kt-jaleel

ന്യൂഡൽഹി: എന്‍ഫോഴ്‍സ്‍മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്‍ത സംഭവത്തിൽ മന്ത്രി കെ ടി ജലീലിന് പിന്തുണയുമായി സി.പി.എം കേന്ദ്ര നേതൃത്വം. ജലീലില്‍ നിന്ന് അന്വേഷണ ഏജന്‍സി ചില വിവരങ്ങള്‍ തേടുക മാത്രമാണ് ചെയ്‍തത്. ജലീൽ രാജിവയ്ക്കേണ്ടതില്ലെന്നും പോളിറ്റ് ബ്യൂറോ വിഷയം ചർച്ച ചെയ്യേണ്ട സാഹചര്യമില്ലെന്നും പാർട്ടി കേന്ദ്ര നേതൃത്വം അറിയിച്ചു.

ഇ.ഡി ഒരു മന്ത്രിയെ ചോദ്യം ചെയ്ത സംഭവം കേരള ചരിത്രത്തിൽ ആദ്യമാണെന്നും ധാർമ്മികതയുണ്ടെങ്കിൽ ജലീൽ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പിയും പ്രതിഷേധ പരിപാടികൾക്ക് ഒരുങ്ങുകയാണ്. രാത്ര‌ിയോടെ സെക്രട്ടേറിയറ്റിന് മുന്നിൽ ബി.ജെ.പി സംസ്ഥാന ആദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ സമരപരിപാടികൾ ഉദ്ഘാടനം ചെയ്യും.

ഇന്ന് രാവിലെയോടെയാണ് കൊച്ചിയിലെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഓഫീസിലേക്ക് വിളിച്ചുവരുത്തിയ ശേഷം അന്വേഷണ സംഘം ജലീലിനെ ചോദ്യം ചെയ്തത്. എന്നാൽ ഇതുവരെ എൻഫോഴ്സ്മെന്‍റ് തന്നെ ചോദ്യം ചെയ്തിട്ടില്ലെന്നും ഒരു നോട്ടീസ് പോലും ലഭിച്ചിട്ടില്ലെന്നുമാണ് കെ.ടി ജലീൽ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നത്. തുടർന്ന് ഡൽഹിയിലെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് മേധാവിയാണ് ഇക്കാര്യം പുറത്തുവിട്ടത്. എൻഫോഴ്സ്മെന്‍റിന് പിന്നാലെ എൻ.ഐ.എയും കെ.ടി ജലീലിൽ നിന്നും മൊഴിയെടുക്കുമെന്നാണ് സൂചന.