ശരീരത്തിന്റെ കുറവുകളെ കുറിച്ചോർത്ത് വിഷമിക്കുന്നവരാണ് നമ്മളിൽ പലരും. തടി കൂടുതലാണ്, നിറം കുറവാണ്, വല്ലാതെ മെലിഞ്ഞിട്ടാണ് എന്നും മറ്റും മിക്കപ്പോഴും നാം പരാതി പറയാറുണ്ട്. സ്ത്രീകളാണ് ഇക്കാര്യത്തിൽ കൂടുതൽ വിഷമം അനുഭവിക്കുന്നത്. സമൂഹം സ്ത്രീകൾക്ക് മാത്രമായി കൽപ്പിച്ചുകൊടുത്തിട്ടുള്ള ചില ശരീര സൗന്ദര്യ സങ്കൽപ്പങ്ങളുണ്ട്.
കണ്ണുകൾ എഴുതാതെയോ, ആഭരണങ്ങൾ അണിയാതെയോ പുറത്തിറങ്ങുന്ന സ്ത്രീകളെ ചിലപ്പോഴൊക്കെ നാം കുറ്റപ്പെടുത്താറുമുണ്ട്. എന്നാൽ ഈ വക കാഴ്ചപ്പാടുകൾ പുരുഷന്മാരുടെ കാര്യത്തിൽ പലപ്പോഴും ഉണ്ടാകാറില്ല എന്നതും ഒരു വസ്തുതയാണ്.
പ്രസവശേഷം മിക്ക സ്ത്രീകളുടെയും ശരീരങ്ങളിൽ പലതരം മാറ്റങ്ങൾ സംഭവിക്കാറുണ്ട്. വയർ ചാടുക, സ്ട്രെച്ച് മാർക്കുകൾ പ്രത്യക്ഷ്യപ്പെടുക, ശരീരഭാരം വർദ്ധിക്കുക എന്നിവ അമ്മയാകുന്നതിന്റെ ഭാഗമായി അവർ അനുഭവിക്കേണ്ടി വരികയും ചെയ്യാറുണ്ട്. എന്നാൽ തന്റെ മാതൃത്വത്തിന്റെ ഭാഗമായി സംഭവിക്കുന്ന ഈ മാറ്റങ്ങളുടെ പേരിൽ, ചിലപ്പോൾ സ്വന്തം ഭർത്താക്കന്മാരിൽ നിന്നുപോലും, അവർ പഴികൾ കേൾക്കേണ്ടി വരുന്നത് കടുത്ത അനീതി തന്നെയാണ്.
എന്നാൽ ഇത്തരത്തിൽ തങ്ങൾക്ക് സംഭവിക്കുന്ന ശാരീരിക മാറ്റങ്ങളെ അംഗീകരിക്കാനും അവയെ സ്നേഹിക്കാനും അതുവഴി സ്വന്തം ശരീരത്തെ കുറിച്ച് പോസിറ്റീവായൊരു കാഴ്ചപ്പാട് സൃഷ്ടിച്ചെടുക്കാനും സ്ത്രീകളോട് ആവശ്യപ്പെടുകയാണ് യോഗിനിയും ഇൻസ്റ്റാഗ്രാം സെലിബ്രിറ്റിയുമായ നടാഷ നോയൽ.
സോഷ്യൽ മീഡിയയയിലൂടെയും പൊതു വേദികളിലൂടെയും ഇത് സംബന്ധിച്ച സന്ദേശങ്ങൾ സ്ത്രീകൾക്കായി നടാഷ പ്രചരിപ്പിക്കുകയാണ്. 'സ്വന്തം ശരീരത്തെ സ്നേഹിക്കുക' എന്നതാണ് നടാഷ എല്ലാവരോടുമായി പറയുന്നത്. തടി കുറയ്ക്കുന്നത് ഒരു ട്രെൻഡായ ഇക്കാലത്ത് 'ഇതൊരു ട്രാൻസ്ഫോർമേഷനല്ല' എന്ന അടിക്കുറിപ്പോടു കൂടിയാണ് നടാഷ തന്റെ ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്യുന്നത്.