദേശം. അവിടെ നിറയെ കമ്മൽ പൂക്കൾ(മഞ്ഞ പൂക്കൾ ) വിരിഞ്ഞു നിൽക്കും ഓണക്കാലത്ത്. അത്തം മുതലേ ഞങ്ങൾ കുട്ടികളുടെ സെറ്റ് രാവിലെ തന്നെ ഇറങ്ങും. കമ്മൽ പൂ ,കദളി പൂ ,തുമ്പ പൂ, കൊങ്ങിണി പൂ...നിറയെ പൂക്കളുണ്ടാവും ഓണകാലമായാൽ. ആർക്കാണ് ഏറ്റവും കൂടുതൽ പൂക്കൾ കിട്ടുക എന്ന കാര്യത്തിൽ മത്സരമാണ്. ചെറിയ കുട്ടികൾക്കൊന്നും പൂക്കൾ കിട്ടില്ല. അവർക്ക് ഞങ്ങളെല്ലാം കൂടി പൂ പറിച്ചു കൊടുക്കും. അടുത്ത വീട്ടിലെ പൂക്കളം കോപ്പിയടിക്കാൻ പോകും. എന്നിട്ട് അവരെക്കാൾ നന്നായി ഞങ്ങളിടും. പത്താം ദിവസം ഓണത്തപ്പനെ ഉണ്ടാക്കാനാണ് അടി. തുമ്പ കൊണ്ടാണല്ലോ ഓണത്തപ്പനെ അലങ്കരിക്കുന്നത്. ചില പിള്ളേർ അതിരാവിലെ ഞങ്ങളെയൊന്നും അറിയിക്കാതെ പോയി തുമ്പ പൂ പറിയ്ക്കും. ഞങ്ങൾ പോയി നോക്കിയാൽ ഒറ്റ തുമ്പ ഉണ്ടാവില്ല. പിന്നെ ഒരു ഓട്ടമാണ്. ഓണ സദ്യ ,പൂവട ,കൂട്ടുകുടുംബമായതുകൊണ്ട് തന്നെ ആൾക്കാർക്ക് ഒരു കുറവുണ്ടാവില്ല.ഇപ്പോഴും പൂക്കൾ പറിയ്ക്കാൻ അമ്മയോടൊപ്പം പോവാറുണ്ട് .പഴയപോലെ പൂക്കളില്ല എന്ന് മാത്രം ." സ്വാസികയുടെ വിശേഷങ്ങൾ കേൾക്കുകയായിരുന്നു ഗോപിസുന്ദർ.
ലോക് ഡൗണിനെ കുറിച്ച് ഗോപി സുന്ദർ പറഞ്ഞു തുടങ്ങി 'ലോക് ഡൗൺഎല്ലാവരെയും ബാധിച്ചപോലെ എന്നെയും സാരമായി ബാധിച്ചിട്ടുണ്ട്. ഓൺലൈൻ മ്യൂസിക് ട്യൂഷനും , സംഗീത ക്ലാസുമൊക്കെയാണ് എന്റെ ഇപ്പോഴത്തെ വരുമാനം. എനിക്ക് ഒരു വീടുണ്ട്. ഭക്ഷണത്തിനും ബുദ്ധിമുട്ടില്ല. പക്ഷേ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന ഒരുപാട് പേരുണ്ട് ഇവിടെ. വാടക വീട്ടിൽ താമസിക്കുന്നവർക്കെല്ലാം വാടക കൊടുക്കണം. കലാകാരന്മാരുടെ അവസ്ഥ കഷ്ടമാണ്. കലാകാരന്മാർക്ക് സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു തരത്തിലുള്ള അനുകൂല്യം പോലുമില്ല. ഞാനൊക്കെ കഞ്ഞി കുടിച്ചു പോകുന്ന അവസ്ഥയാണ്."
''എല്ലാ മേഖലയും പ്രതിസന്ധിയിലാണല്ലോ? കഴിഞ്ഞ കുറച്ചു മാസങ്ങൾ പ്രൊഡക്ടീവയാണ് ഞാൻ ഉപയോഗിച്ചത്. ബോറടിച്ചിരിക്കുമ്പോൾ ചില പാട്ടുകൾ കേൾക്കും. അപ്പോഴായിരിക്കും 'ഇത് കൊള്ളാലോ" കൊറിയോഗ്രാഫി ചെയ്യാമെന്ന് തോന്നുന്നത്. എന്നിട്ട് അത് മൊബൈലിൽ തന്നെ ഷൂട്ട് ചെയ്യും. സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കും. ഇതായിരുന്നു പ്രധാന വിനോദം.ഒരു ഡാൻസ് ചാലഞ്ച് നടത്തിയിരുന്നു . അതുപോലെ കുക്കിംഗ് പരീക്ഷണങ്ങൾ ഒരുപാട് ചെയ്തിരുന്നു. അമ്മമ്മയുടെ പഴയ റെസിപ്പികളെല്ലാം പൊടി തട്ടി എടുത്തു ഞാൻ.ഫോട്ടോഷൂട്ട് ചെയ്തിരുന്നു. ഇനി ഒരു യൂട്യൂബ് ചാനൽ തുടങ്ങാനുള്ള പരിപാടിയിലാണ്. വീട്ടിൽ ഒരുപാട് പേരുണ്ടായതുകൊണ്ട് ബോറടി എന്നൊരു കാര്യം ഇല്ലായിരുന്നു."" സ്വാസിക ലോക്ക് ഡൗൺ കാലത്തെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങൾ നിരത്തി. ഇനി ഗോപിച്ചേട്ടൻ വിശേഷങ്ങൾ പറയൂ എന്ന് സ്വാസിക പറഞ്ഞു തീരുമ്പോഴേക്കും ഗോപിസുന്ദർ പാട്ടുകാര്യങ്ങളിലേക്ക് കടന്നു.
''ഞാൻ സംഗീത സംവിധായകൻ ആയില്ലായിരുന്നെങ്കിൽ. ഫോർട്ട്കൊച്ചിയിലൂടെ വായിനോക്കി നടക്കുമായിരുന്നു. എനിക്ക് വേറെ ഒന്നും ചെയ്യാൻ അറിയില്ല. ഞാൻ എന്റെ അച്ഛനോട് സ്കൂളിൽ പഠിക്കുമ്പോൾ പറഞ്ഞിരുന്നു .എന്നെ കൊണ്ട് ഇതിനൊന്നും വയ്യ. ഞാൻ സംഗീതം പഠിച്ചോളാമെന്ന്. ആര് കേൾക്കുന്നു. അങ്ങനെ ഏഴാം ക്ലാസിൽ തോറ്റു.അപ്പോഴും പറഞ്ഞു അവർ മുഖവിലയ്ക്ക് എടുത്തില്ല. പിന്നെ ഒമ്പതാം ക്ലാസ്സിൽ പിന്നെയും തോറ്റു. വേറെ സ്കൂളിലേക്ക് മാറ്റി. പത്താം ക്ലാസ്സിൽ പിന്നെയും തോറ്റു. അത് രണ്ടാമത് എഴുതാൻ പോലും ഞാൻ തയ്യാറായില്ല. അതോടെ എനിക്ക് ആവശ്യമുള്ള കാര്യങ്ങൾ പഠിച്ചാൽ മതിയെന്ന് ഞാൻ തീരുമാനിച്ചു. പിന്നെ അവരും പറഞ്ഞു നീ എന്ത് വേണമെങ്കിലും ചെയ്യെന്ന്. അങ്ങനെയാണ് ഇപ്പോഴുള്ള എന്റെ ജീവിതത്തിലേക്ക് ഞാൻ വഴി തിരിഞ്ഞത്."" പൊട്ടി ചിരിച്ചുകൊണ്ട് ഗോപി സുന്ദർ ആ കാലത്തിലേക്ക് മനസുകൊണ്ട് സഞ്ചരിച്ചു.
''നൃത്തമായിരുന്നു എന്റെ ആത്മാവ്. നൃത്തത്തിനോടുള്ള എന്റെ അഭിനിവേശം തന്നെയായിരുന്നു സിനിമയിൽ എത്തിച്ചത്. ആദ്യമായി ഞാൻ ചെയ്യുന്നത് ഒരു തമിഴ് സിനിമയാണ്. അതിനു ശേഷം രണ്ടു വർഷം തുടർന്നപ്പോൾ ഒരു വലിയ ഗ്യാപ്പ് വന്നു. അപ്പോഴാണ് സീരിയൽ ചെയ്യാമെന്ന തീരുമാനത്തിൽ എത്തുന്നത്. സത്യം പറഞ്ഞാൽ സീരിയലിലൂടെയാണ് എന്നെ പലരും അറിഞ്ഞു തുടങ്ങിയത്. സീരിയൽ കഴിഞ്ഞപ്പോഴായിരുന്നു കട്ടപ്പനയിലെ ഹൃത്വിക് റോഷനിലേക്ക് വിളിക്കുന്നത്. പിന്നെയും ഒരു ഇടവേള വന്നിരുന്നു. 2019 ലാണ് ഇഷ്കും ,ഇട്ടിമാണിയും ,പൊറിഞ്ചു മറിയം ജോസുമെല്ലാം വന്നത്.ഇപ്പോൾ പുതിയ പ്രോജക്ടുകളൊന്നുമില്ല .ഈ പ്രതിസന്ധികളെല്ലാം കഴിയുമ്പോൾ ഓഫറുകൾ വരുമായിരിക്കും.""ശുഭ പ്രതീക്ഷയിൽ സ്വാസിക പറഞ്ഞവസാനിപ്പിച്ചു.