പി.പി. ബിന്ദു
ഒാണം എത്തുമ്പോൾ അച് ഛൻ ഒാർമകൾ സരയുവിന്റെ മനസിൽ ഒാടി എത്തും. ഇതേപോലെ ഒരു ഒാണക്കാലത്താണ് അച്ഛൻ യാത്രയായത്. പിന്നീട് വന്ന ഒാണാഘോഷത്തിന് പൊലിമ കുറഞ്ഞതായി സരയുവിന് തോന്നി. വീണ്ടും ഒരു ഒാണക്കാലം.
ഇത്തവണ ഓണം എന്താകുമെന്നുപോലുമറിയില്ല. ഒരു പുതിയ പ്രോജക്ട് വന്നിട്ടുണ്ട്. അത് ഓണത്തിന് മുൻപേ തുടങ്ങുകയാണെങ്കിൽ സെറ്റിലായിരിക്കും ഓണം. അല്ലെങ്കിൽ കൊച്ചിയിലെ ഫ്ളാറ്റിൽ അമ്മ വരും.ഞാൻ വെജിറ്റേറിയനാണ്. അപ്പോൾ പിന്നെ സദ്യയുടെ കാര്യംപറയാനില്ല. കാളനും , എരിശേരിയും , പാലട പായസവും ഏറ്റവും പ്രിയപ്പെട്ടതാണ്. ഇത്തവണ സനലിന് അടിപൊളി സദ്യയൊരുക്കി കൊടുക്കണമെന്നുണ്ട്. സരയു പറഞ്ഞു തുടങ്ങി.
ഞങ്ങളുടേത് പ്രണയ വിവാഹമാണ്. സനൽ ശാന്ത പ്രകൃതമാണ് .സനലിനെ അപേക്ഷിച്ച് നോക്കുമ്പോൾ ഞാൻ ദേഷ്യക്കാരിയാണ്. സത്യം പറഞ്ഞാൽ ഞങ്ങൾ രണ്ടുപേരും ഉൾവലിഞ്ഞ വ്യക്തിത്വങ്ങളാണ് . സനൽ ഒഴിവു സമയങ്ങളിലെല്ലാം സിനിമ കാണും. ഞങ്ങൾക്കിടയിലെ പൊതുവായ ഒരു കാര്യം സിനിമ മാത്രമാണ്. പക്ഷേ ഞങ്ങൾക്കിടയിൽ സിനിമ ചർച്ചകളൊന്നും അധികം നടക്കാറില്ല . സനൽ ജീവിതത്തിലേക്ക് വന്നപ്പോൾ കൂടുതൽ മാറ്റങ്ങൾ സംഭവിച്ചു.പുതിയ തീരുമാനങ്ങളിൽ സനൽ സഹായിക്കാറുണ്ട്. എന്റെ ഏറ്റവും അടുത്ത സുഹൃത്തും വഴികാട്ടിയുമെല്ലാം സനലാണ്.
സിനിമ രംഗത്തുള്ള രണ്ടുപേർ വിവാഹം ചെയ്താൽ ഭാവിയിൽ വല്ല പ്രശ്നവും നേരിടേണ്ടി വരുമോ. അങ്ങനെ ഒരുപാട് ചോദ്യങ്ങൾ ഉണ്ടായിരുന്നു വിവാഹത്തിന് മുൻപ്. സനൽ ജോലി ചെയ്ത ഒരു സിനിമയുടെ നൂറാം ദിനാഘോഷത്തിലാണ് ഞങ്ങൾ ആദ്യം കാണുന്നത് . പിന്നിട് സനൽ ചെയ്ത ഒരു ഷോർട്ട് ഫിലിമിന്റെ ബൈറ്റിന് വേണ്ടി ഞങ്ങൾ വീണ്ടും കണ്ടുമുട്ടി . കൗമുദി ചാനലിന്റെ ഷൂട്ട് കൊച്ചിയിൽ നടക്കുന്ന സമയത്തായിരുന്നു അത്. ഞങ്ങൾ നല്ല സുഹൃത്തുക്കളായി. പിന്നെയാണ് ഞങ്ങൾ ഇഷ്ടത്തിലാവുന്നത്. എന്നാൽ വിവാഹം എന്നത് കൺഫ്യൂഷനുള്ള കാര്യമായിരുന്നു. വിവാഹശേഷം ഞങ്ങളുടെ സൗഹൃദം നഷ്ടമാകുമോ എന്നൊരു ആശങ്ക എന്റെയുള്ളിൽ ഉണ്ടായിരുന്നു. ഇപ്പോൾ അതെല്ലാം ആലോചിക്കുമ്പോൾ ചിരി വരും. വിവാഹശേഷമാണ് എന്റെ ജീവിതത്തിലെ മനോഹരമായ സമയം വന്നത്. മുൻപൊക്കെ എന്തെങ്കിലും വിഷമം ഉണ്ടെങ്കിൽ അമ്മയോട് പറയാറില്ല. ഇപ്പോൾ ഫ്രീയായി ഷെയർ ചെയ്യാൻ സാധിക്കുന്നു. ലൈഫ് കുറച്ചുകൂടി ഈസിയായി.
സനലിന്റെ സിനിമയ്ക്കായി കാത്തിരിക്കുന്നു സനലിനെ ഞാൻ പരിചയപ്പെടുമ്പോൾ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു പിന്നെ അസോസിയേറ്റ് ഡയറക്ടറായി. സംവിധാനം ചെയ്യാൻ പോകുന്ന ആദ്യ സിനിമയുടെ തയ്യാറെടുപ്പിലാണ് സനൽ. ഈ വർഷം ഇങ്ങനെ പോയി. അടുത്ത വർഷം സനലിന്റെ സിനിമ സ്വപ്നം നടക്കുമെന്ന് പ്രതീക്ഷിക്കാം. എനിക്ക് എഴുത്തിനോട് വലിയ താത്പര്യമാണ് . എന്റെ തിരക്കഥയിൽ സനലിന്റെ ഒരു സിനിമ അതും ചിലപ്പോൾ നടന്നേക്കാം.
ലോക് ഡൗൺ പൊതുവെ എല്ലാവർക്കും മുഷിപ്പാണ് . എന്നാൽ ഇവിടം ഹാപ്പിയാണ്. ഞാനും സനലും വിവാഹം ചെയ്തിട്ട് നാലു വർഷമാകുന്നു. ഞങ്ങൾ ഒരുമിച്ചുണ്ടാകുന്ന ദിവസങ്ങളെല്ലാം കുറവാണ്. സനൽ ഫ്രീ ആകുമ്പോൾ ഞാൻ സ്റ്റേജ് ഷോയുമായി പുറത്തായിരിക്കും .ഇനിയിപ്പോൾ ഞാൻ ഫ്രീ ആണെങ്കിൽ സനൽ വല്ല ലൊക്കേഷനിലായിരിക്കും. തിരക്കു പിടിച്ച ജീവിതത്തിനിടയിൽ ഞങ്ങൾ ഒരുമിച്ചത് ലോക് ഡൗൺ ദിവസങ്ങളിലാണ്. കടവന്ത്രയിലെ ഫ്ളാറ്റ് ഞങ്ങളുടെ മാത്രം ലോകമാണ് .അമ്മ ചോറ്റാനിക്കരയിലെ വീട്ടിലാണ്. ഇടയ്ക് ഞങ്ങളുടെ കൂടെ ഫ്ളാറ്റിൽ വന്നു നിൽക്കും. എഴുത്തും പാചകവും നൃത്തവുമായി ഈ ലോക് ഡൗൺ ദിവസങ്ങൾ അങ്ങ് പോകുന്നു.
മോഡേൺ വസ്ത്രങ്ങളിൽ എന്നെ കാണാൻ മലയാളികൾക്ക് അത്ര ഇഷ്ടമല്ലെന്ന് തോന്നിയിട്ടുണ്ട്. പുറത്തു പോവുമ്പോൾ അമ്മമാരും മുത്തശ്ശിമാരും അടുത്തുവന്ന് വിശേഷ ങ്ങൾ ചോദിക്കാറുണ്ട്. സീരിയലിലൂടെയാണ് എനിക്ക് കുറച്ചുകൂടി സ്വീകാര്യത ലഭിച്ചിട്ടുണ്ട്. സ്വന്തം വീട്ടിലെ കുട്ടിയെപ്പോലെ തോന്നാറുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്. ഇപ്പോഴത്തെ ഒരു ട്രെൻഡാണ് അറിയപ്പെടുന്ന ഏതേലും വ്യക്തികളുടെ പോസ്റ്റിനു താഴെ നെഗറ്റീവ് കമന്റുകൾ ഇടുക എന്നതാണ് . ഇതിടുന്ന വിരുതന്മാർക്ക് അറിയാം വാർത്തയാകുമെന്ന്. അതിലൊക്കെ സന്തോഷം കണ്ടെത്തുന്ന ചിലർ. നല്ല രീതിയിൽ മെസേജ് അയക്കുന്നവർക്കും കമന്റു ചെയ്യുന്നവർക്കും ഞാൻ നല്ല രീതിയിൽ തന്നെ റിപ്ലൈ കൊടുക്കാറുണ്ട്. എന്നാൽ നെഗറ്റീവ് കമന്റുകളെ ഞാൻ പ്രോത്സാഹിപ്പിക്കാറില്ല. നല്ല മറുപടിയും കൊടുക്കും.ട്രോളുകളെല്ലാം ആസ്വദിക്കുന്ന വ്യക്തിയാണ് ഞാൻ. വർഷങ്ങൾക്ക് മുൻപ് ഞാൻ നൽകിയ ഒരു അഭിമുഖത്തിന്റെ ഒരു ചെറിയ ഭാഗം ഇപ്പോൾ ട്രോളന്മാർ ആഘോഷിക്കുന്നുണ്ട് . അന്നത്തെ എന്റെ ചിന്താഗതിയിൽ നിന്നെല്ലാം എനിക്ക് ഒരുപാട് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ചില ട്രോളുകൾ വേദനിപ്പിച്ചിരുന്നു.
ഒട്ടും പ്ലാൻ ചെയ്യാതെ എന്റെ ജീവിതത്തിലേക്ക് എത്തിയ വിരുന്നുകാരിയാണ് സിനിമ. സിനിമയാണ് എനിക്ക് എല്ലാ സൗഭാഗ്യങ്ങളും നൽകിയത്. അഭിനയിച്ച ഒരു സിനിമയും ഞാൻ തേടിപോയതല്ല മറിച്ച് എന്നെ തേടി വന്നതാണ്. ഒരു പടം ചെയ്യുന്നു,അത് കഴിഞ്ഞയുടനെ അടുത്ത പ്രൊജക്ടിൽ നിന്ന് വിളിക്കുന്നു കൂടുതൽ പ്രതിഫലം കിട്ടുന്നു. ഇതല്ലാതെ ഒന്നും ഞാൻ നോക്കിയിരുന്നില്ല. അതെല്ലാം നല്ലതായി മാത്രമേ വന്നിട്ടുള്ളു. ഓരോ സിനിമയും എനിക്ക് ഓരോ പാഠമായിരുന്നു.
പാലട
പ്രഥമൻ
ചേരുവകൾ
അട ..................കാൽ കിലോ
പാൽ .....................ഒരു ലിറ്റർ
പഞ്ചസാര ..... അര കിലോ
നെയ്യ് , ഏലക്ക പൊടി ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അട പതിനഞ്ചു മിനിട്ട് ചുടുവെള്ളത്തിൽ കുതിർത്ത് വെള്ളത്തിൽ കഴുകി എടുക്കണം. പാൽ തിളപ്പിച്ച് വറ്റിച്ച് അട ചേർത്ത് വേവിച്ചതിനുശേഷം. പഞ്ചസാര ചേർത്ത് പിന്നെയും വേവിയ്ക്കുക. നല്ലപോലെ കുറുകി വരുമ്പോൾ ഏലക്ക പൊടി ചേർക്കുക.
മത്തങ്ങ
എരിശേരി
ചേരുവകൾ
മത്തങ്ങ ചെറിയ കഷ്ണങ്ങൾ
ആക്കിയത് ................... അര കിലോ
വൻ പയർ.......................... 100 ഗ്രാം
മുളക് പൊടി....... ചെറിയ അര സ്പൂൺ
മഞ്ഞൾ പൊടി ..ചെറിയ അര സ്പൂൺ
ഉപ്പ് ...............................പാകത്തിന്
അരപ്പിന് ..........................വേണ്ടത്
അരമുറി തേങ്ങ തിരുമ്മിയത്
കുഞ്ഞുള്ളി .........................5 എണ്ണം
ജീരകം......................കാൽ ടീസ്പൂൺ
താളിക്കാൻ വേണ്ടത്
വെളിച്ചെണ്ണ ......ഒരു ടേബിൾ സ്പൂൺ
കടു..........................കാൽ ടീസ്പൂൺ
വറ്റൽ മുളക് .......4 രണ്ടായി മുറിച്ചത്
വേപ്പില..................ആവശ്യത്തിന്
ചിരകിയെടുത്ത
തേങ്ങ ...................................2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ മത്തങ്ങ മുളകു പൊടിയും മഞ്ഞൾപ്പൊടിയും ആവശ്യത്തിനു ഉപ്പും ചേർത്ത് വേവിക്കുക . വൻപയർ പ്രഷർ കുക്കറിൽ വേവിച്ചെടുക്കുക .മത്തങ്ങ കഷണങ്ങൾ നല്ലതുപോലെ വേവിച്ചതിന് ശേഷം ഒരു തവി കൊണ്ട് ഉടച്ചെടുക്കുക.വൻപയർ വേവിച്ചെടുത്തത് ഈ കഷണങ്ങളുമായി യോജിപ്പിക്കുക .തേങ്ങ ഉള്ളി ,ജീരകം ഇവ ചേർത്ത് തരു തരിപ്പായി അരയ്ക്കുക . അരപ്പ് മത്തങ്ങ, വൻപയർ മിശ്രിതവുമായി ചേർത്തിളക്കി ഒന്ന് ചൂടായി (തിളക്കരുത് ) വരുമ്പോഴേക്കും തീ അണച്ച് ഉപ്പു ക്രമീകരിക്കുക . എണ്ണ ചൂടാക്കി കടുകിട്ട് പൊട്ടുമ്പോൾ വറ്റൽ മുളകും വേപ്പിലയും ഇട്ട് മൂപ്പിക്കുക .തിരുമ്മിയ തേങ്ങ ചേർത്ത് ഇളം ചുവപ്പ് നിറം വരുമ്പോൾ കറിയിൽ ചേർക്കുക .