അലിഗഢ് : മാസ്ക് ഒക്കെ ധരിച്ച് രണ്ട് പേർ ഒരു ചെറിയ ജുവലറിയ്ക്കുള്ളിലേക്ക് പ്രവേശിച്ചു. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് സ്റ്റാഫ് നൽകിയ സാനിറ്റൈസർ ഒക്കെ കൈയിൽ പുരട്ടി. എന്നാൽ സെക്കന്റുകൾക്കുള്ളിൽ സീൻ മാറി. രണ്ടു പേരും കൈവശം കരുതിയിരുന്ന തോക്ക് പുറത്തെടുക്കുകയും തോക്ക് ചൂണ്ടി കടയിലെ ആഭരണങ്ങൾ മോഷ്ടിച്ച് കടക്കുകയും ചെയ്തു. ഇതിനിടെ കൊള്ളസംഘത്തിലെ മൂന്നാമനും കടയ്ക്കുള്ളിലേക്ക് പ്രവേശിച്ചിരുന്നു. മോഷണ ദൃശ്യങ്ങൾ ജുവലറിയിലെ സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിരുന്നു.
In Aligarh , then men rob a jewellery shop following full ‘covid protocol’ - walk in wearing masks , get hands sanitised and then whip out a gun and rob the establishment ! @aligarhpolice have promised swift action ... pic.twitter.com/hTOREmEg2W
— Alok Pandey (@alok_pandey) September 11, 2020
ഉത്തർപ്രദേശിലെ അലിഗഢിൽ ഇന്ന് ഉച്ചയ്ക്ക് 2 മണിയ്ക്കാണ് ഈ സംഭവം നടക്കുന്നത്. കയറി വന്ന് സാനിറ്റൈസർ ഒക്കെ ചോദിച്ചപ്പോൾ ജുവലറിയിലുള്ളവർ ഒരിക്കലും കരുതിയിരുന്നില്ല ഇവർ മോഷ്ടാക്കൾ ആണെന്ന്. ഏകദേശം 40 ലക്ഷം രൂപയുടെ ആഭരണങ്ങൾ ആണ് ഇവർ കവർന്നത്. സംഭവ സമയം കടയിൽ സ്വർണം വാങ്ങാനെത്തിയ മൂന്ന് പേരുണ്ടായിരുന്നു. കൗണ്ടറിലുണ്ടായിരുന്ന പണവും മോഷ്ടാക്കൾ തട്ടിയെടുത്തിട്ടുണ്ട്. ഒരു മിനിറ്റിനുള്ളിൽ തന്നെ കുറ്റകൃത്യം പൂർത്തിയാക്കിയ മോഷ്ടാക്കൾ 40,000ത്തോളം രൂപയാണ് കൗണ്ടറിൽ നിന്നും അപഹരിച്ചത്. സംഭവത്തിൽ സ്പെഷ്യൽ ടീമിനെ രൂപീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവിയിൽ മോഷ്ടാക്കളുടെ രൂപം വ്യക്തമായി പതിഞ്ഞിട്ടുള്ളതിനാൽ ഉടൻ തന്നെ അന്വേഷണം പൂർത്തിയാകുമെന്ന് അലിഗഢ് എസ്.എസ്.പി മുനിരാജ്. ജി പറഞ്ഞു.